പ്രവാസി വ്യവസായിയിൽനിന്ന് മരുമകൻ കോടികൾ തട്ടിയ കേസ്​: അന്വേഷണം ആരംഭിച്ചു

ആലുവ: പ്രവാസി വ്യവസായിയിൽനിന്ന് മരുമകൻ 108 കോടിയിലധികം രൂപയും 1000 പവനും തട്ടിയെടു​ത്തെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ആലുവ തൈനോത്തിൽ റോഡിൽ അബ്ദുൽ ലാഹിർ ഹസനിൽനിന്ന് കാസർകോട്​ സ്വദേശിയായ മുഹമ്മദ് ഹാഫിസ് കോടികൾ കൈക്കലാക്കിയെന്നാണ് കേസ്. ഹാഫിസിന്‍റെ പിതാവ് ഷാഫി, മാതാവ് ഐഷാ ബീവി, സുഹൃത്ത് അക്ഷയ് എന്നിവരാണ് മറ്റ്​ പ്രതികൾ.

എറണാകുളം റൂറൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ഡിവൈ.എസ്.പി വി.ആർ. രാജീവിനാണ് അന്വേഷണച്ചുമതല. ആഗസ്റ്റിലാണ് ലാഹിർ ആലുവ ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തെങ്കിലും തുടർനടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. പൊലീസ്​ പ്രതികൾക്ക് അനുകൂല നിലപാട്​ സ്വീകരിച്ചതായും ആരോപിച്ചിരുന്നു. ലാഹിർ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയെത്തുടർന്ന്​ അന്വേഷണത്തിൽനിന്ന് ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടിയെ ഒഴിവാക്കി, ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

പെരുംനുണകളിലൂടെയാണ് പല ഘട്ടങ്ങളായി മരുമകൻ പണം തട്ടിയെടുത്തതെന്നാണ് ലാഹിർ പറയുന്നത്. 42 വർഷമായി വിദേശത്ത് കെട്ടിട നിർമാണ സാമഗ്രി വ്യവസായവും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുകയാണ് ലാഹിർ. രണ്ട് ആൺമക്കളും ഒരു മകളുമാണുള്ളത്. അഞ്ചുവർഷം മുമ്പാണ്​ ഏക മകളെ ഇയാൾക്ക്​ വിവാഹം ചെയ്ത് നൽകിയത്. ഹാഫിസിന്‍റെ പിതാവിന് റോഡ് നിർമാണ കമ്പനിയാണ്. ഇവിടെ എൻഫോഴ്സ്മെൻറ് റെയ്ഡ് നടന്നുവെന്ന കഥയിലൂടെയാണ് തട്ടിപ്പിന് ഹാഫിസ് തുടക്കമിട്ടത്. റെയ്ഡിനെ തുടർന്ന് പിഴയടക്കാനെന്ന പേരിൽ 3.9 കോടി രൂപ വാങ്ങിയെടുത്തിരുന്നു. ബംഗളൂരുവിൽ കെട്ടിടം വാങ്ങാൻ പണം വാങ്ങിയെങ്കിലും നൽകിയത് വ്യാജരേഖകളായിരുന്നത്രെ.

ലാഹിർ ബംഗളൂരുവിൽ നേരിട്ട്​ പോയി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്നുള്ള അന്വേഷണത്തിൽ മറ്റ്​ തട്ടിപ്പുകളും വെളിവാകുകയായിരുന്നു. ഇക്കാര്യം മകൾ ഭർതൃവീട്ടുകാരെ അറിയിച്ചപ്പോൾ അവർ ഹാഫിസിനെ പിന്തുണക്കുകയായിരുന്നു. ഇതേതുടർന്ന് ലാഹിറിനൊപ്പം ദുബൈയിലേക്ക് പോയ മകൾ വിവാഹബന്ധം വേർപെടുത്താൻ കോടതിയെ സമീപിക്കുകയും ചെയ്തു. അക്ഷയ് തോമസ് വൈദ്യൻ എന്ന സുഹൃത്തുമായി ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നതെന്നും പരാതിയിൽ ലാഹിർ ആരോപിച്ചിരുന്നു.

Tags:    
News Summary - son-in-law extorting crores from pravasi businessman: investigation started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.