കോഴിക്കോട്: മുനമ്പം വിഷയത്തിൽ യു.ഡി.എഫ് നേതൃത്വം തുടരുന്ന കള്ളക്കളി പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടിയും വി.ഡി സതീശനും വാദിക്കുന്നത് വൻകിട റിസോർട്ട് ഉടമകളുടെ താൽപര്യം സംരക്ഷിക്കാനാണെന്നും ഐ.എൻ.എൽ.
അടുത്ത പാർലമെന്‍റ് സമ്മേളനത്തിൽ വഖഫ് നിയമ ഭേദഗതി നിയമം പാസ്സാക്കിയെടുക്കാൻ ബി.ജെ.പിക്ക് മുനമ്പം പ്രശ്നം കത്തിച്ചുനിർത്തേണ്ടതുണ്ട്. ബി.ജെ.പിയുടെ കടുത്ത സമ്മർദമാണ് പി.കെ കുഞ്ഞാലിക്കുട്ടിയെ പോലുള്ളവരെ കൊണ്ട് വഖഫ് ബോർഡിന് എതിരായ നിലപാട് സ്വീകരിക്കാൻ നിർബന്ധിക്കുന്നത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്ന് തുടക്കം മുതൽ വി.ഡി സതീശൻ വാദിക്കുന്ന് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ്.
ഇതിനകം ബോർഡ് നോട്ടീസ് നൽകിയ 12പേരിൽ പത്തും വൻകിടക്കാരാണ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ രംഗത്തിറക്കി പ്രശ്നപരിഹാരം ഉണ്ടാക്കുമെന്ന കുഞ്ഞാലിക്കുട്ടിയുടെ ഭീഷണി, തരം താഴ്ന്ന വീര്യസം പറച്ചിലാണ്. മുനമ്പം പ്രശ്നം ഇത്രമാത്രം സങ്കീർണമാക്കിയതിനു പിന്നിൽ ലീഗിന്റെ കള്ളകളികളുണ്ട്. എത്രയോ തവണ വഖഫ് ബോർഡിന് നേതൃത്വം കൊടുത്തിട്ടും എന്തുകൊണ്ട് ഫാറൂഖ് കോളജിന് അർഹതപ്പെട്ട ഭൂമി ഇമ്മട്ടിൽ അന്യാധീനപ്പെട്ടു എന്ന ചോദ്യത്തിന് കുഞ്ഞാലിക്കുട്ടി മറുപടി പറയണം.
റിസോർട്ട് ഉടമകൾക്കും വൻ ഭൂമാഫിയക്കും വഖഫ് ഭൂമി തീറെഴുതിക്കൊടുക്കാൻ ഫാറൂഖ് കോളജ് മാനേജ്മെന്റുമായി ചേർന്ന്, അണിയറയിൽ പ്രവർത്തിച്ചത് കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതൃത്വമാണ്. ആ വകയിൽ കോടികൾ പാർട്ടിക്ക് കിട്ടിയിട്ടുണ്ട്. കൈയേറ്റക്കാർക്ക് നികുതി അടക്കാൻ അവസരം കൊടുക്കരുതെന്ന് മുമ്പ് നിയമസഭയിൽ ശക്തമായി വാദിച്ച യു.ഡി.എഫ് നേതൃത്വം ഇപ്പോൾ മലക്കംമറിഞ്ഞ് ബി.ജെ.പിയുടെയും ‘കാസ’യുടെയും പക്ഷത്ത് ചേർന്ന് ആത്മവഞ്ചന നടത്തുന്നതിന്റെ ഗുട്ടൻസ് എല്ലാവർക്കും പിടികിട്ടിയിട്ടുണ്ട്. വഖഫ് നിയമ ഭേദഗതി ബിൽ പാസ്സാക്കുകയാണ് പ്രശ്നപരിഹാരത്തിനുള്ള ഏക പോംവഴി എന്ന് ശഠിക്കുന്ന ബിഷപ്പുമാരെ പാണക്കാട് തങ്ങൾ കാണുമെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയിൽനിന്ന് തന്നെ വിഷയത്തെ സർക്കാർ വിരുദ്ധ പ്രശ്നമാക്കി മാറ്റിയെടുത്ത് മുതലെടുപ്പിനുള്ള പുറപ്പാടാണെന്ന് വ്യക്തമാകുന്നുണ്ടെന്ന് ഐ.എൻ.എൽ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.