കൽപറ്റ: വയനാട്ടിൽ ആവശ്യത്തിന് ജീവനക്കാരില്ലാതെ എക്സൈസ് വകുപ്പ്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട് വഴി മറ്റു ജില്ലകളിലേക്ക് ലഹരിക്കടത്ത് കൂടുതലാണ്. എന്നാൽ, ആവശ്യമായ ജീവനക്കാരുടെ കുറവ് കാരണം ഇത് തടയുന്നതിന് എക്സൈസ് വകുപ്പിന് പലപ്പോഴും കഴിയാറില്ല. 150 ൽതാഴെ ആളുകൾ മാത്രമാണ് ജില്ലയിൽ എക്സൈസ് വകുപ്പിൽ ജീവനക്കാരായുള്ളത്.
കേരളത്തിൽ ഏറ്റവും കുറവ് ജീവനക്കാരെ നിയമിക്കുന്ന ജില്ലയും വയനാടാണ്. കബനി നദിയിലൂടെയും വനത്തിലെ ഊടുവഴികളിലൂടെയും പുൽപള്ളി കേന്ദ്രീകരിച്ചും വലിയതോതിൽ കേരളത്തിലേക്ക് ലഹരി കടന്നുവരുന്നുണ്ട്. ഇതു തടയാൻ പുൽപള്ളിയിൽ ഒരു എക്സൈസ് സ്റ്റേഷൻ പോലും നിലവിലില്ല. പുൽപള്ളിക്ക് 25 കിലോമീറ്റർ അപ്പുറത്താണ് എക്സൈസ് സ്റ്റേഷൻ.
പുൽപള്ളി, പെരിക്കല്ലൂർ ഭാഗങ്ങളിൽ നിരവധി കോളജ് വിദ്യാർഥികളെ ലഹരി മരുന്ന് ഉപയോഗത്തിന് പലതവണ പിടികൂടുകയും കോളജ് അധികൃതർ പലതവണ നടപടിയെടുക്കുകയും ചെയ്തിരുന്നു. കബനി നദിയിലൂടെയും വനങ്ങൾ കേന്ദ്രീകരിച്ചും നടക്കുന്ന ലഹരിക്കടത്ത് തടയണമെങ്കിൽ പുൽപള്ളിയിൽ എക്സൈസ് സ്റ്റേഷൻ അത്യാവശ്യമാണ്. നിരവധി റിസോർട്ടുകൾ ഉള്ള ജില്ല കൂടിയാണ് വയനാട്. റിസോർട്ടുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് അടക്കമുള്ള ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവും വർധിച്ചിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് വൈത്തിരിയിലെ ഒരു റിസോർട്ടിൽ നിന്ന് ഒമ്പത് പേരെയാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട് പിടികൂടിയത്.
നിലവിൽ ജനമൈത്രി എക്സൈസ് സ്റ്റേഷനുകളില്ലാത്ത വൈത്തിരി, സുൽത്താൻബത്തേരി താലൂക്കുകളിൽ രണ്ടു ജനമൈത്രി എക്സൈസ് സ്റ്റേഷനുകൾ അനുവദിച്ചാൽ പരിധിവരെ ലഹരി മാഫിയയുടെ പ്രവർത്തനം തടയാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. ജില്ലയിൽ എക്സൈസ് വകുപ്പിന് ആവശ്യത്തിന് ജീവനക്കാരില്ലെന്നറിയാവുന്ന ലഹരി മാഫിയ സംഘം വയനാടിനെ കണ്ണൂർ, കോഴിക്കോട് തുടങ്ങിയ ജില്ലകളിലേക്കും അതുവഴി കേരളത്തിലേക്ക് മൊത്തത്തിലും ലഹരി കടത്താനുള്ള ഹബ്ബായി നിലവിൽ ഉപയോഗിക്കുന്നുണ്ട്.
പുതിയ എക്സൈസ് സ്റ്റേഷൻ അനുവദിക്കുന്നതിന് പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ സ്ഥലം വിട്ടുനൽകാൻ തയാറായിട്ടുണ്ട്. കർണാടകയിൽ നിന്ന് കമ്പനി നദി വഴി വലിയ രീതിയിൽ ലഹരിക്കടത്ത് മാഫിയ പ്രവർത്തിക്കുന്നുണ്ട്. ഈ പ്രദേശത്ത് മാത്രം ഈ വർഷം 75ൽ അധികം എൻ.ഡി.പി.എസ് കേസുകൾ മാത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാട്ടുകാരും മറ്റും നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടി കേസുകളാണ് ഇതിൽ മിക്കതും. കർണാടകയിൽ നിന്ന് നേരിട്ട് കടന്നുവരാൻ കഴിയുന്ന വണ്ടിക്കടവും നിരീക്ഷണ സംവിധാനം ഇല്ല.
ഇവിടെ നിരീക്ഷണ സംവിധാനം വരണമെങ്കിൽ എക്സൈസ് റേഞ്ച് ഓഫിസ് വേണം. മൂന്ന് കോളജുകളും അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്ള സ്ഥലമാണ് പുൽപള്ളി. നാടുകാണി ചുരം, കുറ്റ്യാടി ചുരം, പാൽചുരം, പെരിയചുരം, താമരശ്ശേരി ചുരം എന്നിങ്ങനെ അഞ്ചു ചുരങ്ങളാണ് വയനാടിനെ മറ്റു ജില്ലകളുമായി ബന്ധിപ്പിക്കുന്നത്. ഇതിൽ ബംഗളൂരുവിൽ നിന്ന് മുത്തങ്ങ വഴിയുള്ള ലഹരിക്കടത്ത് പിടികൂടുന്നതിനാണ് എക്സൈസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
അതുകൊണ്ടുതന്നെ പുൽപള്ളിയിൽ നിന്ന് മാനന്തവാടി വഴിപാൽ ചുരം, പെരിയ ചുരം എന്നിവയിലൂടെ എളുപ്പത്തിൽ ലഹരി കടത്താൻ കഴിയും.തമിഴ്നാട്ടിൽ നിന്ന് പാട്ടവയൽ - സുൽത്താൻ ബത്തേരി - താമരശ്ശേരി ചുരം വഴിയും നമ്പ്യാർകുന്ന് ചീരാൽ വഴിയും കോഴിക്കോടേക്കും ലഹരിക്കടത്ത് യഥേഷ്ടം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.