തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച ആരംഭിക്കുന്ന ഡിജിറ്റല്‍ സര്‍വേയുടെ ഭാഗമായി എല്ലാ പഞ്ചായത്തിലും ഡിജിറ്റല്‍ സര്‍വേ ഓഫിസ് തുറക്കും. അതത് തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ കെട്ടിടങ്ങൾ വാടകക്കെടുത്ത് പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രാരംഭഘട്ടമെന്നനിലയിൽ ആറുമാസത്തേക്കാണ് കെട്ടിടങ്ങൾ വാടകക്കെടുത്തിരിക്കുന്നത്. സർവേ നടക്കുന്ന വില്ലേജുകളിലെ ഭൂവുടമകള്‍ ആവശ്യപ്പെട്ടാല്‍ സര്‍വേ ഓഫിസുകളില്‍നിന്ന് ഭൂമിയുടെ അളവും സ്കെച്ചും പ്ലാനും അടക്കമുള്ള രൂപരേഖയും ലഭിക്കും.
ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാകുന്ന മുറക്കാണ് ഭൂമിയുടെ അളവ് അടക്കം രേഖപ്പെടുത്തിയ രൂപരേഖയുടെ പ്രിന്റൗട്ട് നല്‍കുക. ഉടമയുടെ സാന്നിധ്യത്തില്‍ ഭൂമിയുടെ ഡിജിറ്റല്‍ സര്‍വേ നടക്കുമ്പോള്‍തന്നെ വിസ്തീര്‍ണം അടക്കമുള്ളവ വ്യക്തമാകും.
റോബോട്ടിക് ടോട്ടല്‍ സ്റ്റേഷന്, കോര്‍സ്, ആർ.ടി.കെ റോവര്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഡിജിറ്റല്‍ സര്‍വേ നടക്കുമ്പോള്‍തന്നെ ഭൂമിയുടെ അളവ് അടക്കമുള്ള വിവരങ്ങള്‍ സ്ക്രീനില്‍ തെളിയും. അവിടെവെച്ചുതന്നെ പ്രിന്റൗട്ട് നല്‍കാമെന്നാണ് സര്‍ക്കാര്‍ വിശദീകരണമെങ്കിലും ഇത്രയും സംവിധാനങ്ങള്‍ കരുതാന്‍ കഴിയില്ലെന്നാണ് സര്‍വേ വിഭാഗം റവന്യൂ വകുപ്പിനെ അറിയിച്ചത്. അതിനാലാണ് ഡിജിറ്റൽ സർവേ ഓഫിസുകളിൽ ഇതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയത്.
കരം അടച്ച രസീത് അടക്കം ഹാജരാക്കുന്ന മുറക്ക് പ്രിന്റൗട്ട് ലഭിക്കും. എന്റെ ഭൂമി പോര്‍ട്ടലിലും ഭൂരേഖകള്‍ പരിശോധിക്കാനാകുമെന്നാണ് റവന്യൂ വകുപ്പ് അധികൃതര്‍ പറയുന്നത്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് വില്ലേജ് രേഖകള്‍ പരിശോധിക്കാനാകും.
സംസ്ഥാനത്തെ 200 വില്ലേജുകളിലാണ് ഡിജിറ്റല്‍ സര്‍വേ ആരംഭിക്കുന്നത്. ഇവിടങ്ങളിലെ എല്ലാ ഭൂവുടമകളെയും വിവരം അറിയിക്കാന്‍ സര്‍വേ സഭകള്‍ ചേരുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, തങ്ങളുടെ മേഖലയിലെ ഡിജിറ്റല്‍ സര്‍വേ എന്ന് നടക്കുമെന്ന് ജനങ്ങളെ അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
ഡിജിറ്റല്‍ സര്‍വേയില്‍ ഭൂമിയുടെ അളവ് സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് രേഖപ്പെടുത്തിയതെങ്കില്‍ മുന്‍ രേഖകള്‍ ഉള്‍പ്പെടെ പരാതി നല്‍കാനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് റവന്യൂ അധികൃതര്‍ പറയുന്നു. അതേസമയം, പരിഹാരം കാണുന്നതുവരെ തർക്കഭൂമികളിൽ ഡിജിറ്റൽ സർവേ നടത്തില്ല. തർക്ക ഭൂമിയുടെ കരം ഒടുക്കാനും അവസരം ഉണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.