കോൺഗ്രസിൽ തർക്കം: ഡൊമനിക് പ്രസന്‍റേഷ​െൻറ ​നീക്കങ്ങൾ ദുരൂഹതയുള്ളതായിരുന്നുവെന്ന് വിമർശനം

എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തിനുപിന്നാലെ കോൺഗ്രസിൽ പടലപിണക്കം തലപൊക്കി. യു.ഡി.എഫ് എറണാകുളം ജില്ല ചെയർമാൻ ഡൊമനിക് പ്രസന്‍റേഷനെതിരെയാണ് വ്യാപക വിമർശനം ഉയരുന്നത്. കെ.പി.സി.സി നേതൃത്വത്തിന് കൂടുതൽ പരാതികൾ നൽകാനൊരുങ്ങി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കൾ രംഗത്തെത്തിയിരിക്കുകയാണ്. പ്രചാരണ ഘട്ടത്തിലുടനീളം ഡൊമനിക് പ്രസന്‍റേഷൻ നടത്തിയ പ്രസ്താവനകൾ ഗൂഢ ലക്ഷ്യത്തോടെയുള്ളതും ദുരൂഹമായ നീക്കങ്ങളുമായിരുന്നുവെന്നാണ് വിർമശകരുടെ ആരോപണം. . യു.ഡി.എഫ് ജില്ല കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഡൊമനിക് പ്രസന്‍റേഷനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ് കെ.പി.സി.സി. പ്രസിഡന്റിന് കത്തയച്ചിരിക്കയാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ യു.ഡി.എഫ് ജില്ല ചെയർമാനായ ഡൊമനിക് പ്രസന്റേഷൻ സ്ഥാനാർഥിയാകാൻ മോഹം പ്രകടിപ്പിച്ചിരുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. ആഗ്രഹം നടക്കാതെ വന്നപ്പോൾ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്നാണ് ആക്ഷേപം. വിജയിച്ചാലും ഉയർന്ന ഭൂരിപക്ഷത്തിന് ജയിക്കരുതെന്ന ചിന്തയിലായിരുന്നു യു.ഡി.എഫ് ചെയർമാന്റെ പ്രവർത്തനമെന്നാണ് വിമർശനം. ഇടത് സ്ഥാനാര്‍ഥി ജോ ജോസഫ് സഭയുടെ സ്ഥാര്‍ഥിയാണെന്നുള്ള പ്രചാരണങ്ങളെ എതിര്‍ത്ത് ഡൊമനിക് പ്രസന്റേഷന്‍ രംഗത്തെത്തിയതുൾപ്പെടെയുള്ള പ്രസ്താവനക​ളാണ് ​വിമർശനത്തിനിടയാക്കുന്നത്.

ജില്ലയിലെ എ വിഭാഗം നേതാവായ ഡൊമനിക്കിനെതിരെ ഗ്രൂപ്പിന് അകത്ത് നിന്നുപോലും പ്രതിഷേധം ഉയരുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർ പ്രതികരണവുമായി രംഗത്തെത്തിയേക്കും. പ്രചാരണ പരിപാടികളിൽ സജീവമായി പങ്കെടുക്കാതെ ഡൊമനിക് പ്രസന്‍റേഷൻ വിട്ടു നിന്ന​ുവെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊച്ചി മണ്ഡലത്തിലും ഡൊമനിക് പ്രസന്‍റേഷന്‍ യു.ഡി.എഫിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്നും ചിലർ കുറ്റപ്പെടുത്തുന്നു. ഇങ്ങനെ വിവിധങ്ങളായ വിഷയങ്ങൾ ചൂണ്ടികാണിച്ച് ജില്ല ചെയർമാൻ സ്ഥാനത്തുനിന്നും നീക്കാനുള്ള ശ്രമമാണിപ്പോൾ നടക്കുന്നത്. എന്നാൽ, ഇത്തരം അസ്വസ്ഥതതകൾ താഴെതട്ടിൽ തന്നെ പരിഹരിക്കണമെന്ന നിലപാടിലാണ് കെ.പി.സി.സിയെന്നറിയുന്നു.

Tags:    
News Summary - In the Congress after the Thrikkakkara by-election Dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.