കോഴിക്കോട്: ബൂത്തുതലം മുതൽ പാർട്ടി ഘടകങ്ങളുടെ ശാക്തീകരണമില്ലായ്മയും നിർജീവതയുമടക്കം നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും രണ്ട് ദിവസങ്ങളിലായി നടന്ന യൂത്ത് ലീഗ് ഭാരവാഹി യോഗത്തിൽ ചർച്ചചെയ്തെന്നും ഇതിൽ ഉയർന്നുവന്ന നിർദേശങ്ങൾ കർമപദ്ധതിയായി മുസ്ലിംലീഗ് പ്രവർത്തക സമിതിയിൽ അവതരിപ്പിക്കുമെന്നും മുസ്ലിം യൂത്ത്ലീഗ് പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ. ഫിറോസും വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പാർട്ടി പ്രവർത്തകരുടെ വികാരങ്ങൾ ഉൾക്കൊണ്ടും നിർദേശങ്ങൾ മാനിച്ചും യൂത്ത്ലീഗിന് എന്തുചെയ്യാൻ കഴിയുമെന്ന് പരിശോധിക്കും. അതേസമയം, നേതാക്കളെ കോർണർചെയ്ത് പാർട്ടിയെ തകർക്കാനുള്ള ശ്രമങ്ങളെ യൂത്ത്ലീഗ് ചെറുക്കും. പാർട്ടി ഘടകങ്ങളിൽ പുതിയ തലമുറക്ക് കൂടുതൽ അവസരം ലഭിക്കേണ്ടതുണ്ടെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയുടെ ഉത്തരവാദിത്തം പൂർണമായും യൂത്ത്ലീഗ് ഏറ്റെടുക്കും. യുവാക്കൾക്കും യുവതികൾക്കും രാഷ്്ട്രീയ അവബോധം സൃഷ്ടിക്കുന്നതിന് കർമപദ്ധതി ആവിഷ്കരിക്കും. മുസ്ലിം യുവജന സംഘടനകളുമായി സൗഹൃദം സുദൃഢമാക്കുന്നതിന് യൂത്ത്ലീഗ് നേതൃത്വം നൽകും.
കൊടകര കുഴൽപണ ഇടപാടിൽ ബി.ജെ.പി പ്രസിഡൻറ് കെ. സുരേന്ദനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കാത്തത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലെ അനുരഞ്ജന രാഷ്ട്രീയം കാരണമാണ്. ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട ഹൈകോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്നും ആരാധനാലയങ്ങളുടെ വലുപ്പമനുസരിച്ച് കൂടുതൽ പേർക്ക് ആരാധനക്ക് അനുമതി നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.