തിരുവനന്തപുരം: നിറത്തിന്‍റെ പേരിൽ അപമാനിക്കപ്പെട്ടെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്നെഴുതിയ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
തന്‍റെയും ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ വേണുവിന്‍റെയും നിറവ്യത്യാസത്തെ കുറിച്ച് സുഹൃത്ത് താരതമ്യം ചെയ്തെന്നും ചീഫ് സെക്രട്ടറിയായി ചുമതല ഏറ്റെടുത്തത് മുതൽ ഈ താരതമ്യം നേരിടേണ്ടി വരുന്നുണ്ടെന്നും ശാരദ പറഞ്ഞിരുന്നു. ശാരദ എഴുതിയ ഓരോ വാക്കും ഹൃദയസ്പർശിയാണെന്നും ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
‘സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരൻ. നിങ്ങൾ എഴുതിയ ഓരോ വാക്കും ഹൃദയസ്പർശിയാണ്. ചർച്ച ചെയ്യപ്പെടേണ്ടതുമാണ്. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു’ -എന്നായിരുന്നു സതീശന്‍റെ പോസ്റ്റ്. ശാരദ മുരളീധരനു പിന്തുണയുമായി നിരവധി പേരാണ് രംഗത്തുവരുന്നത്.
കഴിഞ്ഞദിവസം തന്നെ കാണാൻ വന്ന ഒരു സുഹൃത്താണ് ഇത്തരത്തിൽ അധിക്ഷേപ പരാമർശം നടത്തിയതെന്ന് ശാരദ പറഞ്ഞിരുന്നു. കറുപ്പ് മനോഹരമാണെന്ന് പറഞ്ഞാണ് അവരുടെ പോസ്റ്റ് അവസാനിക്കുന്നത്.
‘‘ഇന്ന് രാവിലെ (ബുധനാഴ്ച) ഞാൻ ഇട്ട ഒരു പോസ്റ്റാണിത്, പിന്നീട് പ്രതികരണങ്ങളുടെ ബാഹുല്യം കണ്ട് ഞാൻ അസ്വസ്ഥനായി ഡിലീറ്റ് ചെയ്തു. ചർച്ച ചെയ്യേണ്ട ചില കാര്യങ്ങൾ അവിടെയുണ്ടെന്ന് ചില അഭ്യുദയകാംക്ഷികൾ പറഞ്ഞതിനാലാണ് ഞാൻ ഇത് വീണ്ടും പോസ്റ്റ് ചെയ്യുന്നത്.
എന്തിനാണ് ഞാൻ ഇക്കാര്യം പ്രത്യേകം ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുന്നത്. അതേ, എന്റെ മനസിന് മുറിവേറ്റു. കഴിഞ്ഞ ഏഴ് മാസം മുഴുവൻ എന്റെ മുൻഗാമിയുമായുള്ള ഇത്തരം താരതമ്യങ്ങളുടെ ഘോഷയാത്രയിലായിരുന്നു.
തീവ്രമായ നിരാശയോടെ നാണക്കേട് തോന്നേണ്ട ഒരു കാര്യമാണെന്ന രീതിയിൽ കറുത്ത നിറമുള്ള ഒരാൾ എന്നു മുദ്ര ചാർത്തപ്പെടുന്നതിനെപ്പറ്റിയാണിത് (വനിതായായിരിക്കുക എന്ന നിശബ്ദമായ ഉപവ്യാഖ്യാനത്തിനൊപ്പം). കറുപ്പെന്നാൽ കറുപ്പ് എന്ന മട്ടിൽ. നിറമെന്ന നിലയിൽ മാത്രമല്ലിത്.
കറുപ്പ് വെറുമൊരു നിറം മാത്രമല്ല, നല്ലതല്ലാത്ത കാര്യങ്ങളെ, അസ്വസ്ഥതയെ, തണുത്ത സ്വേച്ഛാധിപത്യത്തെ, ഇരുട്ടിന്‍റെ ഹൃദയത്തെ... പക്ഷേ കറുപ്പിനെ ഇങ്ങനെ നിന്ദിക്കുന്നത് എന്തിനാണ്. കറുപ്പ് എന്നത് പ്രപഞ്ചത്തിലെ സർവവ്യാപിയായ സത്യമാണ്. എന്തിനെയും ആഗിരണം ചെയ്യാൻ കഴിവുള്ള, മനുഷ്യകുലത്തിന് അറിയാവുന്ന ഏറ്റവും കരുത്തുറ്റ ഊർജത്തിന്റെ തുടിപ്പ്. എല്ലാവർക്കും ചേരുന്ന നിറപ്പൊരുത്തം. ഓഫിസിലേക്കുള്ള ഡ്രസ് കോഡ്, സായാഹ്നവേളയിലെ ഉടയാടയഴക്, കൺമഷിയുടെ കാതൽ, മഴയുടെ വാഗ്ദാനം, എന്നിങ്ങനെ
നാലുവയസുള്ളപ്പോൾ ഞാൻ അമ്മയോട് ചോദിച്ചിട്ടുണ്ട്, വീണ്ടും ഗർഭപാത്രത്തിലേക്ക് തിരിച്ചെടുത്ത് എന്നെ വെളുത്ത നിറമുള്ള കുട്ടിയായി ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന്. നല്ല നിറമില്ലെന്ന വിശേഷണത്താലാണ് കഴിഞ്ഞ അമ്പത് വർഷമായി ജീവിക്കുന്നത്.
കറുപ്പിലെ ഭംഗി തിരിച്ചറിയാത്തതിൽ, വെളുത്ത തൊലിയിൽ ആകൃഷ്ടയായതിൽ ഉൾപ്പെടെ ഇത്തരം വിശേഷണത്തിൽ ജീവിച്ചതിൽ എനിക്ക് പ്രായശ്ചിത്വം ചെയ്യേണ്ടതുണ്ട്.
കറുപ്പിൽ ഞാൻ കണ്ടെത്താത്ത സൗന്ദര്യം എന്റെ മക്കളാണ് കണ്ടെത്തിയത്. കറുപ്പിന്റെ പാരമ്പര്യത്തോട് അവർക്ക് ആരാധനയായിരുന്നു. ഞാൻ കാണാതിരുന്ന ഭംഗി അവരതിൽ കണ്ടത്തിക്കൊണ്ടേയിരുന്നു. കറുപ്പെന്നാൽ അതിസുന്ദരമാണെന്ന് അവർ കരുതി. കറുപ്പിന്റെ അഴക് എനിക്കവർ കാട്ടിത്തന്നു. ആ കറുപ്പ് മനോഹരമാണ്, കറുപ്പ് അതിമനോഹരമാണ് ’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.