കൊടുവള്ളി: വേണ്ട രീതിയിൽ സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കാതെ ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികൾ നടന്നുവരുന്ന ദേശീയപാത 766ൽ വാവാടിനും വെണ്ണക്കാടിനുമിടയിൽ തുടർച്ചയായ അപകടങ്ങൾ നടന്നിട്ടും പരിഹാര നടപടികൾ കാണാൻ അധികൃതർ തയാറാവുന്നില്ലെന്ന് ആക്ഷേപം. വിവിധ ഭാഗങ്ങളിലായി രണ്ടു മാസത്തിനിടെ ചെറുതും വലുതുമായ അമ്പതിലേറെ അപകടങ്ങളാണ് നടന്നത്. മദ്റസ ബസാറിൽ ഡിസംബർ 25നുണ്ടായ അപകടത്തിൽ ഗെയില്‍ പൈപ്പിടാനെടുത്ത കുഴിക്ക് സമീപത്ത് വഴിയാത്രക്കാരനും രണ്ട് ബൈക്ക് യാത്രക്കാരും ലോറിക്കടിയില്‍പ്പെട്ട് മരിക്കുകയുണ്ടായി.
ചൊവ്വാഴ്ച രാത്രിയിൽ വാവാട് ഇരുമോത്ത് ഗെയിൽ കുഴിയിൽ ബൈക്ക് വീണ് രണ്ടുപേർക്ക് ഗുരുതര പരിക്കേൽക്കുകയുണ്ടായി. താമരശ്ശേരി ടൗണിലും പ്രവൃത്തി നടക്കുന്ന ഭാഗത്ത് നടന്ന അപകടത്തിൽ ഒരാൾ മരിച്ചു. വാവാട്ട് ചൊവ്വാഴ്ച രോഷാകുലരായ നാട്ടുകാർ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിക്കുകയായിരുന്നു. പ്രവൃത്തികൾ പൂർത്തിയായ ഭാഗങ്ങളിൽ റോഡിലെടുത്ത കുഴികൾ വേണ്ട രീതിയിൽ അടക്കാത്തതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടുകയാണ് ചെയ്യുന്നത്. പ്രവൃത്തികൾ നടന്നുവരുന്നഭാഗത്ത് സുരക്ഷ സംവിധാനമൊരുക്കാത്തതിനാൽ നിരന്തരം അപകടങ്ങളാണ് നടക്കുന്നത്.
നഗരസഭയിലെ വാവാട് പ്രദേശത്തെ കൗണ്‍സിലര്‍മാര്‍ ദേശീയപാത കൊടുവള്ളി സെക്ഷന്‍ ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും സെക്ഷന്‍ അസി. എൻജിനീയര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഒരാഴ്ചക്കകം ആവശ്യമായ നടപടിയെടുക്കാമെന്നായിരുന്നു അറിയിച്ചത്. എന്നാൽ, നാഷനൽ ഹൈവേ അധികൃതരും കമ്പനി അധികൃതരും പ്രതിഷേധങ്ങളും അപകടങ്ങളും ഗൗനിക്കാതെ നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
ചൊവ്വാഴ്ച രാത്രിയിൽ വീണ്ടും വാവാട്ട് അപകടമുണ്ടായതിനെ തുടർന്ന് നഗരസഭ ചെയർമാൻ വി. അബ്ദു, സി.ഐ പി. ചന്ദ്രമോഹൻ, കൗൺസിലർ ടി. മൊയ്തീൻകോയ എന്നിവർ നാഷനൽ ഹൈവേയുടെ കൊടുവള്ളിയിലെ ഡിവിഷൻ ഓഫിസിലെത്തി ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.