തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആക്ഷേപങ്ങളിലും പരാതികളിലും അന്വേഷണം വേഗം പൂർത്തിയാക്കാൻ നിർദേശം. സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം രണ്ടു മാസത്തിനകം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനുള്ള കർശന നിർദേശവും പൊലീസ് ആസ്ഥാനത്തുനിന്ന് ജില്ല പൊലീസ് മേധാവികൾക്ക് നൽകി. സി.പി.ഒ മുതൽ ഡിവൈ.എസ്.പി റാങ്ക് വരെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിരവധി പരാതികളാണുള്ളത്. എന്നാൽ, സ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ച് വർഷങ്ങളായി അന്വേഷണം ഇഴയുകയാണ്.
കുടുംബപ്രശ്നങ്ങൾ മുതൽ ഗുണ്ടാ മാഫിയ ബന്ധം വരെ ചൂണ്ടിക്കാട്ടിയുള്ള പരാതികളുണ്ട്. കാര്യമായ അന്വേഷണം നടക്കാത്തതിനാൽ കുറ്റക്കാർ രക്ഷപ്പെടുകയാണ്. പൊലീസ് മിനിസ്റ്റീരിയൽ വിഭാഗത്തിലെ ചിലരുടെ ഇടപെടലിലൂടെയും അന്വേഷണം അട്ടിമറിക്കപ്പെടുന്നു. നിരന്തരം പരാതി ലഭിച്ച ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി ശിക്ഷാനടപടികൾ കൈക്കൊള്ളും. തുടർച്ചയായി കേസുകളിലുൾപ്പെടുന്ന പൊലീസുകാരുടെയും പട്ടിക തയാറാക്കും.
ക്രമസമാധാന ചുമതലയുള്ള പൊലീസുകാരുടെ രഹസ്യ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാലും രഹസ്യാന്വേഷണ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യുന്നില്ല. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലും ഇക്കാര്യം ചർച്ച ചെയ്യപ്പെട്ടു. രഹസ്യാന്വേഷണ വിഭാഗം ശക്തമാക്കാനും സേനയുടെ പ്രതിഛായക്ക് കളങ്കമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും മുഖ്യമന്ത്രി നിർദേശം നൽകി.
കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് സസ്പെൻഷനിലായ ഉദ്യോഗസ്ഥർക്കെതിരായ വകുപ്പുതല നടപടികളും രണ്ടു മാസത്തിനകം പൂർത്തിയാക്കണമെന്ന് നിർദേശമുണ്ട്. ഗുണ്ട-മാഫിയ ബന്ധം വ്യക്തമായതിനും പ്രതികളുമായി ഒത്തുകളിച്ചതിനും കഴിഞ്ഞദിവസം സസ്പെൻഷനിലായ സി.ഐ, എസ്.ഐമാർക്കെതിരായ അന്വേഷണവും ഉടൻ പൂർത്തിയാക്കണമെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത്കുമാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.