മൂവാറ്റുപുഴ: കടുത്ത ദാരിദ്ര്യത്തെത്തുടർന്ന് ഏഴുദിവസം പ്രായമായ പെൺകുഞ്ഞിനെ മക്ക ളില്ലാത്ത ദമ്പതികൾക്ക് വിറ്റ മാതാവ് അറസ്റ്റിൽ. കുഞ്ഞിനെ വാങ്ങിയ ദമ്പതികളെയും അ റസ്റ്റ് ചെയ്തു. മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കിയ മൂവർക്കും ജാമ്യം അനുവദിച്ചു. കുഞ്ഞിനെ മാതാവിന് വിട്ടു നൽകി. മൂവാറ്റുപുഴ മുടവൂരിലാണ് സംഭവം. കഴിഞ്ഞ 26ന് പുലർച്ച 1.30 നാണ് 28കാരി സ്വന്തം വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. അഞ്ചാമത്തെ പ്രസവമായിരുന്നു.
അന്നുതന്നെ വൈകീട്ട് മൂന്നോടെ പേഴക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെവെച്ചാണ് ഇൗ മാസം നാലിന്, 12 വർഷമായി കുട്ടികളില്ലാത്തതിന് ചികിത്സ നടത്തിവരുന്ന തിരുവനന്തപുരം വര്‍ക്കല സ്വദേശികളായ ദമ്പതികൾക്ക് കുട്ടിയെ വിറ്റത്. ആശുപത്രി അധികൃതരുടെ അറിവോടെയായിരുന്നു വിൽപന എന്ന് പറയുന്നു. മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയുമുള്ള യുവതി വീണ്ടും ഗർഭിണിയായതോടെ ഭർത്താവ് കാര്യങ്ങൾ അന്വേഷിച്ചിരുന്നില്ല. ഇതോടെ യുവതിക്കും കുഞ്ഞുങ്ങൾക്കും ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാതായി. ഇതാണ് നവജാതശിശുവിനെ വിൽക്കാൻ യുവതിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
യുവതി കുഞ്ഞില്ലാതെ ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തായത്. വിവരമറിഞ്ഞ സമീപവാസി മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകി. തുടർന്ന് യുവതിയെയും കുഞ്ഞിനെ വാങ്ങി നാട്ടിലേക്ക് മടങ്ങിയ ദമ്പതികളെയും വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികളില്ലാത്ത ദമ്പതികൾക്ക് പണം വാങ്ങാതെ കുഞ്ഞിനെ നൽകുകയാണ് ചെയ്തതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ, ഇക്കാര്യത്തിലും ചട്ടങ്ങളൊന്നും പാലിച്ചിട്ടില്ല. അതേസമയം, പണമിടപാട് നടന്നതായാണ് പൊലീസിന് ലഭിച്ച വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.