കൊച്ചി: കടക്കെണിയിൽപ്പെട്ട് ജീവിതം വഴിമുട്ടിയ കുടുംബങ്ങൾക്കായി സർക്കാർ അടിയന്തിര കടാശ്വാസപദ്ധതികൾ നടപ്പിലാക്കണെന്നും കാർഷിക-വിദ്യാഭ്യാസവായ്പകൾ എഴുതിത്തള്ളമെന്നും ആവശ്യപ്പെട്ട് എറണാകുളം കലക്‌ട്രേറ്റിന് മുന്നിൽ 26 മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ജപ്തിവിരുദ്ധ സമിതി.
സമരം രാവിലെ 10ന് കലക്ടറേറ്റിന് മുന്നിൽ അഡ്വ. കസ്തൂരിദേവൻ ഉദ്ഘാടനം ചെയ്യും. അഡ്വ. പി.ജെ. മാനുവൽ മുഖ്യപ്രഭാഷണം നടത്തും. സി.ആർ. നീലകണ്ഠൻ, കെ. സഹദേവൻ, എൻ. സുബ്രമഹ്ണ്യൻ, അഡ്വ. മധുസൂദനൻ, അഡ്വ. പി. ചന്ദ്രശേഖരൻ,കെ.പി. സേതുനാഥ്, അഡ്വ. തുഷാർ നിർമ്മൽ സാരഥി, ജോളി ചിറയത്ത്, അഡ്വ. നന്ദിനി, സുജാഭാരതി, പ്രീത ഷാജി, ജോയ് പവേൽ തുടങ്ങിയവർ സംസാരിക്കും.
ചെറുകിട വ്യാപാരമേഖലയിലെ കടപ്രതിസന്ധി പരിഹരിക്കാൻ മോറട്ടോറിയവും കടാശ്വാസവും പ്രഖ്യാപിക്കുക, ബാങ്കുകളുടെ കമീഷൻ പറ്റി സർക്കാർ നടത്തുന്ന റവന്യു റിക്കവറി നടപടികൾ നിർത്തലാക്കുക, ജനവിരുദ്ധ സർഫാസി നിയമം റദാക്കുക, ഡി.ആർ.ടി അടച്ചുപൂട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ഭീഷണിപ്പെടുത്തി, അപമാനപ്പെടുത്തി നിസ്വരും നിസഹായരുമായ മനുഷ്യരുടെ ഹൃദയമാംസം മുറിച്ചെടുത്ത് ഉടുതുണി വരെ പറിച്ചെടുത്ത് തെരുവിലെറിയുന്നത് സർക്കാർ അവസാനിപ്പിക്കണം. സർഫാസി നിയമം സഹകരണമേഖലയിൽ ഉപയോഗിക്കില്ലെന്നും കിടപ്പാടങ്ങൾ ജപ്തി ചെയ്യുന്നതിനെതിരെ നിയമം കൊണ്ടുവരുമെന്നും ഉറപ്പുനൽകിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. അവർ റിസർവ് ബാങ്കിന്റെ സമ്മർദ്ദംകൊണ്ടാണെന്ന തൊടുന്യായം പറഞ്ഞ് സർഫാസി ജപ്തി നടപടിയുമായി മുന്നോട്ടുപോകുന്നത്. റവന്യു റിക്കവറി ആക്ട് പ്രകാരം ജപ്തി നോട്ടീസ് നൽകി റവന്യുവകുപ്പിനെക്കൊണ്ട് കടത്തിൽ വീണവരുടെ കിടപ്പാടങ്ങൾ കേരളാ ബാങ്കിന് വേണ്ടി പിടിച്ചെടുത്തുകൊടുക്കാനുള്ള നീക്കങ്ങളും അണിയറയിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. സർഫാസി നിയമത്തേക്കാൾ ഭീഷണി ഉയർത്തുന്നതാണ് ഈ നീക്കമെന്നും സമിതി പ്രസ്താനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.