കോഴിക്കോട്: സ്വർണത്തട്ടിപ്പ് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം തുടരുമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. തെരഞ്ഞെടുപ്പും അന്വേഷണവും തമ്മിൽ യാതൊരു ബന്ധവുമില്ല. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് കേന്ദ്ര ഏജൻസികൾ സംസ്ഥാനത്ത് എത്തിയതെന്നും മുരളീധരൻ പറഞ്ഞു.
കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ ജനങ്ങൾ നിരാകരിച്ചെന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല. ജനങ്ങളുടെ ക്ലീൻ ചിറ്റ് മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടില്ല. ഒരു തെരഞ്ഞെടുപ്പ് അടിസ്ഥാനമാക്കിയാണ് ക്ലീൻ ചിറ്റ് കിട്ടിയതെന്ന നിലപാടാണെങ്കിൽ, ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇനി ഭരിക്കാനില്ലെന്ന് പറഞ്ഞ് ഇറങ്ങിപോകണമായിരുന്നു എന്നും മുരളീധരൻ പറഞ്ഞു.
തട്ടിപ്പ് കേസിൽ തന്‍റെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് യാതൊരു ബന്ധവുമില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി ആദ്യം സ്വീകരിച്ചത്. ശിവശങ്കറിനെ മുഖ്യമന്ത്രി ഇപ്പോഴും സംരക്ഷിക്കുകയാണ്. സ്വർണക്കടത്ത് പോലെ പ്രധാനപ്പെട്ടതാണ് സർക്കാറിൽ സ്വാധീനം ചെലുത്തുന്ന വിവിധ വ്യക്തികൾ കേസിൽ ബന്ധപ്പെട്ടു നിൽക്കുന്നതെന്നും കേന്ദ്രമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.