പത്തനംതിട്ട: കുമ്പഴ വടക്ക് എസ്.എൻ.വി സ്കൂളിലെ ബൂത്ത് നമ്പർ ഒന്നിൽ കൈ ചിഹ്നത്തിൽ വോട്ട് ചെയ്തപ്പോൾ തെളിഞ്ഞത് താമരയെന്ന് പരാതി. സ്ഥാനാർഥി ആന്റോ ആന്റണി എത്തി പ്രതിഷേധിച്ചെങ്കിലും വോട്ട് ചെയ്ത യുവതി രേഖാമൂലം പരാതി നൽകാത്തതിനാൽ പ്രിസൈഡിങ് ഓഫിസർ തുടർനടപടിക്ക് തയാറായില്ല. പ്രതിഷേധംമൂലം ഇവിടെ വോട്ടെടുപ്പ് നാലുമണിക്കൂറോളം ഭാഗികമായി തടസ്സപ്പെട്ടു.
എൽ.ഡി.എഫും എൻ.ഡി.എയും ആന്റോ ആന്റണിയുടേത് നാടകമാണെന്ന് ആരോപിച്ച് രംഗത്തുവന്നതോടെ കൂടുതൽ പൊലീസെത്തി അനിഷ്ട സംഭവങ്ങളൊഴിവാക്കിയാണ് വൊട്ടെടുപ്പ് സാധാരണ നിലയിലാക്കിയത്. മണ്ഡലത്തിൽ ഏഴു ബൂത്തുകളിൽ കള്ളവോട്ട് ചെയ്തെന്ന പരാതിയുണ്ടായി. യഥാർഥ വോട്ടർ വോട്ട് ചെയ്യാനെത്തിയപ്പോൾ വോട്ട് മറ്റാരോ ചെയ്തിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച് രേഖാമൂലം പരാതി നൽകുകയോ കേസ് എടുക്കുകയോ ചെയ്തിട്ടില്ല.
വ്യാജ തിരിച്ചറിയിൽ കാർഡ് നിർമിച്ച് സി.പി.എം കള്ളവോട്ടിന് ശ്രമിക്കുന്നതായി യു.ഡി.എഫ് നേരത്തേ വരണാധികാരിക്ക് പരാതി നൽകുകയും ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്. വോട്ട് യന്ത്രം പണിമുടക്കിയതിനാൽ രാവിലെ നിരവധി ബൂത്തുകളിൽ വോട്ടെടുപ്പ് വൈകി.
പല കാരണങ്ങൾ കൊണ്ടും വോട്ടിങ് മന്ദഗതിയിലുമായിരുന്നു. വൈകീട്ട് അഞ്ചുവരെയും 40 വോട്ടുയന്ത്രങ്ങളാണ് തകരാറിനെത്തുടർന്ന് മാറ്റിസ്ഥാപിക്കേണ്ടി വന്നത്.
സ്ഥാനാർഥി ആന്റോ ആന്റണി പത്തനംതിട്ടയിൽ വോട്ട് ചെയ്തപ്പോൾ തോമസ് ഐസക്കിനും അനിൽ ആന്റണിക്കും തിരുവനന്തപുരത്തിയിരുന്നു വോട്ട്. ആറുമണിക്കുശേഷവും മുപ്പതിലേറെ ബൂത്തുകളിൽ സ്ലിപ്പ് നൽകി പോളിങ് തുടർന്നു. വോട്ടിങ് സമയം കഴിഞ്ഞ് 6.30 ആയപ്പോൾ 63.06 ആയിരുന്നു പോളിങ് ശതമാനം. 2019ലെ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ വോട്ടിങ് ശതമാനം 74.24 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.