കോഴിക്കോട്: യമനിലെ ജയിലിൽ കഴിയുന്ന തന്റെ മകളുടെ വധശിക്ഷ ഒഴിവാക്കി മോചിപ്പിക്കാൻ എല്ലാവരും സഹായിക്കണമെന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. യമനിൽനിന്ന് ‘മാധ്യമ’ത്തോട് ഫോണിൽ സംസാരിക്കുകയായിരുന്നു അവർ.
അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ യമൻ പ്രസിഡന്റ് അംഗീകരിച്ചെന്നും ഇതിന്റെ രേഖകൾ പബ്ലിക് പ്രോസിക്യൂട്ടറുടെ കൈയിലാണുള്ളതെന്നും മോചനശ്രമവും നിയമസഹായവും യമനിൽ ഏകോപിപ്പിക്കുന്ന സാമുവൽ ജെറോം ‘മാധ്യമ’ത്തോട് പറഞ്ഞു. യമൻ പ്രസിഡന്റ് റഷാദ് അൽ അലിമിയാണ് നിമിഷപ്രിയയുടെ വധശിക്ഷക്ക് കഴിഞ്ഞ ദിവസം അനുമതി നൽകിയത്.
യമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ വധിച്ച കേസിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നഴ്സ് നിമിഷപ്രിയ 2017 മുതൽ യമൻ തലസ്ഥാനമായ സൻആയിലെ ജയിലിലാണ്. 2020ലാണ് വധശിക്ഷക്ക് വിധിച്ചത്. 2023 നവംബറിൽ യമൻ സുപ്രീം ജുഡീഷ്യൽ കൗൺസിൽ ശിക്ഷ ശരിവെച്ചു. തലാലിന്റെ കുടുംബത്തിന് ദയാധനം (ബ്ലഡ്മണി) നൽകി മോചനം സാധ്യമാക്കാൻ ശ്രമം നടത്തിയിരുന്നു. ചർച്ച തുടങ്ങാൻ 19,871 യു.എസ് ഡോളർ സമാഹരിച്ചു നൽകി. എന്നാൽ, 40,000 ഡോളർ വേണമെന്നായിരുന്നു ആവശ്യം.
2015 സൻആയിൽ തലാലിന്റെ സ്പോൺസർഷിപ്പിൽ നിമിഷപ്രിയ ക്ലിനിക് തുടങ്ങിയിരുന്നു. സഹപ്രവർത്തകയുമായി ചേർന്ന് തലാലിനെ വധിച്ചെന്നാണ് കേസ്. നിമിഷയുടെ മോചനവുമായി ബന്ധപ്പെട്ട് മാതാവ് പ്രേമകുമാരി 2024 ഏപ്രിലിലാണ് യമനിലേക്ക് പോയത്. ഇവർ രണ്ടുതവണ ജയിലിൽ മകളെ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.