തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനപ്പെരുപ്പം ചൈനയെക്കാൾ കൂടുതലും വികസിത രാജ്യങ്ങൾക്കൊപ്പവുമെന്ന് ആസൂത്രണ ബോർഡ് തയാറാക്കിയ സാമ്പത്തികാവലോകനം. 2021 മാർച്ച് വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 1000 പേർക്ക് 445 വാഹനങ്ങളുണ്ട്. ദേശീയ ശരാശരി 1000 പേർക്ക് 18 വാഹനമാണ്. ചൈനയിൽ 1000 പേർക്ക് 47ഉം അമേരിക്കയിൽ 507ഉം വാഹനമാണുള്ളതെന്ന് റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞവർഷം മാർച്ച് വരെ 148.47 ലക്ഷം വാഹനങ്ങളാണ് സംസ്ഥാനത്ത് രാജിസ്റ്റർ ചെയ്തത്. രണ്ടു പതിറ്റാണ്ടായി ഒമ്പതു ശതമാനം വീതമാണ് വാർഷിക വളർച്ച. എന്നാൽ, മുൻവർഷത്തെക്കാൾ ഇക്കൊല്ലം 4.7 ശതമാനം കുറഞ്ഞു. 2019-20ൽ 8,49,200 ആയിരുന്ന പുതിയ രജിസ്ട്രേഷൻ വാഹനങ്ങളുടെ എണ്ണം 2020-21ൽ 6,62,979 ആയി.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാഹനം എറണാകുളം ജില്ലയിലും തൊട്ടടുത്ത് തിരുവനന്തപുരത്തുമാണ്. വയനാട് ജില്ലയിലാണ് വാഹനം കുറവ്. വാഹന വളർച്ചയും റോഡുകളുടെ ശേഷി വർധനയും തമ്മിലെ പൊതുത്തക്കേടുകൾ റോഡപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നു. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ 65 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. റോഡപകടങ്ങളിൽ ഭൂരിഭാഗത്തിലും ഉൾപ്പെടുന്നതും ഇവയാണ്. പ്രതിദിനം 96 അപകടങ്ങൾ. 2018ൽ 34,472 അപകടമുണ്ടായി.
സംസ്ഥാനത്തെ മൊത്തം അപകടങ്ങളിൽ 41 ശതമാനം ഇരുചക്രവാഹനാപകടങ്ങളും 30.30 ശതമാനം കാറപകടങ്ങളുമാണ്. 2020ൽ 1521 ബസ് അപകടം ഉണ്ടായതിൽ 276ഉം കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെട്ടതാണ്. 2020ൽ വാഹനാപകടം കുറഞ്ഞതായാണ് കണക്കുകൾ. 2018-19ൽ ഒരു ലക്ഷം വാഹനങ്ങൾക്ക് 305 അപകടങ്ങൾ രജിസ്റ്റർ ചെയ്തിരുന്നു. 2020ൽ അത് 188 ആയി കുറഞ്ഞു.
സംസ്ഥാനത്താകെ 4592 അപകട സാധ്യത സ്ഥലങ്ങളുണ്ടെന്ന് കണ്ടെത്തി. ദേശീയപാതയിലാണ് 1286 എണ്ണം. സംസ്ഥാന പാതയിൽ 1462 എണ്ണവും മറ്റ് റോഡുകളിൽ 1844 ഉം. അപകടത്തിനും മരണത്തിനും കൂടുതൽ സാധ്യതയുള്ളത് 606 സ്ഥലങ്ങളാണ്. ഇതിൽ 339ഉം ദേശീയപാതയിലാണ്. കോവിഡ് കാലത്ത് മോട്ടോർവാഹന നികുതിയിൽ ഗണ്യമായ കുറവ് വന്നു. പ്രതീക്ഷിച്ചതിനെക്കാൾ 30.51 ശതമാനം കുറഞ്ഞെന്നും റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.