തിരുവനന്തപുരം: പട്ടികവർഗ ഓഫീസുകളിലെ ക്രമക്കേടുകളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു. ഇടുക്കി ജില്ലയിലെ മറയൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന്റെ പരിധിയിലെ അഴിമതി ആരോപണം സംബന്ധിച്ച് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ, വിജിലൻസ് റിപ്പോർട്ട് ലഭിച്ചിട്ടില്ല.
പത്തനംതിട്ട ജില്ലയിൽ ട്രൈബൽ ഡവലപ്മെന്റ് ഓഫീസിന്റെ പരിധിയിൽ "ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം" പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച കേസിൽ വിജിലൻസ് റിപ്പോർട്ട് ലഭിച്ചു. വകുപ്പിൽ നിന്നും പ്രോസിക്യൂഷൻ അനുമതി നൽകിയിട്ടുണ്ട്.
ഇടുക്കി ജില്ലയിൽ ഇടമലക്കുടിയിൽ 2008 മുതൽ 2011 വരെയുള്ള ഭവനനിർമ്മാണം, ആടുവളർത്തൽ, റബ്ബർ കൃഷി എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി. വകുപ്പ് തലത്തിൽ തുടർനടപടി സ്വീകരിക്കുവാൻ ശുപാർശ ചെയ്തു.
നെടുമങ്ങാട് ഐ.ടി.ഡി പ്രോജക്ട് ഓഫീസിനു കീഴിൽ ഭക്ഷ്യ സഹായ പദ്ധതിയിലെ അഴിമതി ആരോപണം കേസ് രജിസ്റ്റർ ചെയ്തു. 2015 ജനുവരി 28ന് പ്രോസിക്യൂഷൻ അനുമതി നൽകി. എന്നാൽ വിജിലൻസ് അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടില്ല. ജനനീ ജന്മരക്ഷാ പദ്ധതി നടത്തിപ്പിലെ തുക വിതരണം ചെയ്തതിലുണ്ടായ ക്രമക്കേട് സംബന്ധിച്ച് വിജിലൻ കേസ് രജിസ്റ്റർ ചെയ്തു. റിപ്പോർട്ട് ലഭിച്ചിട്ടില്ല.
കണ്ണൂർ ഐ.ടി.ഡി പ്രോജക്ട് ഓഫീസിന്റെ അധികാരപരിധിയിൽ ആലക്കോട് സൈറ്റ് മാനേജർ, ഭവന നിർമാണവുമായി ബന്ധപ്പെട്ട് 10,000 രൂപ കൈക്കൂലി വാങ്ങിയതിനെ തുടർന്ന് അറസ്റ്റ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്തു. സ്പെഷ്യൽ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും രാധാകൃഷ്ണൻ നജീബ് കാന്തപുരം, ടി.വി. ഇാഹിം, പി. അബ്ദുൽ ഹമീദ്, എൻ. ഷംസുദീൻ എന്നിവർക്ക് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.