മാനഭംഗക്കേസ് ഒതുക്കാന്‍ ഇടപെട്ടു; കേരള പൊലീസിനെതിരെ ആദ്യത്തെ ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: പൊലീസിനെതിരെ സംസ്ഥാനത്ത് ആദ്യമായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തു. മാനഭംഗക്കേസ് ഒതുക്കിയതിന് പ്രതിഫലമായി വൻ തുക കൈപ്പറ്റിയെന്ന പരാതിയിൽ നാല് പൊലീസുകാർക്കെതിരെയാണ് കേസെടുത്തത്.

തൃശൂര്‍ കൊടകരയില്‍ പൊതുപ്രവര്‍ത്തകനായ അജിത് കൊടകര നല്‍കിയ പരാതിയിലാണ് നടപടി. മകന്‍ പ്രതിയായ മാനഭംഗക്കേസ് ഒതുക്കാന്‍ പാറമട ഉടമയില്‍നിന്ന് പണം വാങ്ങിയെന്നാണ് പരാതി. എറണാകുളം ജില്ലയിലെ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്.എച്ച്.ഒ സുരേഷ്‌കുമാര്‍, എ.എസ്‌.ഐ ജേക്കബ്, സി.പി.ഒ ജ്യോതി ജോര്‍ജ്ജ്, കൊടകര എസ്.എച്ച.ഒ അരുണ്‍ ഗോപാലകൃഷ്ണന്‍ എന്നിവർക്കെതിരെയാണ് കേസ്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും നേരത്തെ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ നേരത്തേ കത്ത് നല്‍കിയിരുന്നു.

മാനഭംഗക്കേസിൽ അറസ്റ്റ് നടക്കാത്തതിനെ തുടർന്ന് യുവതി ഹൈകോടതിയിൽ കേസ് നൽകുകയായിരുന്നു. പരാതിക്കാരിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും പണം തട്ടാൻ കേസ് കെട്ടിച്ചമച്ചതിന് കൊടകര സ്റ്റേഷനിൽ പെൺകുട്ടിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുമായിരുന്നു തടിയിട്ടപ്പറമ്പ് പൊലീസ് 2020 സെപ്തംബർ 30ന് നൽകിയ ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലം. ഇതാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് വിനയായത്. ഒക്ടോബർ 30നാണ് പെൺകുട്ടിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരിയെ കുടുക്കാനായി തടിയിട്ട പറമ്പിലേയും കൊടകരയിലേയും പൊലീസ് ഉദ്യോഗസ്ഥർ ഒത്തുകളിച്ചുവെന്നും വലിയ തുക കൈപ്പറ്റിയെന്നും ഇതോടെയാണ് വെളിപ്പെട്ടത്.

നേരത്തെ ഉദ്യോഗസ്ഥര്‍ക്ക് എതിരായ പരാതി ചാലക്കുടി ഡിവൈ.എസ്.പി. അന്വേഷിച്ചിരുന്നു. എന്നാല്‍ പോലീസുകാർ കുറ്റക്കാരല്ലെന്ന അനുകൂല റിപ്പോര്‍ട്ടാണ് നല്‍കിയത്. എന്നാൽ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കൊടകര സ്റ്റേഷന്‍ എസ്എച്ച്ഒ. ആയിരുന്ന അരുണ്‍ ഗോപാലകൃഷ്ണനെതിരേ വകുപ്പുതലനടപടിക്ക് ശുപാര്‍ശയും ചെയ്തിരുന്നു. പരാതിക്കാരനായ അജിത് കൊടകരയില്‍ നിന്നും തെളിവുകളും മൊഴിയും ഇ.ഡി ശേഖരിച്ചിരുന്നു. 

Tags:    
News Summary - Intervened to settle rape case; The first ED case was registered against the Kerala Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.