തിരുവനന്തപുരം: ത്രികോണ മത്സരം നടക്കുന്ന രണ്ടു മണ്ഡലങ്ങളിൽ പാർട്ടി വോട്ട് ചോർച്ച തടയാൻ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രി പാർട്ടി നേതൃത്വത്തിന് ജാഗ്രതാ നിർദേശം നൽകിയ
ത്. തൃശൂരിൽ ഇതിനായി പ്രത്യേക യോഗം വിളിച്ച മുഖ്യമന്ത്രി, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഒരുതരത്തിലുള്ള ഉദാസീനതയും പാടില്ലെന്ന് നിർദേശം നൽകി. വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി മുന്നറിയിപ്പും നൽകി. ചൊവ്വാഴ്ച തിരുവനന്തപുരത്തും യോഗം വിളിച്ചിട്ടുണ്ട്.
ഇരു മണ്ഡലങ്ങളിലും സി.പി.ഐയാണ് മത്സരിക്കുന്നത്. സാധാരണനിലയിൽ എണ്ണയിട്ട യന്ത്രം കണക്കെ പ്രവർത്തിക്കുന്നതാണ് സി.പി.എമ്മിന്‍റെ സംഘടനാ സംവിധാനം. എന്നാൽ, സി.പി.ഐ സീറ്റുകളിൽ പ്രവർത്തനം വേണ്ടത്ര ചടുലമാകാറില്ലെന്നത് കാലങ്ങളായുള്ള പരാതിയാണ്.
പാർട്ടി നേതൃത്വത്തിന്‍റെ ഭാഗത്തുനിന്ന് അത്തരമൊരു വീഴ്ച സംഭവിക്കരുതെന്നാണ് നേതാക്കളെ പ്രത്യേകം വിളിച്ചിരുത്തി മുഖ്യമന്ത്രി തൃശൂരിൽ പറഞ്ഞത്. ശക്തമായ ത്രികോണ മത്സരത്തിൽ ഇടതുമുന്നണിയുടെ വിജയം ഉറപ്പാക്കാനാണ് മുഖ്യമന്ത്രിയുടെ ഇടപെടലെന്ന് പാർട്ടി കേന്ദ്രങ്ങൾ പറയുന്നു.
ബി.ജെ.പി വിജയിച്ചേക്കുമെന്ന ഘട്ടം വരുമ്പോൾ അതു തടയാൻ ഇടതുപക്ഷത്തിന്‍റെ വോട്ടിൽ ഒരു വിഹിതം കോൺഗ്രസ് സ്ഥാനാർഥികൾക്ക് മറിക്കാറുണ്ട്. മുൻകാലങ്ങളിൽ ഇത്തരത്തിൽ ഇടത് വോട്ടുകൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് സമ്മതിച്ചിട്ടുമുണ്ട്.
തിരുവനന്തപുരവും തൃശൂരും കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ്. രണ്ടിടത്തും ബി.ജെ.പി ഇക്കുറി വലിയ പ്രതീക്ഷ വെക്കുമ്പോൾ ബി.ജെ.പി വിജയം തടയാൻ ആഗ്രഹിക്കുന്ന വോട്ടുകളെല്ലാം ഇടതുപക്ഷത്തിന്‍റേതുൾപ്പെടെ തങ്ങൾക്ക് ലഭിക്കുമെന്നാണ് കോൺഗ്രസ് സ്ഥാനാർഥികളായ ശശി തരൂരും കെ. മുരളീധരനും പ്രതീക്ഷിക്കുന്നത്. വോട്ട് ചോർച്ച തടയാനുള്ള മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ ഈ പ്രതീക്ഷക്ക് കരിനിഴൽ വീഴ്ത്തുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.