‘ട്രോളി വിവാദം ട്രാപ്പ്, അതിൽ വീഴരുത്’; ജില്ല സെക്രട്ടറി വിശദീകരിച്ചിട്ടും നിലപാട് മാറ്റാതെ കൃഷ്ണദാസ്

പാലക്കാട്: കള്ളപ്പണവും ട്രോളിയും തെരഞ്ഞെടുപ്പിലെ പ്രചാരണ വിഷയമാണെന്ന സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി എൻ. സുരേഷ് ബാബുവിന്‍റെ നിലപാട് തള്ളിയും തന്‍റെ നിലപാട് ആവർത്തിച്ചും സംസ്ഥാന സമിതിയംഗം എൻ.എൻ കൃഷ്ണദാസ്. ട്രോളി വിവാദം ട്രാപ്പാണെന്നും അതിൽ വീഴരുതെന്നും കൃഷ്ണദാസ് പറഞ്ഞതായി ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ പാർട്ടി കേന്ദ്രങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും കൃഷ്ണദാസ് വ്യക്തമാക്കി.

പാലക്കാട് ട്രോളിയല്ല, വികസനമാണ് ചര്‍ച്ചയാക്കേണ്ടതെന്നാണ് രാവിലെ എന്‍.എന്‍ കൃഷ്ണദാസ് പറഞ്ഞത്. മന്ത്രി എം.ബി രാജേഷ് എന്തിനാണ് ട്രോളി വിവാദം ഉന്നയിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.

കള്ളപ്പണമുണ്ടെങ്കില്‍ അത് കണ്ടെത്തേണ്ടത് സി.പി.എം അല്ല, പൊലീസ് ആണ്. രാഷ്ട്രീയമാണ് തെരഞ്ഞെടുപ്പിലെ പ്രശ്നം. പാവപ്പെട്ട മനുഷ്യന്‍റെ ജീവിതപ്രശ്നം തെരഞ്ഞെടുപ്പ് സമയത്തല്ലാതെ എപ്പോഴാണ് ചർച്ച ചെയ്യേണ്ടത്. വോട്ട് സമയത്തല്ലേ എല്ലാവരെയും കണ്ടത്. അപ്പോഴല്ലേ എം.എൽ.എയെയും എം.പിയെയും കാണുന്നത്. വികസനമല്ലേ ചർച്ച ചെയ്യേണ്ടതെന്നും കൃഷ്ണദാസ് ചോദിച്ചു.

ഇതുപോലെ ദുരന്തമായ നഗരം കേരളത്തിൽ വേറെ ഉണ്ടാവില്ല. മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണിൽ പൊടിയിടരുത്. രാഷ്ട്രീയം ചർച്ച ചെയ്യണം. രാഷ്ട്രീയം ചർച്ച ചെയ്താൽ യു.ഡി.എഫും ബി.ജെ.പിയും തോൽക്കും. കമ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയം എന്നാൽ മനുഷ്യരുടെ ജീവിതമാണ് അജണ്ട. ഏത് തെരഞ്ഞെടുപ്പിനെയും രാഷ്ട്രീയമായാണ് എൽ.ഡി.എഫ് കാണുന്നതെന്നും കൃഷ്ണദാസ് വ്യക്തമാക്കി.

അതേസമയം, എന്‍.എന്‍ കൃഷ്ണദാസിന്‍റെ വാദം തള്ളി സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി എൻ. സുരേഷ് ബാബു രംഗത്തെത്തി. കള്ളപ്പണ വിവാദവും തെരഞ്ഞെടുപ്പിലെ പ്രചാരണ വിഷയമാണെന്ന് സുരേഷ് ബാബു പറഞ്ഞു.

ജനകീയ വിഷയങ്ങൾക്കൊപ്പം കള്ളപ്പണവും ചർച്ചയാകും. യു.ഡി.എഫിനെതിരെ എല്ലാ ജനകീയ, രാഷ്ട്രീയ വിഷയങ്ങളും ചർച്ചയാകുന്നുണ്ട്. കൃഷ്ണദാസ് പറഞ്ഞ കാര്യങ്ങൾ താൻ മനസിലാക്കിയിട്ടില്ല. കൃഷ്ണദാസ് പറഞ്ഞതിനോട് അദ്ദേഹത്തോട് തന്നെ ചോദിക്കണം. പാർട്ടിക്ക് പ്രതിസന്ധിയില്ലെന്നും സുരേഷ് ബാബു പറഞ്ഞു.

എന്നാൽ, പാലക്കാട്ടെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്ങ്ങളും രാഷ്ട്രീയവുമാണ് തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടതെന്ന് മുമ്പേ പറഞ്ഞതാണെന്ന് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. സി.പി.എമ്മിലെ അഭിപ്രായ ഭിന്നത കൃഷ്ണദാസിന്‍റെ വാക്കുകളിലൂടെ പുറത്തുവന്നു. ആദ്യത്തെ സി.സിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത് സി.പി.എം ആണ്. ആ ദൃശ്യങ്ങൾ സി.പി.എം ജില്ല സെക്രട്ടറിയുടെ വാദത്തിന് ഘടകവിരുദ്ധമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

കമ്യൂണിസ്റ്റ് ജനത പാർട്ടിയുടെ സംയുക്ത സ്ഥാനാർഥിയായ സി. കൃഷ്ണകുമാറിനെ സഹായിക്കാനുള്ളതാണെന്ന ശക്തമായ വാദം സി.പി.എമ്മിനുള്ളിലുണ്ട്. ഭിന്നതയുടെ ഭാഗമായാണ് മുതിർന്ന നേതാവ് ട്രോളി ബാഗ് വലിച്ചെറിയാൻ പറഞ്ഞത്.

വ്യാജ പ്രചരണമാണ് സി.പി.എം നടത്തുന്നത്. ഇനി താൻ കൊലക്കേസിലെ പ്രതിയാണെന്ന് വരെ അവർ പറയും. അത് പുനരാവിഷ്കരിക്കാൻ ചിലർ വരുകയും ചെയ്യും. നീചവും നിന്ദ്യവുമായ ആരോപണം ഉന്നയിക്കാൻ ഒരു മടിയുമില്ലാത്ത ആളുകളാണ് സി.പി.എം എന്ന് തെളിയിക്കപ്പെട്ടു. ട്രോളി വിവാദം സി.പി.എം എത്രമാത്രം കൊണ്ടു പോകുന്നോ അത്രയും യു.ഡി.എഫിന് ഗുണം ചെയ്യുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.

Tags:    
News Summary - Trolley controversy; NN Krishnadas did not change his position

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.