കൊണ്ടോട്ടി: ഹജ്ജ് അപേക്ഷകര്‍ ഏറെയുള്ള കേരളത്തിലെ തീര്‍ഥാടകരുടെ പുറപ്പെടല്‍ കേന്ദ്രം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുനഃസ്ഥാപിക്കാന്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്മാന് എ.പി. അബ്ദുല്ലക്കുട്ടി. ചുമതലയേറ്റെടുത്ത ശേഷം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം കരിപ്പൂരില്‍ പുനഃസ്ഥാപിക്കണമെന്നത് ന്യായമായ ആവശ്യമാണ്. മലബാറിന്റെ അഭിമാന പ്രശ്നമാണിത്. ഇത്തവണ പുറപ്പെടല്‍ കേന്ദ്രം മാറ്റി സ്ഥാപിക്കുന്നത് സമയക്കുറവിനാല്‍ പ്രായോഗികമല്ല. എന്നാല്‍, അടുത്ത വര്‍ഷം മുതല്‍ തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള തീരുമാനങ്ങള്‍ക്കാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രാധാന്യം നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഏറ്റവുമധികം ഹജ്ജ് അപേക്ഷകരുള്ള കേരളത്തിനും മലയാളികള്‍ക്കുമുള്ള അംഗീകാരമായാണ് സംസ്ഥാനത്തു നിന്നുള്ള ആദ്യ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്മാൻ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാന കമ്മിറ്റികളുടെ സഹകരണത്തോടെ തീർഥാടനം കുറ്റമറ്റതാക്കി മാറ്റുമെന്നും മികച്ച സൗകര്യങ്ങളൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹജ്ജ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ച സൗദിയില്‍ സന്ദര്‍ശനം നടത്തും. ക്വോട്ട വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ കൂടിയായ എ.പി. അബ്ദുല്ലക്കുട്ടിക്ക് ബി.ജെ.പി ജില്ല കമ്മിറ്റിയുടെയും ന്യൂനപക്ഷ മോര്‍ച്ച ജില്ല കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് സ്വീകരണം. പി.ആര്. രശ്മില് നാഥ്, ബി. രതീഷ്, എം. പ്രേമന്, കള്ളിയത്ത് സത്താര്‍ ഹാജി തുടങ്ങിയവര്‍ സ്വീകരണത്തിനു നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.