തിരുവനന്തപുരം: നികുതിവിഹിതമായി 4000 കോടി കേന്ദ്രത്തിൽനിന്ന് ലഭിച്ചതോടെ സംസ്ഥാനത്തിന്‍റ കടുത്ത സാമ്പത്തിക ഞെരുക്കത്തിന് താൽക്കാലികാശ്വാസം. നികുതി വിഹിതമായി 2736 കോടിയും ഐ.ജി.എസ്.ടി വിഹിതമായി 1264 കോടിയുമാണ് ലഭിച്ചത്. ഇതോടെ ട്രഷറി ഓവർ ഡ്രാഫ്റ്റിൽനിന്ന് ഒഴിവായി. ശമ്പളവും പെൻഷനും വൈകുമെന്ന പ്രതിസന്ധിയും മാറിക്കിട്ടി.
രൂക്ഷ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് 4000 കോടി നേരിയ ആശ്വാസമേ ആകുന്നുള്ളൂവെന്ന് ധനവകുപ്പ് പറയുന്നു. സാമ്പത്തിക വർഷാവസാനമായ മാർച്ചിൽ 22,000 കോടിയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. പുറമേ ആറ് മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശികയാണ്. ഇതിന് മാത്രം 5400 കോടി വേണം. കാരുണ്യ ചികിത്സ പദ്ധതിയിലെ കുടിശ്ശിക തീർക്കാൻ 1000 കോടിയോളം കണ്ടെത്തണം. കടമെടുപ്പ് പരിധി കഴിഞ്ഞതോടെ ആ വഴിക്കും പ്രതീക്ഷയില്ല. അർഹമായ കടമെടുപ്പ് പരിധിയിൽനിന്ന് വായ്പയെടുത്ത തുക തിരിച്ചടച്ചാൽ അത്ര തുക വീണ്ടും വായ്പയെടുക്കാം. അതിനുള്ള അനുമതിയും കേന്ദ്രം നൽകിയിട്ടില്ല. വൈദ്യുതി മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിന് ലഭിക്കേണ്ട തുകയുടെ കാര്യത്തിലും ചവിട്ടിപ്പിടുത്തമാണ്.
സാമ്പത്തിക പ്രതിസന്ധി കനത്തതോടെ ട്രഷറി നിക്ഷേപം വഴി പണം സമാഹരിക്കാൻ സർക്കാർ തിരക്കിട്ട നീക്കം ആരംഭിച്ചിട്ടുണ്ട്. 91 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.5 ശതമാനം പലിശ പ്രഖ്യാപിച്ചാണ് നിക്ഷേപം ആകർഷിക്കുന്നത്. നിക്ഷേപങ്ങളുടെ സമയപരിധി അനുസരിച്ച് വിവിധ സ്ലാബായി തിരിച്ചുള്ള വ്യത്യസ്ത പലിശ നിരക്കുകളാണ് നിലവിൽ.
46 മുതൽ 90 ദിവസം വരെ 5.4 ശതമാനവും 91 മുതൽ 180 ദിവസം വരെ 5.9 ശതമാനവുമാണ് പലിശ. രണ്ടുവർഷം മുതൽ മുകളിലേക്കുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് മാത്രമാണ് 7.5 ശതമാനം പലിശ. ഇതാണ് 91 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്കും ബാധകമാക്കിയത്. മാർച്ച് ഒന്നുമുതൽ 25 വരെയുള്ള നിക്ഷേപങ്ങൾക്കേ ഈ ആനുകൂല്യമുള്ളൂ. മാർച്ചിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇത് ഉപകരിക്കുമെങ്കിലും ഇത്തരം ട്രഷറി നിക്ഷേപവും സംസ്ഥാനത്തിന്‍റെ പൊതു കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തുമെന്ന വിനയുണ്ട്. ഇതാണ് ചുരുങ്ങിയ കാലത്തേക്ക് മാത്രമായി ആനുകൂല്യം പരിമിതപ്പെടുത്തിയത്.
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്ന് ലഭിച്ച 4000 കോടി സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്ര വിഹിതമാണെന്നും അല്ലാതെ, കേന്ദ്രത്തിൽ നിന്നുള്ള പ്രത്യേക സാമ്പത്തിക സഹായമല്ലെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളത്തിന് മാത്രമല്ല, എല്ലാ സംസ്ഥാനത്തിനും ആനുപാതിക വിഹിതം ലഭിച്ചിട്ടുണ്ട്. സാധാരണ ഗതിയിൽ കേരളത്തിന് അർഹമായും ലഭിക്കേണ്ട 13,609 കോടി രൂപയുടെ വായ്‌പാനുമതി കേന്ദ്രം നിഷേധിച്ചിരിക്കുകയാണ്. -ബാലഗോപാൽ ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.