കൊച്ചി: തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയാൻ രൂപവത്കരിച്ച ആഭ്യന്തര പരാതിപരിഹാര സമിതി (ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി -ഐ.സി.സി) റിപ്പോർട്ടുകളിൽ കൂടുതലും സ്ഥാപനത്തിന് അനുകൂലമായതും പക്ഷപാതപരവുമാണെന്ന് ഹൈകോടതി. ഇത്തരം റിപ്പോർട്ടുകൾ ഞെട്ടലുണ്ടാക്കുന്നതാണ്. എന്നാൽ, ആഭ്യന്തര സമിതികളുടെ ‘ക്ലീൻ ചിറ്റ്’ അന്തിമമല്ലെന്നും മുഖവിലക്കെടുക്കാനാവില്ലെന്നും പൊലീസ് കേസിനെ ബാധിക്കില്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. ലൈംഗികാതിക്രമ ആരോപണമുന്നയിച്ച് നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന കൊല്ലത്തെ ഒരു കോളജ് മേധാവിയുടെ ഹരജി തള്ളിയാണ് കോടതി നിരീക്ഷണം.
കോളജ് പ്രിൻസിപ്പലിന്റെയും വകുപ്പ് മേധാവിയുടെയും ചുമതലയുള്ള സമയത്ത് ഒരു വനിത പ്രഫസറോട് ഹരജിക്കാരൻ അനുചിതമായ പരാമർശം നടത്തുകയും ലൈംഗിക താൽപര്യത്തോടെ സംസാരിക്കുകയും ചെയ്തെന്നാണ് കേസ്.
എന്നാൽ, ആഭ്യന്തര സമിതി അന്വേഷണത്തിൽ തനിക്കെതിരെ ആരോപണമില്ലെന്നും കേസ് റദ്ദാക്കണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം. എന്നാൽ, ഐ.സി.സി റിപ്പോർട്ടിന്റെ വിശ്വാസ്യത സമഗ്രമായ സൂക്ഷ്മപരിശോധനക്ക് വിധേയമാണെന്നും ഇരയാക്കപ്പെട്ട വ്യക്തിക്ക് നേരിട്ട് പൊലീസിൽ പരാതി നൽകാമെന്നും കോടതി വ്യക്തമാക്കി. പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ അക്കാര്യം വ്യക്തമാക്കി അന്തിമറിപ്പോർട്ട് നൽകുകയും ചെയ്യണം. ഐ.സി.സി റിപ്പോർട്ടിലെ കണ്ടെത്തലുകൾ പൊലീസ് കേസിനെ ഒരുവിധത്തിലും ബാധിക്കില്ല. പോഷ് നിയമത്തിലെ 28ാം വകുപ്പിൽ പരാമർശിക്കുന്ന പോലെ ക്രിമിനൽ നിയമങ്ങൾക്ക് പുറമേയുള്ളതാണ് ഐ.സി.സി. അതിനാൽ, ജോലിസ്ഥലത്തെ പീഡനക്കേസുകളാണെങ്കിലും ഇതുസംബന്ധിച്ച പൊലീസ് അന്വേഷണത്തിന് ഐ.സി.സി റിപ്പോർട്ട് തടസ്സമല്ല. പൊലീസിന്റെ കണ്ടെത്തലിന് വിരുദ്ധമാണ് ഐ.സി.സി റിപ്പോർട്ടെങ്കിലും ബാധകമാവില്ലെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.