തിരുവനന്തപുരം: സർവകലാശാല ചാൻസലർ പദവി ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവർണർ കത്തെഴുതുകയും പരസ്യപ്രതികരണം നടത്തുകയും ചെയ്ത വിവാദത്തിൽ ഏറ്റുമുട്ടലിെൻറ പാത വേണ്ടെന്ന് തീരുമാനിച്ച് സർക്കാർ.
അതേസമയം, വിഷയത്തിൽ കടുത്ത നിലപാട് ആവർത്തിച്ചിരിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണറായി വിജയെൻറ വാദങ്ങൾക്ക് ഗവർണർ അക്കമിട്ട് മറുപടി പറഞ്ഞു. മുഖ്യമന്ത്രിയും ഗവർണറും നേർക്കുനേർ നിൽക്കുന്ന അസാധാരണ സാഹചര്യത്തിന് അയവുണ്ടായില്ലെന്ന് മാത്രമല്ല സമവായ സാധ്യതകളൊന്നും ഇതുവരെ തെളിഞ്ഞിട്ടുമില്ല.
സർവകലാശാലകളിൽ സർക്കാർ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ ശ്രമിക്കുെന്നന്നും ചാൻസലറായ ഗവർണറുടെ കൈകെട്ടിയിടാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടും അതേ നാണയത്തിലുള്ള പ്രതികരണത്തിന് മുഖ്യമന്ത്രി തയാറായില്ല. സർക്കാറിനെതിരെ ഗവർണർ കത്തിൽ ഉന്നയിച്ച വിവിധ സംഭവങ്ങളിൽ വ്യക്തത വരുത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഇതുവഴി ഗവർണർ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാപരമല്ലെന്ന് സ്ഥാപിക്കാനും ശ്രമിച്ചു.
എന്നാൽ ചട്ടവിരുദ്ധമായി നടത്തിയെന്ന് ഗവർണർ തന്നെ സമ്മതിച്ച കണ്ണൂർ സർവകലാശാല വി.സി നിയമനത്തിെൻറ ഉത്തരവാദിത്തം ഗവർണറുടെ തലയിൽ തന്നെ വെക്കാനും മുഖ്യമന്ത്രി ശ്രമിച്ചു. ചാൻസലറുടെ അധികാരത്തിൽ കൈകടത്താൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്നും പദവി ഏറ്റെടുക്കാൻ സർക്കാർ ഉദ്ദേശിച്ചിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഗവർണറുടെ ഉത്തരവിനെതിരെ കേസ് നൽകിയ കലാമണ്ഡലം വി.സിയുടെ നടപടിയെ തള്ളിപ്പറയാനും മുഖ്യമന്ത്രി തയാറായി. സംസ്ഥാനചരിത്രത്തിൽ അത്യപൂർവമായ പ്രതികരണം സർക്കാറിനെതിരെ ഗവർണറിൽനിന്നുണ്ടായിട്ടും അതേരീതിയിൽ പ്രതികരിക്കാതിരുന്നത് ഏറ്റുമുട്ടൽ ഒഴിവാക്കാനും അനുനയത്തിെൻറ വഴി തുറന്നിടാനുമാണ്.അതേസമയം, മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് മറുപടി പറയുന്നില്ലെന്നും പറയാനുള്ളത് കത്തിലുണ്ടെന്നുമായിരുന്നു ഗവർണറുടെ ഞായറാഴ്ചത്തെ ആദ്യ പ്രതികരണം. എന്നാൽ രാത്രിയോടെ നിലപാട് കടുപ്പിച്ച് പരസ്യമായി പ്രതികരിച്ചു. 17ന് ഗവർണർ തിരുവനന്തപുരത്ത് മടങ്ങിയെത്തും. ശേഷം മുഖ്യമന്ത്രിയും ഗവർണറുമായി കൂടിക്കാഴ്ചക്ക് വഴിയൊരുങ്ങിയേക്കും. ഇതിലൂടെ അഭിപ്രായഭിന്നത പരിഹരിക്കാമെന്ന പ്രതീക്ഷ സർക്കാറിനുണ്ട്. എന്നാൽ ഗവർണർക്ക് കീഴ്പ്പെടുന്ന നിലപാട് വേണ്ടെന്നും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങളിലേക്ക് പോകരുതെന്ന് കാലടി വി.സി നിയമന പ്രക്രിയയിൽ കേരളത്തിൽനിന്ന് പങ്കാളികളായവർക്ക് ഉൾപ്പെടെ നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.