സംസ്ഥാന പാതകൾ മെച്ചപ്പെടുത്തൽ: കരാറുകാരന് 21.84 കോടി അധികം നൽകിയെന്ന് റിപ്പോർട്ട്

കോഴിക്കോട്: സംസ്ഥാന പാതകൾ മെച്ചപ്പെടുത്തുന്നതിനായി ലോക ബാങ്കിൻറെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കിയ സംസ്ഥാന ട്രാൻസ്പോർട്ട് പ്രോജക്ടിൽ (കെ.എസ്.ടി.പി) കരാറുകാരന് 21.84 കോടി രൂപ അധികമായി നൽകിയെന്ന് സി.എ.ജി റിപ്പോർട്ട്. കണ്ണൂർ കെ.എസ്.ടി.പി എക്സ‌ിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലെ ഫയലുകളുടെ സൂക്ഷ്‌മപരിശോധനയിലാണ് 21.84 കോടി രൂപ കരാറുകാരന് അനർഹ ആനുകൂല്യമായി നൽകിയെന്ന് കണ്ടെത്തിയത്.

ബിൽ ഓഫ് ക്വാണ്ടിറ്റീസിൽ മാറ്റം വരുത്തിയതും ലിക്വിഡേറ്റഡ് നാശനഷ്ടങ്ങൾ ഈടാക്കാത്തതുമാണ് കരാറുകാരന് അനർഹമായ ആനുകൂല്യം ലഭിക്കുന്നതിന് കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു. കെ.എസ്.ടി.പി-യുടെ രണ്ടാം ഘട്ടത്തിൽ തലശ്ശേരി-വളവുപാറ റോഡിൻറെ നിലവാരമുയർത്താൻ 54 കിലോമീറ്റർ നവീകരണ പ്രവർത്തനങ്ങളാണ് നടത്തിയത്. എസ്.എ.സി.വൈ.ആർ-ഇ.എസ്.എസ്.എ.ആർ-ന് 2013 മെയിൽ നൽകിയ പ്രവർത്തി പിന്നീട് കരാറുകാരൻറെ 2015 ഏപ്രിലിലിൽ അവസാനിപ്പിച്ചു. ബാക്കി തലശേരി മുതൽ കളറോഡ് വരെയുള്ള റോഡിന്റെ 29 കി.മീ. നവീകരണവും കളറോട് മുതൽ വളവുപാറ വരുയുള്ള 25 കി.മീ. എന്നിങ്ങനെ രണ്ട് പ്രവർത്തികളായി വിഭജിച്ചു. ഇതിൽ ആദ്യത്തേത് ടെൻഡർ ചെയ്ത് 2015 ജൂലൈയിൽ അഹമ്മദാബാദിലെ ദിനേശ് ചന്ദ്ര ആർ അഗർവാൾ ഇൻഫ്രാക്കോൺ എന്ന സ്ഥാപനത്തിന് (കരാറുകാരന്) 156.33 കോടി രൂപക്ക് 2016 ജനുവരിയിൽ നൽകി.

കരാർ നടപ്പിലാക്കിയതിന് ശേഷം ബിൽ ഓഫ് ക്വാണ്ടിറ്റീസിൽ മാറ്റം വരുത്തിയത് സർക്കാരിന് 6.97 കോടി രൂപയുടെ അധികച്ചെലവിന് ഇടയാക്കിയെന്ന് പരിശോധനയിൽ കണ്ടെത്തി. അതുപോലെ നിർമാണ പൂർത്തീകരണ സമയം നീട്ടി നൽകിയതിന് 14.87 കോടി രൂപയുടെ ലിക്വിഡേറ്റഡ് നാശനഷ്ടങ്ങൾ ചുമത്തിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

കരാർ പ്രകാരം നിർമാണം പൂർത്തിയാക്കാനുള്ള സമയം പാലിക്കുന്നതിൽ കരാറുകാരൻ പരാജയപ്പെട്ടാൽ, ആ വീഴ്ചക്ക് കരാറുകാരൻ തൊഴിലുടമക്ക് കാലതാമസ നഷ്ടപരിഹാരം നൽകണമെന്നാണ്. കരാർ ഡാറ്റ പ്രകാരം, മൈൽസ്റ്റോൺ ഒന്ന് കാലതാമസ നാശനഷ്ടങ്ങൾ പ്രതിദിനം മൂന്ന് ലക്ഷം രൂപയും മൈൽസ്റ്റോൺ രണ്ട് പ്രതിദിനം അഞ്ച് ലക്ഷം രൂപയും ആണ്.

ആവശ്യത്തിന് ആളുകളും യന്ത്രങ്ങളും ഇല്ലാത്തതാണ് നിർമാണം പൂർത്തിയാക്കാനുള്ള കാലതാമസത്തിന് കാരണമായത്. കാലതാമസ നാശനഷ്ടങ്ങൾ ചുമത്താതെ നാലു വട്ടം പ്രോജക്ട് ഡയറക്ടർ സമയം നീട്ടി കൊടുത്തു. നിർമാണ പ്രവർത്തിയുടെ മന്ദഗതിയിലുള്ള പുരോഗതി പി.എം.ടി/സി.എസ്.സി പല തവണ ചൂണ്ടിക്കാണിച്ചിരുന്നു.

കാലതാമസം വരുത്തിയതിന് നഷ്ടപരിഹാരം ചുമത്താതിരുന്നത് കരാറുകാരന് 15.63 കോടി രൂപയുടെ അനർഹമായ നേട്ടമുണ്ടാക്കി. സമയം നീട്ടാനുള്ള ശുപാർശ നൽകിയത് കരാറുകാരൻറെ തെറ്റ് മൂലമല്ലെന്നണ് കെ.എസ്.ടി.പി നൽകിയ മറുപടി. എന്നാൽ, ലിക്വിഡേറ്റഡ് നാശനഷ്ടമായി 76.11 ലക്ഷം രൂപ കുറച്ചതായി കെ.എസ്.ടി.പി സ്‌ഥിരീകരിച്ചു. കരാറുകാരന്റെ പിഴവുകൊണ്ടല്ല കാലാവധി നീട്ടി നൽകിയതെന്നും എന്നാൽ നഷ്ടപരിഹാരം ഭാഗികമായി കുറച്ചിട്ടുണ്ടെന്നുമുള്ള മറുപടി പരസ്‌പര വിരുദ്ധമാണ്. നിർമാണം പുനരാരംഭിക്കണമെന്ന് കൺസ്ട്രക്ഷൻ സൂപ്പർ വിഷൻ കൺസൾട്ടന്റും കെ.എസ്.ടി.പി-യും കരാറുകാരനോട് നിരവധി തവണ ആവശ്യപ്പെട്ടതായി പരിശോധനയിൽ കണ്ടെത്തി.

ടെൻഡർ അന്തിമമാക്കിയ ശേഷം വ്യതിയാന ഉത്തരവ് ഇറക്കുകയും പണി പൂർത്തീകരിക്കാൻ അധിക സമയം നൽകുകയും ചെയ്ത‌ത് വഴി കെ.എസ്.ടി.പി കരാറുകാരന് അനർഹമായ ആനുകൂല്യം നൽകി, ഇത് സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കിയെന്നാണ് പരിശോധനയിലെ പ്രധാന കണ്ടെത്തൽ.

വിഷയം 2022 സെപ്തംബറിൽ സർക്കാരിനെ അറിയിച്ചിരുന്നു. മറുപടിക്കുള്ള ഓർമ്മക്കുറിപ്പ് 2023 ഫെബ്രുവരിയിലും പ്രിൻസിപ്പൽ അക്കൗണ്ടൻറ് ജനറലിൽ നിന്നുള്ള അർദ്ധ ഔദ്യോഗിക ഓർമക്കുറിപ്പ് 2023 മാർച്ചിലും നൽകി. സീനിയർ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ 2023 മാർച്ച് അവസാനത്തോടെ മറുപടിക്കായി പി.ഡബ്ല്യു.ഡി സെക്രട്ടറിയെ സന്ദർശിച്ചു. നിരവധി തവണ ടെലിഫോണിലൂടെയും വകുപ്പുമായി ബന്ധപ്പെട്ടു. എല്ലാ ശ്രമങ്ങളും നടത്തിയിട്ടും സർക്കാർ മറുപടി നൽകിയില്ലെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.

സർക്കാരിൻറെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി ടെൻഡർ അന്തിമമാക്കുന്നതിന് മുൻപ് കരാറുകാർ ഉദ്ധരിച്ച ഇനം തിരിച്ചുള്ള നിരക്കുകൾ എസ്റ്റിമേറ്റ്ഡ് പി.എ.സി-യുമായി ഒത്തുനോക്കി പരിശോധിക്കാൻ കെ.എസ്.ടി.പി-ക്ക് സർക്കാർ നിർദേശം നൽകണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ.

Tags:    
News Summary - Improvement of state highways: 21.84 crore overpaid to contractor, reports say

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.