മലപ്പുറം: സംസ്ഥാനത്ത് സ്ത്രീകൾക്ക് നേരേയുള്ള അതിക്രമങ്ങളിൽ വീണ്ടും വർധനയെന്ന് വ്യക്തമാക്കി പൊലീസിന്റെ കുറ്റകൃത്യ കണക്കുകൾ. പൊതു ഇടങ്ങളിലും ജോലിസ്ഥലങ്ങളിലും വീട്ടകങ്ങളിലും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഒട്ടും കുറയുന്നില്ലെന്നാണ് പൊലീസ് ക്രൈം റൊക്കോഡ്സ് ബ്യൂറോയും വനിത കമീഷനും നൽകുന്ന വിവരങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
2022 ജനുവരി മുതൽ നവംബർ വരെ 17,183 കേസുകളാണ് സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളായി രജിസ്റ്റർ ചെയ്തത്. മുൻവർഷത്തേക്കാൾ ആയിരത്തിലധികം കേസുകളുടെ വർധന. 16,199 കേസുകളായിരുന്നു 2021ൽ രേഖപ്പെടുത്തിയത്.
2020ൽ ഇത് 12,659 ആയിരുന്നു. കണക്കുകൾ വേറിട്ട് പരിശോധിക്കുമ്പോൾ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക പീഡന കേസുകളിലാണ് കഴിഞ്ഞ വർഷം വലിയ വർധന രേഖപ്പെടുത്തിയത്. 2022 ജനുവരി മുതൽ നവംബർ വരെയുള്ള കണക്കുകൾ പ്രകാരം 4850 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 2021ൽ ഇത് 4059 കേസുകളായിരുന്നു. സ്ത്രീ പീഡനവുമയി ബന്ധപ്പെട്ട് 11 മാസത്തിനിടെ 791 കേസുകളാണ് വർധിച്ചത്.
സ്ത്രീകൾക്ക് നേരെ ഭർത്താവിന്റെയോ കുടുംബത്തിന്റെയോ പീഡനം സംബന്ധിച്ച കേസുകളിലും കുറവില്ല. 2022 നവംബർ വരെ 4656 കേസുകളാണ് ഈ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തത്. 2021ൽ 4997ഉം 2020ൽ 2707ഉം കേസുകളായിരുന്നു. കൂടാതെ 2276 ബലാത്സംഗ കേസുകളും പൊതു സ്ഥലങ്ങളിലെ ശല്യം ചെയ്യലിന് 531 കേസുകളും 199 തട്ടിക്കൊണ്ടുപോകലും സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഒരു വർഷത്തിനിടെ വനിത കമീഷനിലെത്തിയ പരാതികളിലും വർധനയുണ്ട്. ഗാർഹിക പീഡനം, സ്ത്രീധനം, സ്വത്ത് തർക്കം തുടങ്ങിയ പരാതികളാണ് കമീഷന് മുന്നിൽ കൂടുതലെത്തുന്നതെന്ന് ചെയർപേഴ്സൺ അഡ്വ. പി. സതീദേവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.