തിരുവനന്തപുരം: മന്ത്രിസഭ തീരുമാനപ്രകാരം 10-20 ശതമാനം വരെയുള്ള ആനുപാതിക സീറ്റ് വർധന വഴി സംസ്ഥാനത്താകെ 44,730 പ്ലസ് വൺ സീറ്റ് വർധിക്കും. ഇതോടെ ആകെ സീറ്റ് 4,06,476 ആകും. സീറ്റ് വർധിപ്പിച്ചു വ്യാഴാഴ്ച സർക്കാർ ഉത്തരവായി.
സീറ്റ് ക്ഷാമം നേരിടുന്ന പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറികളിൽ 20 ശതമാനമാണ് വർധന. ഇതുവഴി 50 സീറ്റുള്ള ബാച്ചുകളിൽ 60 സീറ്റ് ആകും.
ഇൗ ആറു ജില്ലകളിൽ ആകെ 28,180 സീറ്റ് വർധിക്കും. തൃശൂർ മുതൽ തിരുവനന്തപുരം വരെ എട്ടു ജില്ലകളിൽ 10 ശതമാനം വീതമാണ് വർധന. ഇൗ ജില്ലകളിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 16,550 സീറ്റ് വർധിക്കും. ഒാരോ ബാച്ചിലും 55 വീതം സീറ്റായി മാറും.
പ്ലസ് വൺ പ്രവേശനത്തിന് ഒാൺലൈൻ അപേക്ഷ സമർപ്പണം ഇൗ മാസം 14 വരെയാണ്. വ്യാഴാഴ്ച വൈകീട്ട് വരെ മൊത്തം 4,25,263 അപേക്ഷയാണ് ലഭിച്ചത്. ഇതിൽ 32,148 പേർ സി.ബി.എസ്.ഇ പത്താംതരം പാസായവരാണ്. മൊത്തം അഞ്ച് ലക്ഷത്തോളം അപേക്ഷകരുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുന്നാക്ക സംവരണം: പ്ലസ് വണിൽ 17,214, മെറിറ്റ് സീറ്റ് കുറയും
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് മുന്നാക്ക സംവരണം ഏർപ്പെടുത്തിയാൽ കുറവുവരുന്നത് 17,214 മെറിറ്റ് സീറ്റ്. ഏറ്റവും കൂടുതൽ മെറിറ്റ് സീറ്റ് കുറയുന്നത് നിലവിൽ രൂക്ഷമായ സീറ്റ് ക്ഷാമം നേരിടുന്ന മലപ്പുറം ജില്ലയിലാകും. ഇവിടെ 85 സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലെ 452 ബാച്ചുകളിലെ 2712 സീറ്റ് മെറിറ്റ് േക്വാട്ടയിൽനിന്ന് മുന്നാക്ക സംവരണത്തിന് നീക്കിവെക്കേണ്ടിവരും. കഴിഞ്ഞവർഷവും 20,000ൽ അധികം വിദ്യാർഥികൾക്ക് മലപ്പുറത്ത് പ്ലസ് വൺ പ്രവേശനം ലഭിക്കാതെ സ്കോൾ കേരളയിൽ (ഒാപൺ സ്കൂൾ) ചേരേണ്ടിവന്നിരുന്നു. ആനുപാതിക സീറ്റ് വർധനയോടെ 60 സീറ്റായി വർധിക്കുന്ന ഒാരോ ബാച്ചിൽനിന്നും ആറ് സീറ്റ് വീതം മുന്നാക്ക സംവരണത്തിന് മാറ്റും.
സീറ്റ് ക്ഷാമം അനുഭവിക്കുന്ന കാസർകോട് മുതൽ പാലക്കാട് വരെയുള്ള ആറു ജില്ലകളിൽനിന്ന് മൊത്തം 9192 സീറ്റാണ് മെറിറ്റിൽനിന്ന് മാറ്റിവെേക്കണ്ടിവരിക. ഇൗ ആറ് ജില്ലകളിലും സീറ്റ് ക്ഷാമം മുൻ നിർത്തി 20 ശതമാനം ആനുപാതിക സീറ്റ് വർധന അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു.
ഇൗ വർധനയുടെ ഗുണമില്ലാതാക്കുന്നതാണ് സർക്കാർ സ്കൂളുകളിലെ മെറിറ്റ് സീറ്റുകളെടുത്ത് മുന്നാക്ക സംവരണം നടപ്പാക്കാനുള്ള നിർദേശം. മറ്റ് എട്ടു ജില്ലകളിൽനിന്ന് മുന്നാക്ക സംവരണത്തിന് നീക്കിവെക്കേണ്ടത് 8022 സീറ്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.