പിഴ അടക്കാത്ത വാഹനങ്ങൾക്ക് ഇൻഷുറൻസ് പുതുക്കി നൽകില്ല -മന്ത്രി ആന്‍റണി രാജു

തിരുവനന്തപുരം: റോഡിലെ നിയമലംഘനത്തിന് എ.ഐ കാമറ ചുമത്തുന്ന പിഴ അടക്കാത്തവർക്ക് ഇൻഷുറൻസ് പരിരക്ഷ കിട്ടില്ല. ഇന്‍ഷുറന്‍സ് പരിരക്ഷ തടയാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവുമായും ഇന്‍ഷുറന്‍സ് കമ്പനികളുമായും ബന്ധപ്പെടാൻ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഗതാഗത നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുകയും പിഴ അടക്കാതിരിക്കുകയും ചെയ്യുന്ന വാഹനങ്ങള്‍ കരിമ്പട്ടികയില്‍ പെടുത്താറുണ്ട്. ഇതിനൊപ്പം ഇന്‍ഷുറന്‍സും തടയാനാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.

എ.ഐ കാമറ പ്രവര്‍ത്തന അവലോകന യോഗ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടനിരക്ക് കൂടുന്ന സാഹചര്യത്തില്‍ തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്ന കര്‍ശന നിലപാടിലാണ് സര്‍ക്കാര്‍. എ.ഐ കാമറ പ്രവര്‍ത്തിച്ചു തുടങ്ങിയശേഷം ഇതുവരെ 25 കോടി രൂപ പിഴ ചുമത്തി. ഇതില്‍ 3.37 കോടി രൂപ മാത്രമാണ് പിഴ അടച്ചത്.

ലഭിക്കുന്ന ചിത്രങ്ങള്‍ പരമാവധി സൂക്ഷ്മതയോടെ പരിശോധിച്ചാണ് പിഴ ചുമത്താറുള്ളത്. പരാതി സ്വീകരിക്കാന്‍ ഓണ്‍ലൈന്‍ അപ്പീല്‍ സംവിധാനം സെപ്റ്റംബറിൽ നിലവില്‍ വരും. ഇതര സംസ്ഥാന വാഹനങ്ങളുടെ നിയമലംഘനങ്ങള്‍ക്കും പിഴ ഈടാക്കാന്‍ തുടങ്ങി. നിയമം ലംഘിക്കുന്നതില്‍ ജനപ്രതിനിധികളുടെയും സര്‍ക്കാര്‍ വാഹനങ്ങളുമുണ്ട്. 19 എം.എല്‍.എ വാഹനങ്ങൾക്കും 10 എം.പി വാഹനങ്ങള്‍ക്കും പിഴ ചുമത്തി. ഇതില്‍ പല വാഹനങ്ങളും നിയമലംഘനം ആവര്‍ത്തിച്ചിട്ടുണ്ട്. അമിതവേഗം, സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കുക എന്നിവയാണ് കുറ്റങ്ങള്‍. 328 സര്‍ക്കാര്‍ വാഹനങ്ങളാണ് നിയമലംഘനം നടത്തിയത്.

അപകടങ്ങള്‍ കുറഞ്ഞു

തിരുവനന്തപുരം: എ.ഐ കാമറ കണ്ണുതുറന്ന ശേഷം റോഡപകടങ്ങളിൽ കുറവ്. 2022 ജൂലൈയില്‍ 3316 അപകടങ്ങളില്‍ 313 പേര്‍ മരിക്കുകയും 3992 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെങ്കിൽ ഈ ജൂലൈയിൽ 1201 റോഡപകടങ്ങളാണുണ്ടായത്. 67 പേര്‍ മരിക്കുകയും 1329 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പരിക്കേറ്റവര്‍ ആശുപത്രികളിലുള്ളതിനാല്‍ മരണ കണക്കിൽ വ്യത്യാസമുണ്ടാകാന്‍ സാധ്യതയുണ്ട്.ആഗസ്റ്റ് രണ്ടുവരെ 32.42 ലക്ഷം നിയമലംഘനം കണ്ടെത്തി. 15.83 ലക്ഷം കേസുകളില്‍ പിഴ ചുമത്തി. 3.82 ലക്ഷം പേര്‍ക്ക് പിഴ അടക്കാന്‍ നോട്ടീസ് അയച്ചു. കെല്‍ട്രോണുമായുള്ള സമഗ്ര കരാറില്‍ ആഗസ്റ്റ് എട്ടിനകം അന്തിമ രൂപം കൈവരിക്കുമെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - Insurance will not be renewed for vehicles that do not pay fine - Minister Anthony Raju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.