കോ​ഫി ബോ​ർ​ഡ് ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ള​മി​ല്ലാ​ത്ത വി​ഷു-​, ഈ​സ്​​റ്റ​ർ ആ​ഘോ​ഷം

തൃശൂര്‍: അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയതിനെതിരായ പ്രതിഷേധത്തെ തുടർന്ന് പ്രവർത്തനം തടസ്സപ്പെട്ട കോഫി ബോർഡ് തൊഴിലാളി സഹകരണ സംഘം ജീവനക്കാർക്ക് ശമ്പളമില്ലാത്ത വിഷു- ഈസ്റ്റർ ആഘോഷം. ഹൈകോടതി നിർദേശമനുസരിച്ച് അഡ്മിനിസ്ട്രേറ്റർ വ്യാഴാഴ്ച ചുമതലയേറ്റെങ്കിലും ശമ്പളം വിതരണം ചെയ്തില്ല.
അഴിമതിയും ക്രമക്കേടും കണ്ടെത്തിയതിനെ തുടർന്നാണ് കോഫി ഹൗസ് തെക്കന്‍മേഖലാ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയത്. എന്നാൽ, സര്‍ക്കാര്‍ തീരുമാനം ചോദ്യംചെയ്ത് ഭരണസമിതി ഹൈകോടതിയില്‍ പരാതി നല്‍കിയതോടെ ശമ്പളവിതരണം അനിശ്ചിതത്വത്തിലായി. ഒരു മാസത്തോളമായി കേസ് അനന്തമായി നീട്ടുകയായിരുന്നു. അഡ്മിനിസ്ട്രേറ്റര്‍ ഇടപെട്ട് കോഫി ഹൗസ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെയാണ് സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെട്ടത്.
ബുധനാഴ്ച ഹൈകോടതി പരിഗണിച്ച കേസ് വിധി പറയാനായി അടുത്ത മാസത്തേക്ക് മാറ്റിയെങ്കിലും മാര്‍ച്ചിലെ മുടങ്ങിയ ശമ്പളം വിതരണം ചെയ്യാന്‍ അഡ്മിനിസ്ട്രേറ്ററോട് നിർദേശിച്ചിരുന്നു. ഇതനുസരിച്ച് അഡ്മിനിസ്ട്രേറ്റര്‍ ബിന്ദു വ്യാഴാഴ്ച കോഫി ബോര്‍ഡ് ആസ്ഥാനത്ത് എത്തിയെങ്കിലും സെക്രട്ടറി നിർദേശിക്കാതെ ശമ്പള ബില്‍ തയാറാക്കാന്‍ ജീവനക്കാര്‍ തയാറായില്ല. സെക്രട്ടറിക്ക് നിർദേശം നല്‍കാനാവില്ലെന്ന നിലപാടില്‍ അഡ്മിനിസ്ട്രേറ്ററും ഉറച്ചുനിന്നു. വ്യവസായ കേന്ദ്രം മാനേജര്‍ ലോഹിതാക്ഷന്‍ സ്ഥലത്തെത്തി ഇരുകൂട്ടരുമായി ചര്‍ച്ച നടത്തിയെങ്കിലും ശമ്പളവിതരണത്തിൽ തീരുമാനമായില്ല. ശനിയാഴ്ച വ്യവസായ കേന്ദ്രം ജില്ല ജനറല്‍ മാനേജര്‍ പ്രദീപി​െൻറ മധ്യസ്ഥതയില്‍ പ്രശ്നം പരിഹരിക്കാനാണ് ശ്രമം. ശമ്പളം വിതരണം ചെയ്യുന്നതിന് തങ്ങള്‍ എതിരല്ലെന്നും ഹൈകോടതി നിർദേശവുമായി സഹകരിക്കാന്‍ തയാറാണെന്നും ഭരണസമിതി സെക്രട്ടറി അനില്‍കുമാര്‍ വ്യക്തമാക്കി.
നേരേത്ത അഡ്മിനിസ്ട്രേറ്റർ ചുമതലയേൽക്കാൻ എത്തിയപ്പോൾ തടഞ്ഞ ജീവനക്കാർ, വ്യാഴാഴ്ച ഹൈകോടതി നിർദേശാനുസരണം എത്തിയതിനാല്‍ തടഞ്ഞില്ല. പൊലീസ് സംരക്ഷണയോടെയാണ് അഡ്മിനിസ്ട്രേറ്റര്‍ ഓഫിസിലെത്തിയത്. ഓഫിസിലെ ഫയലുകൾ കടത്തിയെന്ന് ആരോപിച്ച് ജീവനക്കാർ നേരേത്ത അഡ്മിനിസ്ട്രേറ്റര്‍ ബിന്ദുവിനെതിരെ പരസ്യമായി പ്രതിഷേധിച്ചിരുന്നു.

Tags:    
News Summary - indian coffee house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.