കോഴിക്കോട്: ജനീവയിൽ ഈ മാസാവസാനം നടക്കുന്ന അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐ.എൽ.ഒ) 107ാം സമ്മേളനത്തിൽ ഐ.എൻ.ടി.യു.സിക്ക് വിലക്ക്. ഇന്ത്യയിൽനിന്ന് പങ്കെടുക്കുന്ന 11 ട്രേഡ് യൂനിയൻ നേതാക്കളിൽ രാജ്യത്തെ രണ്ടാമത്തെ തൊഴിലാളി സംഘടനയുടെ പ്രതിനിധിയില്ല. ഐ.എൻ.ടി.യു.സിയിലെ നേതൃതർക്കത്തിെൻറ പേരുപറഞ്ഞാണ് കേന്ദ്രസർക്കാർ പ്രാതിനിധ്യം ഒഴിവാക്കിയത്. കേന്ദ്ര തൊഴിൽമന്ത്രി ബന്ദാരു ദത്താത്രേയയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ 11 തൊഴിലുടമ സംഘടന പ്രതിനിധികളുമുണ്ട്. മേയ് 28 മുതൽ ജൂൺ ഒമ്പതുവരെയാണ് സമ്മേളനം. 11 അംഗ ട്രേഡ് യൂനിയൻ സംഘത്തിലെ നാലുപേരും ആർ.എസ്.എസ് തൊഴിലാളി വിഭാഗമായ ബി.എം.എസിെൻറ ദേശീയ നേതാക്കളാണ്.
എ.ഐ.ടി.യു.സിയിൽനിന്നും എച്ച്.എം.എസിൽനിന്നും രണ്ടുപേർ വീതവും സി.ഐ.ടി.യു, എ.ഐ.യു.ടി.യു.സി, ലേബർ പ്രോഗ്രസീവ് ഫെഡറേഷൻ (എൽ.പി.എഫ്) എന്നിവയിൽനിന്ന് ഒരാൾ വീതവുമുണ്ട്. സി.ഐ.ടി.യു ദേശീയ സെക്രട്ടറി എളമരം കരീം, എച്ച്.എം.എസ് ദേശീയ സെക്രട്ടറി തമ്പാൻ തോമസ് എന്നിവരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്ന മലയാളികൾ. കേന്ദ്ര സർക്കാറാണ് മുഴുവൻ ചെലവും വഹിക്കുന്നത്. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ ഐ.എൽ.ഒ ഗവേണിങ് ബോഡി അംഗമായിട്ടും അദ്ദേഹത്തെപ്പോലും കേന്ദ്രസർക്കാർ പരിഗണിച്ചില്ല.
ഐ.എൻ.ടി.യു.സിയിൽ ഗ്രൂപ് തർക്കത്തിെൻറ ഭാഗമായി ദേശീയ പ്രസിഡൻറ് സഞ്ജീവ റെഡ്ഡിക്കെതിരെ കോടതിയിൽ കേസുണ്ട്. അദ്ദേഹം സ്ഥാനത്ത് തുടരുന്നത് ചോദ്യംചെയ്ത് എതിർ ഗ്രൂപ് നേതാവ് ചന്ദ്രശേഖർ ദുബെയാണ് ഹരജി നൽകിയത്. ഇതിെൻറ പേരിലാണ് ഐ.എൽ.ഒ സമ്മേളനത്തിൽ യൂനിയന് പ്രാതിനിധ്യം നിഷേധിച്ചത്.നേതൃതർക്കം ഉള്ളതിനാൽ ഐ.എൻ.ടി.യു.സിയെ തൊഴിൽ ചർച്ചകൾക്ക് വിളിക്കേണ്ടതില്ലെന്നു കാണിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം നേരത്തേ ഉത്തരവിറക്കുകയും ചില സുപ്രധാന ചർച്ചകളിൽനിന്ന് മാറ്റിനിർത്തുകയും ചെയ്തിരുന്നു.
രണ്ടുമാസം മുമ്പ് നടക്കേണ്ടിയിരുന്ന ഇന്ത്യൻ ലേബർ കോൺഫറൻസ് ഐ.എൻ.ടി.യു.സിയെ വിളിക്കാത്തതിെൻറ പേരിൽ മറ്റു സംഘടനകൾ ബഹിഷ്കരിച്ചതിനാൽ മാറ്റിവെക്കേണ്ടിവന്നു.ഐ.എൻ.ടി.യു.സിയെ തകർത്ത് ബി.എം.എസിനെ വളർത്താനുള്ള ആസൂത്രിത നീക്കങ്ങളാണ് കേന്ദ്രസർക്കാറിെൻറ താൽപര്യത്തിൽ നടക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്.70 വർഷത്തെ പാരമ്പര്യമുള്ള ഐ.എൻ.ടി.യു.സി ഏറ്റവും കൂടുതൽ അംഗസംഖ്യയുള്ള ദേശീയ ട്രേഡ് യൂനിയനായിരുന്നു. ഇടക്കാലത്ത് ബി.എം.എസിന് ഈ പദവി ലഭിച്ചതോടെ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. നിലവിൽ സി.ഐ.ടി.യുവിന് അഞ്ചാം സ്ഥാനമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.