‘കേരള’ എയ്ഡഡ് കോളജുകളിൽ ഇഷ്ടക്കാരെ ഇൻചാർജ് പ്രിൻസിപ്പലാക്കുന്നത് അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: കേരള സർവകലാശാലക്ക് കീഴിലുള്ള എയ്ഡഡ് കോളജുകളിൽ രണ്ടുമാസത്തിനുള്ളിൽ സ്ഥിരം പ്രിൻസിപ്പൽ നിയമനത്തിന് നടപടിയെടുക്കാൻ മാനേജ്മെന്‍റുകൾക്ക് നിർദേശം നൽകാൻ സർവകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.

അഞ്ച് വർഷമായി സർവകലാശാലക്ക് കീഴിലുള്ള 40ഓളം കോളജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരില്ല. മാനേജ്മെന്‍റിന് താൽപര്യമുള്ളവരെ താൽക്കാലിക പ്രിൻസിപ്പൽമാരാക്കുകയായിരുന്നു. താരതമ്യേന ജൂനിയറായ അധ്യാപകർക്കാണ് താൽക്കാലിക പ്രിൻസിപ്പൽമാരുടെ ചുമതല നൽകിയിരിക്കുന്നത്. ഇതിന് കടിഞ്ഞാണിടാനാണ് സിൻഡിക്കേറ്റ് തീരുമാനം.

താൽക്കാലിക പ്രിൻസിപ്പൽമാർക്ക് സർവകലാശാല ഡ്രോയിങ് ആൻഡ് ഡിസ്ബെഴ്സ്മെൻറ് ഓഫിസറായാണ് നിയമനം നൽകുന്നതെങ്കിലും പ്രിൻസിപ്പൽമാരുടെ ചുമതലയാണ് വഹിക്കുന്നത്. ഇവർക്ക് പ്രിൻസിപ്പൽ നിയമനത്തിനുള്ള മിനിമം യോഗ്യത ഉണ്ടാകാറില്ല.

സർവകലാശാല ചട്ടമനുസരിച്ച് പരമാവധി മൂന്ന് തവണയിൽ കൂടുതൽ ഡ്രോയിങ് ആൻഡ് ഡിസ്ബെഴ്സ്മെൻറ് ഓഫിസറായി അംഗീകാരം നൽകാൻ പാടില്ലെന്നാണ് വ്യവസ്ഥയെങ്കിലും സിൻഡിക്കേറ്റിനെ സ്വാധീനിച്ച് ഇവർ വർഷങ്ങളോളം പ്രിൻസിപ്പൽ ചുമതലയിൽ തുടരാറുണ്ട്.

സംസ്ഥാനത്തെ മിക്ക സർവകലാശാലകളിലും ഈ നില തുടരുമ്പോഴാണ് മാനേജ്മെന്റുകളുടെ ഇഷ്ടക്കാരെ താൽക്കാലികമായി നിയമിക്കുന്നത് നിർത്തലാക്കി സ്ഥിരം നിയമനങ്ങൾ നടത്താനുള്ള സിൻഡിക്കേറ്റ് തീരുമാനം. 

Tags:    
News Summary - In 'Kerala' Aided Colleges to stop appointing aspirants as in-charge principals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.