പാലക്കാട്: പറമ്പിക്കുളം-ആളിയാർ കരാർ ലംഘനം തുടർന്ന് തമിഴ്നാട്. ഞായറാഴ്ച വൈകുന്നേരം മുതൽ കരാർ പ്രകാരം കേരളത്തിലേക്ക് വിട്ടുകൊടുക്കേണ്ട വെള്ളം മുഴുവനായും തമിഴ്നാട്ടിലേക്ക് തുറന്നുവിട്ടു. പറമ്പിക്കുളം അണക്കെട്ടിൽനിന്ന് ആളിയാർ അണക്കെട്ടിലേക്ക് തുറന്നുവിടേണ്ട വെള്ളമാണ് തമിഴ്നാട് തിരുമൂർത്തി ഡാമിലേക്ക് മുഴുവനായും കൊണ്ടുപോകുന്നത്. തമിഴ്നാട്ടിലെ കർഷകരുടെ പ്രതിഷേധത്തെ തുടർന്നാണ് അധികൃതരുടെ നടപടി. കേരളത്തിന് വെള്ളം വിട്ടുകൊടുക്കുന്നതിൽ പ്രതിഷേധിച്ച് തമിഴ്നാട് ഇറിഗേഷൻ ചീഫ് എൻജിനീയറെ പൊള്ളാച്ചിയിൽ കർഷകർ ഉപരോധിച്ചതിനെ തുടർന്നാണ് തമിഴ്നാട് ആളിയാറിലേക്ക് വെള്ളം ഒഴുക്കുന്നത് നിർത്തിവെച്ചത്.
തമിഴ്നാട് നടപടിക്കെതിരെ കേരളം ഉദ്യോഗതലത്തിൽ നടപടി സ്വീകരിച്ചു. കേരളത്തിന് കരാർ പ്രകാരം അർഹതപ്പെട്ട വെള്ളം ആളിയാറിലേക്ക് തുറന്നുവിടണമെന്ന് പി.എ.പി. ജോയൻറ് ഡയറക്ടർ തമിഴ്നാട് ചീഫ് എൻജിനീയർക്ക് കത്ത് നൽകി. കേരളത്തിന് ആവശ്യമായ വെള്ളം ആളിയാറിൽ കരുതിയതിന് ശേഷം മാത്രമേ തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാവൂ എന്നും കത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന ജലവിഭവ മന്ത്രി മാത്യു ടി. തോമസിനോടും വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാട് നിരന്തരം കരാർ ലംഘിക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡിസംബർ ആറിന് യോഗം വിളിക്കാനിരിക്കെയാണ് തമിഴ്നാട് ഗുരുതര ലംഘനവുമായി മുന്നോട്ടുപോകുന്നത്.
മേഖലയിലെ മഴവെള്ളം ചിറ്റൂർ പുഴയിലേക്ക് കടത്തിവിടാതെ കോണ്ടൂർ കനാലിലൂടെ മുഴുവനായി തിരുമൂർത്തി ഡാമിലേക്ക് കൊണ്ടുപോകുന്നതായും ആരോപണമുണ്ട്. ഇതിനായി കൊണ്ടൂർ കനാലിലെ പ്രത്യേക സംവിധാനം അടച്ചു. ഇതാണ് ഭേദപ്പെട്ട മഴ ലഭിച്ചിട്ടും ചിറ്റൂർ പുഴയിലെ നീരൊഴുക്ക് കുറയാൻ പ്രധാന കാരണം. ഇത് തടയാൻ കേരളത്തിലെ ഉദ്യോഗസ്ഥർ ഇടപെടുന്നില്ലെന്നും കർഷകർക്ക് പരാതിയുണ്ട്.
ആളിയാർ നദിയുടെ പ്രധാന പോഷക നദികളായ പാലാർ, നല്ലാർ നദികളിൽ കരാർ ലംഘിച്ച് തമിഴ്നാട് നാല് ചെക്ഡാമുകൾ നിർമാണവും തുടരുകയാണ്. 46 കോടി ചെലവിൽ രണ്ട് ചെക്ഡാമുകളുടെ നിർമാണം പൂർത്തിയാക്കി. രണ്ടെണ്ണത്തിെൻറ നിർമാണം പുരോഗമിക്കുകയാണ്. ഇക്കാര്യം ജോയൻറ് ഡയറക്ടർ രേഖാമൂലം ജലവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയെ അറിയിച്ചെങ്കിലും കൃത്യമായി ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. അന്തർ സംസ്ഥാന നദീജല കരാർ ലംഘിച്ച് കോടിക്കണക്കിന് രൂപയുടെ പദ്ധതിയാണ് തമിഴ്നാട് സംസ്ഥാനത്തിനകത്തെ നദികളിൽ വിഭാവനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.