ഏഷ്യാനെറ്റിലെ പരിശോധന നിയമവാഴ്ചയുടെ ഭാഗം, മാധ്യമ സ്വാതന്ത്ര്യം പോലെ പ്രധാനമാണ്‌ മാധ്യമ ധാർമികതയും -എം.വി. ഗോവിന്ദൻ

ഇരിങ്ങാലക്കുട: എഷ്യാനെറ്റ്‌ ഓഫീസിൽ നടന്ന പൊലീസ്‌ പരിശോധന നിയമവാഴ്‌ചയുടെ ഭാഗമായിട്ടുള്ള സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അതിനെ മാധ്യമ വേട്ട എന്നരീതിയിൽ ചിത്രീകരിക്കാൻ ശ്രമിക്കുന്നത്‌ അപക്വമായ സമീനമാണ്‌. മാധ്യമ സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനമാണ്‌ മാധ്യമ ധാർമികതയും. മാധ്യമധാർമിതക്ക്‌ ചേരാത്ത വിധം പ്രവർത്തിച്ച ചാനലിന്റെ പ്രവർത്തനത്തെ ന്യായീകരിക്കുന്നവർ അന്തിമമായി ഹനിക്കുന്നത്‌ മാധ്യമസ്വാതന്ത്ര്യത്തെ തന്നെയാണെന്നും എം വി ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

മാധ്യമസ്വാന്ത്ര്യക്കെുറിച്ചുള്ള പാഠം കോൺഗ്രസിൽ നിന്നും ബി.ജെ.പിയിൽ നിന്നും പാഠിക്കേണ്ട ഒരു ഗതികേടും സി.പി.എമ്മിനോ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കോ ഇല്ല. രാജ്യത്ത്‌ ആദ്യം മാധ്യമപ്രവർത്തനങ്ങൾക്ക്‌ കൂച്ചുവിലങ്ങിട്ടത്‌ ആരായിരുന്നു? അടിയന്തരാവസ്ഥക്കാലത്ത്‌ ഇന്ദിരാഗാന്ധിയാണ്‌ രാജ്യത്ത്‌ മാധ്യമ സെൻസർഷിപ്പ്‌ എർപ്പെടുത്തിയത്‌. ഈ സെൻസർഷിപ്പ്‌ ശക്തമായി നടപ്പിലാക്കിയ വാർത്താപ്രക്ഷേപണ മന്ത്രി വി.സി ശുക്ല അറിയപ്പെട്ടതു തന്നെ ‘ഇന്ത്യൻ ഗീബൽസ്‌’ എന്ന പേരിലാണ്‌. അഭിനവ ഗീബൽസുമാരെ സൃഷ്‌ടിച്ച കോൺഗ്രസിൽ നിന്നും മാധ്യമസ്വാതന്ത്രത്തെക്കുറിച്ച്‌ എന്താണ്‌ പഠിക്കാനുള്ളത്‌? മാധ്യമങ്ങളോട്‌ ഏറ്റവും കുടതൽ അസഹിഹ്‌ണുത കാട്ടുകയും വേട്ടയാടുകയും ചെയ്‌ത സർക്കാർ ഏതാണ്‌ എന്ന്‌ ചോദിച്ചാൽ അത്‌ മോദി സർക്കാരാണെന്ന്‌ സംശയമേതുമില്ലാതെ പറയാം. പ്രധാനമന്ത്രിയെന്ന നിലയിൽ വാർത്താസമ്മേളനം നടത്താത്ത ഏക പ്രധാനമന്ത്രി മോദിയാണെന്നതിനൽ നിന്നു തന്നെ മാധ്യമങ്ങളെ എത്ര പുഛത്തോടെയാണ്‌ മോദി കാണുന്നത്‌ എന്ന്‌ വ്യക്തമാകും.

ലോക മാധ്യമ സ്വാതന്ത്ര്യ സൂചിക യിൽ 180 രാഷ്ട്രങ്ങളിൽ 150 ാം സ്ഥാനത്താണ്‌ ഇന്ത്യയുള്ളത്‌. കോവിഡ്‌ കാലത്ത്‌ ഗംഗയിലുടെ ശവങ്ങൾ ഒഴുകി നടന്ന പടം നൽകിയതിന്‌ ദൈനിക്‌ ഭാസ്‌ക്കർ എന്ന ഹിന്ദി പത്രം ഓഫീസിൽ റെയ്‌ഡ്‌ നടത്തിയവരാണ്‌ ബി.ജെ.പിക്കാർ. അടുത്തയിടെ ബി.ബി.സിയും റെയ്‌ഡ്‌ ചെയ്‌തു. ന്യുസ്‌ക്ലിക്ക്‌ എഡിറ്റർ പ്രബീർ പുർകായസ്‌തയുടെ വീട്ടിൽ 114 മണിക്കൂറാണ്‌(അഞ്ച്‌ ദിവസത്തോളം) ഇഡി റെയ്‌ഡ്‌ നടത്തിയത്‌. എൻ.ഡി.ടി.വിയിലും റെയ്‌ഡ്‌ നടന്നു. കാരവന്റെ മുൻ എഡിറ്ററും മലയാളിയുമായ വിനോദ്‌ കെ. ജോസ്‌, രാജ്‌ദീപ്‌ സർദേശായി എന്നവർക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തു.

ആൾട്ട്‌ ന്യൂസിന്റെ സ്ഥാപകരിലൊരാളായ മുഹമ്മദ്‌ സുബൈറിനെയും കമ്യുണിണലിസം കോമ്പാറ്റ്‌ എഡിറ്റർ ടീസ്‌ത സെതിൽവാദ്, സിദ്ദിഖ്‌ കാപ്പൻ എന്നിവരെയും ജയിലിടച്ചു. ഗൗരി ലങ്കേഷിനെയും ഗോവിന്ദ്‌ പൻസാരയെയും കലബുർഗിയെയും നരേന്ദ്ര ധബോൽക്കറെയും വധിച്ചു. ഇതൊക്കെ ചെയ്‌തവർക്ക്‌ മാധ്യമ സ്വാതന്ത്ര്യക്കെുറിച്ച്‌ പറയാൻ എന്ത്‌ അവകാശമാണുള്ളതെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു.

Tags:    
News Summary - Inspection in Asianet News is part of rule of law says MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.