കൈവിടില്ല; ആലപ്പുഴയിൽ കടിഞ്ഞാൺ സജി ചെറിയാനു തന്നെ

ആലപ്പുഴ: ഭരണഘടന വിവാദം കൈയിൽ നിൽക്കാതെ വന്നപ്പോൾ മന്ത്രിസ്ഥാനത്തുനിന്ന് മാറിനിൽക്കാൻ നിർദേശിച്ചെങ്കിലും സജി ചെറിയാൻ പാർട്ടിയിൽ 'പിണറായി സംരക്ഷണ'യിൽ തുടരും. ഭരണഘടനയെ തള്ളിപ്പറഞ്ഞതിലൂടെയും പരോക്ഷമായി അംബേദ്കറെ അവഹേളിച്ചതിലൂടെയും സർക്കാറിനെ പ്രതിസന്ധിയിലാക്കിയിട്ടും കൈവിടില്ലെന്ന സന്ദേശമാണ് മുഖ്യമന്ത്രി നൽകുന്നത്.

മന്ത്രി സ്ഥാനം നഷ്ടമായെങ്കിലും മുഖ്യമന്ത്രിക്ക് നീരസമില്ലെന്ന ഘടകം പാർട്ടിയിലടക്കം സജി ചെറിയാന് നേട്ടമാകുന്നതിന് പുറമെ ആലപ്പുഴയിൽ ഔദ്യോഗിക ഗ്രൂപ്പിന്‍റെ അപ്രമാദിത്വം നിലനിർത്തുന്നതിനും സഹായകമാകുമെന്നാണ് വിലയിരുത്തൽ. ജില്ലയുടെ കടിഞ്ഞാൺ സജിയുടെ കൈകളിൽ ഭദ്രമായി തുടരണമെന്നാണ് പിണറായി ആഗ്രഹിക്കുന്നത്.

ഇക്കാലമത്രയും തന്നോട് അങ്ങേയറ്റം കൂറുപുലർത്തിയ വ്യക്തിയെ വെറുതെ പിണറായി വിടില്ലെന്ന അനുഭവമാണ് ഒപ്പമുള്ളവർ ചൂണ്ടിക്കാട്ടുന്നത്. കേസ് കോടതിയിലെത്തിയിരിക്കെ അനുകൂലവിധിയുണ്ടായാൽ മന്ത്രി സ്ഥാനത്തേക്ക് തിരികെയെത്താമെന്ന പ്രതീക്ഷയുമുണ്ട്. പ്രത്യേകിച്ചും മുഖ്യമന്ത്രി അനുകൂല നിലപാടിലായിരിക്കെ.

കേസ് അനുകൂലമാകാനുള്ള സാധ്യത പരിശോധിച്ചാകും പകരം മന്ത്രിക്കാര്യത്തിൽപോലും മുഖ്യമന്ത്രി തീരുമാനമെടുത്തേക്കുക. ഇ.പി. ജയരാജനും എ.കെ. ശശീന്ദ്രനും തിരികെ എത്തിയതുപോലൊരു സാധ്യത സജി ചെറിയാനും കണക്കുകൂട്ടുന്നു. എം.എൽ.എ സ്ഥാനം സംരക്ഷിക്കാൻ പാർട്ടി അങ്ങേയറ്റം മുന്നോട്ടുപോകും. ഇത് രാജിവെച്ചാൽ ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് വരും. വിജയിക്കാനായില്ലെങ്കിൽ ഇമേജ് നഷ്ടപ്പെട്ട് സർക്കാറിന് തുടരേണ്ടിവരും.

ജില്ല കമ്മിറ്റി അംഗങ്ങളിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ സജി ചെറിയാനാണ്. ജില്ലയിലെ 13 ഏരിയ കമ്മിറ്റികളിൽ ഒമ്പതും സജി ചെറിയാനൊപ്പം. നാല് ഏരിയകളിൽ മാത്രമാണ് പി.പി. ചിത്തരഞ്ജനടക്കമുള്ളവരെ അനുകൂലിക്കുന്ന വിഭാഗത്തിന് സ്വാധീനമുള്ളത്. മന്ത്രിസ്ഥാനത്തിരുന്ന് ഭരണഘടനയെ തള്ളിപ്പറഞ്ഞത് വളരെ ഗൗരവമുള്ള വിഷയമാണെന്ന നിലയിൽ വിവാദപ്രസംഗം പാ‍ർട്ടി ഘടകങ്ങളിൽ ചർച്ചയാക്കാൻ എതിർപക്ഷം ചരടുവലിക്കുന്നുണ്ടെങ്കിലും പാർട്ടി നേതൃത്വവും മുഖ്യമന്ത്രിയും മറുപക്ഷത്തായിരിക്കെ എളുപ്പമാകില്ല.

ജില്ല സമ്മേളനത്തിൽ സജി ചെറിയാൻ പക്ഷം നേടിയ മേൽക്കൈ ഇല്ലാതാക്കാനുള്ള കരുത്ത് എതിർപക്ഷത്തിനില്ലെന്നതു തന്നെ മുഖ്യഘടകം. കരുത്തനായിരുന്ന ജി. സുധാകരന്‍റെ ചിറകരിഞ്ഞ് നിർത്തിയിരിക്കെ പ്രത്യേകിച്ചും. പാർട്ടിയിൽ സ്വാധീനം കുറയില്ലെന്ന് മാത്രമല്ല, ജില്ലയിൽ തമ്പടിക്കാൻ കഴിയുന്ന പുതിയ സാഹചര്യത്തിൽ സജി ചെറിയാനും കൂട്ടരും കൂടുതൽ കരുത്തുനേടാനാണ് സാധ്യത. ജില്ലയിൽ ജി. സുധാകരന്റെ നിയന്ത്രണത്തിലായിരുന്ന പാർട്ടിയിലെ സമവാക്യം മാറ്റിയെഴുതാൻ സജി ചെറിയാൻ പക്ഷത്തിന് സംസ്ഥാന നേതൃത്വത്തിൽനിന്ന് കിട്ടിയ പിന്തുണ കുറയില്ലെന്നാണ് സൂചന.

Tags:    
News Summary - In Alappuzha, Saji Cherian as a CPM Leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.