ദിവ്യക്ക് ജാമ്യം കിട്ടിയതിൽ വളരെ സന്തോഷം, ഇല്ലെങ്കിൽ വലിയ വിഷമമായേനേ -പി.കെ. ശ്രീമതി

കണ്ണൂർ: എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ സി.പി.എം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യക്ക് ജാമ്യം കിട്ടിയതിൽ വളരെ സന്തോഷമുണ്ടെന്ന് സി.പി.എം നേതാവ് പി.​​​കെ. ശ്രീമതി. ദിവ്യക്ക് ഇപ്പോഴും ജാമ്യം കിട്ടിയില്ലെങ്കിൽ വലിയ ഒരു വിഷമം ഉണ്ടായേനേയെന്നും മഹിള അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ മുൻമന്ത്രി ശ്രീമതി പറഞ്ഞു.

‘ജാമ്യം ഇത്തവണ കിട്ടും എന്നാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്. കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവൾ ജയിലിൽ കിടക്കുകയാണ്. മനപൂർവമല്ലാത്ത നിർഭാഗ്യകരമായ സംഭവം എന്നേ അതിനെ പറയാൻ പറ്റൂ. ദിവ്യക്ക് ഇപ്പോഴും ജാമ്യം കിട്ടിയില്ലെങ്കിൽ വലിയ ഒരു വിഷമം ഉണ്ടായേനേ.. ഏതൊരാൾക്കും നീതി നിഷേധിക്കപ്പെടാൻ പാടില്ല. ദിവ്യക്ക് ജാമ്യം കിട്ടിയത് വ്യക്തിപരമായും ഞങ്ങളുടെ സഘടനാപരമായും ഏറെ സന്തോഷകരമായ കാര്യമാണ്’ -പി.കെ. ശ്രീമതി പറഞ്ഞു.

‘ദിവ്യ പ്രസംഗിച്ചത് തെറ്റ് തന്നെയാണെന്നാണ് അന്നും ഇന്നും പറയുന്നത്. പാകപ്പിഴ ചൂണ്ടിക്കാണിക്കാൻ പാർട്ടിയും പ്രവർത്തകയായ ഞാനും തയാറായിരുന്നു. അതിന്റെ ഭാഗമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽനിന്ന് പുറത്താക്കിയത്. പിന്നെയും പാർട്ടി ചർച്ച ചെയ്ത് ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. കഴിഞ്ഞ തവണ ജാമ്യം നിഷേധിച്ചപ്പോഴൊന്നും ഞാൻ ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ, മനപൂർവം ചെയ്ത കൊലപാതകം, റേപ്പ് അടക്കം ഏത് ഭീകര കുറ്റത്തിനും ജാമ്യം അനുവദിക്കുന്നുണ്ട് എന്നത് കാണാതിരുന്നു കൂടാ. ഇത് മനപൂർവമല്ലാ​ത്ത ഒരു തെറ്റാണ്. ചെയ്യണമെന്ന് വിചാരിച്ച് ചെയ്തതല്ല’ -ശ്രീമതി കൂട്ടിച്ചേർത്തു.

എ.ഡി.എം നവീന്‍ ബാബുവിന്‍റെ മരണത്തിന് പിന്നാലെ പി.പി ദിവ്യയെ തള്ളി ശ്രീമതി രംഗത്തെത്തിയിരുന്നു. ദിവ്യക്ക് വീഴ്ച പറ്റിയെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നുമായിരുന്നു അ​ന്ന് പറഞ്ഞത്. ‘യാത്രയയപ്പ് വേദിയിൽ പോയി അങ്ങനെ പരാമർശം നടത്തേണ്ടതില്ല. വീഴ്ചയുണ്ടായാൽ വെറുതെ ഇരിക്കുന്ന പാർട്ടിയല്ല സിപിഎം. ഏറെ വേദനയുണ്ടാക്കിയ സംഭവമാണ്’ -ശ്രീമതി പറഞ്ഞിരുന്നു.

Tags:    
News Summary - adm naveen babu death: pk sreemathi Very happy in PP Divya's bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.