ചെറുകുളമ്പ് കെ.എസ്.കെ.എം.യു.പി സ്കൂളിൽ ഉച്ചഭക്ഷണത്തിൽ ക്രമക്കേട്: 5,20,745 രൂപ തിരിച്ചടക്കണമെന്ന് റിപ്പോർട്ട്

കോഴിക്കോട് : മലപ്പുറം ചെറുകുളമ്പ് കെ.എസ്.കെ.എം.യു.പി സ്കൂളിൽ ഉച്ചഭക്ഷണത്തിൽ ക്രമക്കേടെന്ന് ധനകാര്യ പരിശോധനാ റിപ്പോർട്ട്. സ്കൂളിൽ 2022-23 അധ്യയന വർഷം യഥാർഥ ഉപയോഗത്തെക്കാൾ അധികമായി 13,976 കിലോഗ്രാം അരി അനുവദിപ്പിച്ച് കൈപ്പറ്റിയയെന്നാണ് അന്വേഷണത്തിൽ കണ്ടത്തിയത്. അരി വിലയായ 5,20,745 രൂപ ആവർഷം സ്കൂളിൽ പ്രധാന അധ്യാപികയായി സേവനമനുഷ്ഠിച്ച അയിഷ, ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകൻ ഹംസ എന്നിവരിൽനിന്നും തുല്യമായി ഈടാക്കുന്നതിന് ഭരണവകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് ധനകാര്യ അഡീഷണൽ സെക്രട്ടറി കെ.എസ്. അജയകുമാറിന്റെ റിപ്പോർട്ട്.

സ്കൂളിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്ന അധ്യാപകനായ ഹംസ ഉച്ചഭക്ഷണത്തിനാവശ്യമായ അരിയുടെ സ്റ്റോക്കിൽ ക്രമക്കേട് കാട്ടിയെന്നും പരിശോധനയിൽ വ്യക്തമായി. പലവ്യഞ്ജനം വാങ്ങിയതുമായി ബന്ധപ്പെട്ട് അധ്യാപകൻ വ്യാജമായി വിവിധ കടകളുടെ പേരിലുള്ള ബില്ലുകൾ തയാറാക്കി സമർപ്പിച്ച് വൻ തുക കൈപ്പറ്റുകയും ചെയ്തു.ഭക്ഷണ സാമഗ്രികളുടെ വിലയും അളവും തന്നിഷ്ടപ്രാകരം നിർണയിക്കുന്നതിനും തുക കൈപ്പറ്റുന്നതിനും വ്യാജമായി ബില്ലുകൾ അധ്യാപകൻ തയാറാക്കിയത് ഗുരിതര ക്രിമിനൽ കുറ്റമാണ്. പ്രധാന അധ്യാപികക്കും മാനേജുമെ ന്റിനും ഇക്കാര്യത്തിൽ പൂർണ അറിവുണ്ടായി്രുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി. അതിനാൽ ഹംസക്കെതിരെ കർശനമായ വകുപ്പ് തല അച്ചടക്ക നടപടി സ്വീകരിക്കണെന്നും ശിപാർശ ചെയ്തു.

 


ഗുണമേന്മയുള്ള നിലയിൽ ഭക്ഷണം കുട്ടികൾക്ക് നൽകുന്നതിന് പകരം കാബേജ് കൊണ്ടുള്ള ഒരു തോരനും സാമ്പാർ എന്ന പേരിൽ സവാള, ഉരുളക്കിഴങ്ങ്, പേരിന് തക്കാളി എന്നിവ മാത്രം ചേർത്ത് ഗുണനിലവാരം തീരെയില്ലാത്ത കറിവെള്ളവും കുട്ടികൾക്ക് നൽകുന്നതാണ് പരിശോധനയിൽ കണ്ടെത്തിയത്. പരിശോധന നടക്കുന്ന ദിവസം പരിശോധനാ സംഘത്തിന്റെ മുമ്പിൽ വച്ചുതന്നെ 50 കി.ഗ്രാം അരി പാചകം ചെയ്യുകയും അത് പാചക തൊഴിലാളികളും ഉച്ചഭക്ഷണ ചാർജുള്ള അധ്യാപകനും അറിയിച്ചു. ഗുണനിലവാരമില്ലാത്ത ഭക്ഷണം കുട്ടികൾക്ക് നൽകുന്നത് ശ്രദ്ധയിൽ പെട്ടതിനാൽ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് വിശദമായ പരിശോധനക്ക് വിധേയമാക്കി.

രജിസ്റ്റർ പ്രകാരം ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണത്തിന് അനുസൃതമായി അനുബന്ധ ചെലവുകൾക്ക് അനുവദനീയമായ തുകയാണ് അനുവദിച്ചത്. വ്യഞ്ജന സാമഗ്രികൾ വാങ്ങുന്നത് സ്കൂളിന്റെ സമീപമുള്ള പ്രവാസി എന്ന പേരിലുള്ള സ്റ്റേഷനറി കടയിൽനിന്നാണ്. ആ കടയിൽ നിന്നും ഹംസ എന്ന അധ്യാപകൻ അവശ്യം വേണ്ട സാധന സാമഗ്രികൾ വാങ്ങി. കടയുടമ ദിവസവും വാങ്ങിയ സാധനങ്ങളുടെ വില ചെറിയ ഡയറിയിൽ കുറിച്ചുവെക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും തുകഅനുവദിക്കുമ്പോൾ കടയുടമക്ക് നൽകേണ്ട തുക നൽകും.

കടയുടമ സ്വന്തമായി ബിൽ ബുക്ക്‌ തയാറാക്കുകയോ അത് അധ്യാപകന് നൽകുകയോ ചെയ്തില്ല. അധ്യാപകൻ ഹംസ സ്വന്തമായി കടകളുടെ ബില്ലുകൾ പ്രിൻറ് ചെയ്ത് സൂക്ഷിക്കയും തന്റെ ഇഷ്ടാനുസരണം സാധന സാമഗ്രികളുടെ വിവരവും വിലയും എഴുതി ചേർക്കുകയും ചെയ്തു. അത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അയച്ച് തുക കൈപ്പറ്റുകയും ചെയ്തു. കടകളിൽനിന്ന് ലഭിക്കുന്ന ബില്ലുകളുടെ തുക വായിച്ചെടുക്കുവാൻ പ്രയാസമുള്ളതിനാൽ ആവശ്യമായ തിരുത്തലുകൾ വരുത്തി താൻ തന്നെ സ്വന്തമായി ബില്ലുകൾ തയാറാക്കിയെന്ന് അധ്യാപകൻ ഹംസ രേഖമൂലം പരിശോധന സംഘത്തെ അറിയിച്ചു. അത് പ്രധാന അധ്യാപിക സാക്ഷ്യപ്പെടുത്തുകയും ചെയ്തു.

2022-23 അധ്യയന വർഷം അനുവദിച്ച അരിയുടേയും ഉപയോഗിച്ച അരിയുടേയും അളവിൽ വ്യക്തമായ അന്തരം ഉണ്ട്. ഈവർഷം 13,976 കിലോഗ്രാം അരി ഉപയോഗിക്കാതെ ഉപയോഗിച്ചു എന്ന് രേഖപ്പെടുത്തി കൈപ്പറ്റിയെന്നും പരിശോധനയിൽ കണ്ടെത്തി.

Tags:    
News Summary - Irregularity in mid-day meal at Cherukulambu KSKMUP School: Rs 5,20,745 to be refunded, reported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.