തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വെള്ളിയാഴ്ച മുതൽ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയറ്ററുകളിലായി സംഘടിപ്പിക്കുന്ന രാജ്യാന്തര, ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
26ന് വൈകീട്ട് ആറിന് കൈരളി തിയറ്ററിൽ മന്ത്രി വി.എൻ. വാസവന്‍റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം ഡോക്യുമെന്‍ററി സംവിധായികയും എഡിറ്ററുമായ റീന മോഹന് മുഖ്യമന്ത്രി സമ്മാനിക്കും. ഐ.ഡി.എസ്.എഫ്.എഫ്.കെ
ചടങ്ങിനുശേഷം ഉദ്ഘാടന ചിത്രമായ മരിയുപോളിസ് 2 പ്രദർശിപ്പിക്കും. യുക്രെയ്ൻ യുദ്ധത്തിന്‍റെ സംഘർഷഭരിതമായ കാഴ്ചകൾ പകർത്തുന്ന ഈ ചിത്രം ലിത്വേനിയ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്. യുക്രെയ്ൻ നഗരത്തിലെ ജനജീവിതത്തിന്‍റെ ദുരിതവും സഹനങ്ങളും വരച്ചുകാട്ടുന്ന ഈ ചിത്രത്തിന് 112 മിനിറ്റ് ദൈർഘ്യമുണ്ട്.
44 രാജ്യങ്ങളിൽ നിന്നുള്ള 261 സിനിമകളാണ് ആറുദിവസം നീളുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്. 1200ൽപരം പ്രതിനിധികളും ചലച്ചിത്രപ്രവർത്തകരായ 250ഓളം അതിഥികളും മേളയിൽ പങ്കെടുക്കും. ലോങ് ഡോക്യുമെന്‍ററി, ഷോർട്ട് ഡോക്യുമെന്‍ററി, ഷോർട്ട് ഫിക്ഷൻ, കാമ്പസ് ഫിലിംസ് എന്നിവയാണ് മേളയിലെ മത്സര വിഭാഗങ്ങൾ.
ആകെ 69 ചിത്രങ്ങളാണ് മത്സര വിഭാഗത്തിൽ ഉള്ളത്. അന്താരാഷ്ട്ര വിഭാഗത്തിൽ 56 ഡോക്യുമെന്‍ററികളും ഹ്രസ്വചിത്രങ്ങളും പ്രദർശിപ്പിക്കും. ബെസ്റ്റ് ഓഫ് ദ വേൾഡ് വിഭാഗത്തിൽ വിവിധ അന്താരാഷ്ട്ര മേളകളിൽ അംഗീകാരങ്ങൾ വാരിക്കൂട്ടിയ 19 സിനിമകൾ പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.