ചൈനയും ക്യൂബയുമല്ല ഇന്ത്യ; ക്രൈസ്തവ പുരോഹിതരുടെ അഭിപ്രായസ്വാതന്ത്ര്യം ഹനിക്കാമെന്ന് ആരും കരുതേണ്ട- കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സി.പി.എമ്മിന്റെ ഫാഷിസം ക്രൈസ്തവ വിശ്വാസികൾ അംഗീകരിച്ചു തരില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സി.പി.എം മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയിൽ മതമേലധ്യക്ഷൻമാരെ അപമാനിച്ചത് അപലപനീയമാണ്. ഇടതുപക്ഷത്തിന്റെ ദുർഭരണത്തിനും വർഗീയ പ്രീണനത്തിനുമെതിരെ കേരളത്തിലെ ക്രൈസ്തവർ പ്രതികരിക്കുന്നതാണ് സി.പി.എമ്മിനെ അസ്വസ്ഥരാക്കാൻ കാരണം. എന്നാൽ അപകീർത്തികരമായ പ്രസ്താവന നടത്തിയും ആക്ഷേപിച്ചും മതപുരോഹിതന്മാരെ പിന്തിരിപ്പിക്കാമെന്നത് സി.പി.എമ്മിന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങളുടെ നിലപാട് അംഗീകരിക്കാത്ത മതമേലധ്യക്ഷൻമാരെ അപമാനിക്കണമെന്നതാണ് സി.പി.എം നിലപാട്. കമ്യൂണിസ്റ്റ് രാജ്യങ്ങളായ ചൈനയും ക്യൂബയുമല്ല ഇന്ത്യയെന്ന് സി.പി.എം മനസിലാക്കണം. കേരളത്തിൽ ക്രൈസ്തവ പുരോഹിതരുടെ അഭിപ്രായസ്വാതന്ത്ര്യം ഹനിക്കാമെന്ന് ആരും കരുതേണ്ട. ക്രിസ്ത്യൻ സഭകളെ അവഹേളിക്കുന്നത് സി.പി.എം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തിന്റെ ഭരണത്തിൽ എല്ലാ കാലത്തും ക്രൈസ്തവർക്കെതിരായ വേട്ട നടന്നിട്ടുണ്ട്. എൽ.ഡി.എഫ് സർക്കാരായിരുന്നു തൊടുപുഴ ജോസഫ് മാഷിന്‍റെ കൈ വെട്ടാനുള്ള സാഹചര്യമുണ്ടാക്കി കൊടുത്തത്. മാഷിന്റെ കൈ വെട്ടാനുള്ള ധൈര്യം തീവ്രവാദികൾക്ക് ലഭിച്ചത് സി.പി.എമ്മിന്റെ ഭരണത്തിലാണ്. പാലാ ബിഷപ്പിനെ ആക്രമിക്കാൻ ബിഷപ് ഹൗസിലേക്ക് ഇരച്ചു കയറിയ പോപ്പുലർ ഫ്രണ്ടുകാർക്കൊപ്പമായിരുന്നു സി.പി.എം എന്നും പോപ്പുലർ ഫ്രണ്ടിനെ സന്തോഷിപ്പിക്കാനായിരുന്നു ബിഷപ്പിനെതിരെ സർക്കാർ കേസെടുത്തതെന്നും സുരേന്ദ്രൻ ആരോപിച്ചു.

അതേസമയം, കോൺഗ്രസ് പതിവുപോലെ ഈ വിഷയത്തിലും മൗനം പാലിക്കുകയാണ്. സി.പി.എമ്മിനെ പിന്തുണക്കുന്നതുകൊണ്ടും മതമൗലികവാദികളെ പ്രീണിപ്പിക്കാനുമാണ് പീപ്പിൾസ് ഡെമോക്രസിയുടെ ക്രൈസ്തവ വിരുദ്ധ ലേഖനത്തെ കോൺഗ്രസ് പിന്തുണക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

Tags:    
News Summary - India is not China and Cuba, don't think that the freedom of speech of Christian priests can be harmed - K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.