തിരുവനന്തപുരം: അഭയ കേസിൽ കൊലക്കുറ്റം തെളിഞ്ഞെന്ന് സി.ബി.ഐ പ്രത്യേക കോടതി വിധിക്കുേമ്പാൾ പ്രതികളായ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ഭിന്ന ഭാവങ്ങൾ. സിസ്റ്റർ സെഫി കോടതി മുറിയിൽ പൊട്ടിക്കരഞ്ഞപ്പോൾ ഫാ. തോമസ് കോട്ടൂർ ഭാവവ്യത്യാസമില്ലാതെ നിന്നു. ഇവർക്കൊപ്പമെത്തിയ കന്യാസ്ത്രീകളും വിതുമ്പലോടെയാണ് കോടതി വിധി കേട്ടത്.
ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിനെതിരെ കൊലപാതകവും അതിക്രമിച്ച് കടക്കലുമാണ് തെളിഞ്ഞത്. മൂന്നാം പ്രതി സിസ്റ്റർ സെഫിക്കെതിരെ കൊലക്കുറ്റവും തെളിവ് നശിപ്പിക്കലും തെളിഞ്ഞു. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും ദൈവമാണ് തന്‍റെ കോടതിയെന്നുമായിരുനു ഫാ. തോമസ് കോട്ടൂരിന്‍റെ പ്രതികരണം. ദൈവത്തിന്‍റെ പദ്ധതിയനുസരിച്ച് മുന്നോട്ടുപോകും. മേൽക്കോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിസ്റ്റർ സെഫിയുടെ പ്രതികരണം ലഭ്യമായിട്ടില്ല.
അതേസമയം, വിധിയെ കുറിച്ച് പ്രതികരികരിക്കാൻ ക്നാനായ കത്തോലിക്ക സഭാ നേതൃത്വവും തയാറായില്ല. കോട്ടയത്തെ സഭാ ആസ്ഥാനത്തിന് പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. വൈദ്യപരിശോധനക്ക് ശേഷം ഫാ. തോമസ് കോട്ടൂരിനെ പൂജപ്പുര ജയിലിലേക്കും സിസ്റ്റർ സെഫിയെ അട്ടക്കുളങ്ങര ജയിലിലേക്കും മാറ്റും.
സിസ്റ്റർ സെഫി ഹൈമനോപ്ലാസ്റ്റിക് സർജറി നടത്തി കന്യകയാണെന്ന് സ്ഥാപിച്ചത് തെളിവ് നശിപ്പിക്കാനാണെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. സിസ്റ്റർ സെഫിയെ സി.ബി.ഐ അറസ്റ്റ് ചെയ്‌ത ശേഷം 2008 നവംബർ 25ന് വൈദ്യപരിശോധനക്ക് വിധേയയാക്കിയിരുന്നു. പരിശോധനയിൽ അവർ കന്യകയാണെന്ന് സ്ഥാപിക്കാൻ വേണ്ടി കന്യകാചർമ്മം കൃതിമമായി വച്ചു പിടിപ്പിക്കുവാനായി ഹൈമനോപ്ലാസ്റ്റിക് സർജറി നടത്തി. ഇത് വൈദ്യപരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞുവെന്നും അന്തിമ വാദത്തിൽ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാം പ്രതിയായ ഫാ. ജോസ് പൂതൃക്കയിലിനെ തെളിവിന്‍റെ അഭാവത്തിൽ പ്രത്യേക സി.ബിഐ കോടതി പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.