തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ പരമാവധി പേരെ പരിശോധിക്കാനായി ആരോഗ്യ വകുപ്പ് ഊര്‍ജിത പദ്ധതി ആവിഷ്‌കരിച്ചു. കോവിഡ് പോസിറ്റീവായവരെ എത്രയും വേഗം കണ്ടെത്തി രോഗ വ്യാപനം കുറയ്ക്കുന്നതിനാണ് ഊര്‍ജിത പരിശോധന നടത്തുന്നത്. വാക്‌സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ പരിശോധന വ്യാപകമാക്കും. രോഗവ്യാപനം കണ്ടെത്തുന്ന സ്ഥലങ്ങളും ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ചും പരമാവധി പേരെ പരിശോധിക്കും.
ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, കച്ചവടക്കാര്‍, വിവിധ ഹോമുകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തും. പരിശോധനയ്ക്കായി അവരവര്‍ തന്നെ മുന്‍കയ്യെടുക്കണമെന്നും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ കോവിഡ് പരിശോധന നടത്താനുള്ള സൗകര്യമുണ്ടെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.
ക്ലസ്റ്റര്‍ മേഖലയില്‍ നേരിട്ടെത്തിയും ക്യാമ്പുകള്‍ മുഖേനയും സാമ്പിള്‍ കളക്ഷന്‍ നടത്തുന്നതാണ്. കാലതാമസമില്ലാതെ പരിശോധനാ ഫലം നല്‍കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. പനി, ജലദോഷം, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണമുള്ളവരും രോഗ സാധ്യതയുള്ളവരും കോവിഡ് പോസിറ്റീവ് ആയവരുമായി സമ്പര്‍ക്കത്തിലുള്ള എല്ലാവരും പരിശോധന നടത്തേണ്ടതാണ്.
ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ളവരും ഗുരുതര രോഗമുള്ളവരും ചെറിയ ലക്ഷണമുണ്ടെങ്കില്‍ പോലും പരിശോധന നടത്തി കോവിഡ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തണം. ഇത്തരക്കാര്‍ക്ക് കോവിഡ് ബാധിച്ചാല്‍ പെട്ടന്ന് ഗുരുതരമാകുന്നതിനാല്‍ ശ്രദ്ധിക്കേണ്ടതാണ്. വിവാഹം, ശവസംസ്‌കാരം തുടങ്ങി പൊതു ചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്ക് ആര്‍ക്കെങ്കിലും കോവിഡ് വന്നാല്‍ പങ്കെടുത്തവര്‍ എല്ലാവരും പരിശോധന നടത്തണം.
ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത 2020 ജനുവരി 30ന് ആലപ്പുഴ എന്‍ഐവിയില്‍ മാത്രമുണ്ടായിരുന്ന കോവിഡ് പരിശോധനാ സംവിധാനം ഇപ്പോള്‍ സംസ്ഥാനം മുഴുവന്‍ ലഭ്യമാണ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആന്‍റിജന്‍ പരിശോധന നടത്താനാകും. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ 120 ഓളം ലാബുകളില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുന്നുണ്ട്. 14 മൊബൈല്‍ ലാബുകള്‍ മുഖേനയും കോവിഡ് പരിശോധന നടത്തിവരുന്നു.
പരിശോധനയുടെ കാര്യത്തില്‍ ടെസ്റ്റ് പെര്‍ മില്യണ്‍ ബൈ കേസ് പെര്‍ മില്യണ്‍ എന്ന ശാസ്ത്രീയ മാര്‍ഗമാണ് കേരളം അവലംബിച്ചത്. കേസുകള്‍ കൂടുന്നതനുസരിച്ച് പരിശോധനകളുടെ എണ്ണവും വര്‍ധിപ്പിച്ചു. സംസ്ഥാനത്തെ കോവിഡ് പ്രതിദിന പരിശോധന ആഗസ്റ്റ് മൂന്നിന് 1,99,456 വരെ വര്‍ധിപ്പിച്ചിരുന്നു.
സര്‍ക്കാര്‍ ലാബുകളിലേയും സ്വകാര്യ ലാബുകളിലേയും പരിശോധനകള്‍ ഏകീകൃത ഓണ്‍ലൈന്‍ സംവിധാനമായ ലബോറട്ടറി ഡയഗ്നോസിസ് ആന്‍റ് മാനേജ്‌മെന്റ് സിസ്റ്റം (എല്‍.ഡി.എം.എസ്) പോര്‍ട്ടല്‍ വഴിയാണ് ഏകോപിപ്പിക്കുന്നത്. ജില്ല കോവിഡ് കണ്‍ട്രോള്‍ റൂമും സ്റ്റേറ്റ് കോവിഡ് കണ്‍ട്രോള്‍ റൂമും ഇത് ക്രോഡീകരിക്കുന്നു. മൊബൈലിലൂടെ പരിശോധനാ ഫലം ജനങ്ങള്‍ക്ക് നേരിട്ടറിയാനുള്ള സംവിധാനവും ലഭ്യമാണെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.