കൊല്ലം: ഭാരതം എന്നു മാത്രം പാഠപുസ്തകങ്ങളിൽ ഉപയോഗിച്ചാൽ മതി എന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ലന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഭരണഘടനയിൽ പറയും പോലെ ഇന്ത്യ അഥവാ ഭാരതം എന്നത് എവിടെയും ഉപയോഗിക്കാൻ അവകാശമുണ്ട്. ഇനിയും അങ്ങനെതന്നെയായിരിക്കും കേരളത്തിൽ പഠിപ്പിക്കുക- കൊല്ലത്ത് വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ദേശീയതലത്തിൽ പാഠ്യപദ്ധതി പരിഷ്കരണമെന്ന പേരിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണ്. ഇപ്പോൾ സാമൂഹികശാസ്ത്ര വിഷയങ്ങളെ സംബന്ധിച്ച് നിയോഗിച്ച എൻ.സി.ഇ.ആർ.ടി സമിതി നൽകിയ ശിപാർശകളെ അതിനാൽ കേരളം തള്ളിക്കളയുന്നെന്നും മന്ത്രി പറഞ്ഞു.
പാഠപുസ്തകങ്ങളെ മുഴുവനായും കാവി പുതപ്പിക്കുന്നതിനായുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നത്. എൻ.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ ആറാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെ പാഠപുസ്തകങ്ങളിൽനിന്ന് വ്യാപകമായി പാഠഭാഗങ്ങൾ വെട്ടിമാറ്റി. ഭരണഘടനാ മൂല്യങ്ങൾ സംബന്ധിച്ച ഭാഗങ്ങളും മുഗൾ ചരിത്രവും ഗുജറാത്ത് കലാപവും ഗാന്ധിവധവും ഇതിൽപ്പെടും.
ഇത്തരം മൗലിക വിഷയത്തിൽനിന്നും ഒളിച്ചോടി പുകമറ സൃഷ്ടിക്കാനുള്ള ഏതു പ്രവർത്തനത്തെയും തുറന്നുകാണിക്കാനുള്ള ബാധ്യത പുരോഗമന സമൂഹം എന്നനിലയിൽ കേരളത്തിനുണ്ട്. ഒന്നു മുതൽ 10ാം ക്ലാസ് വരെ എസ്.സി.ഇ.ആർ.ടി വികസിപ്പിക്കുന്ന പാഠപുസ്തകങ്ങളാണ് സംസ്ഥാനത്ത് ഉപയോഗിക്കുന്നത് എന്നിരിക്കെ ഇപ്പോൾ എൻ.സി.ഇ.ആർ.ടി കൈക്കൊണ്ട തീരുമാനം ഇവിടെ പ്രശ്നമുണ്ടാക്കില്ല.
11, 12 ക്ലാസുകളിൽ കുറച്ച് പാഠപുസ്തകങ്ങളാണ് എൻ.സി.ഇ.ആർ.ടിയുടേതായി നാം ഉപയോഗിക്കുന്നത്. ആകെയുള്ള 124 പുസ്തകങ്ങളിൽ 44 എണ്ണം മാത്രമാണ് അത്. അവയുടെ കാര്യത്തിൽ സംസ്ഥാന കരിക്കുലം കമ്മിറ്റി വിളിച്ചുചേർത്ത് ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.