തിരുവനന്തപുരം: ഒമ്പത് ലക്ഷത്തിലേറെപ്പേരുടെ ആരോഗ്യവിവരങ്ങൾ കനേഡിയൻ കമ്പനിയിലേക്ക് ചോർന്നത് സംബന്ധിച്ച വിവാദങ്ങൾ ശക്തിപ്പെടുേമ്പാഴും പ്രതികരിക്കാതെ ആരോഗ്യ വകുപ്പ്. വിവരങ്ങൾ ഡേറ്റ സെൻററിൽ സുരക്ഷിതമാണെന്ന് നേരത്തേ വിശദീകരിച്ചെങ്കിലും സർവേ നടത്തിയ സമയത്തുതന്നെ സോഫ്റ്റ്വെയറിലെ പഴുതിലൂടെ വിവരങ്ങൾ കനേഡിയൻ കമ്പനിക്ക് ചോർന്നുകിട്ടിയെന്ന വിവരം പുറത്തുവന്നിരുന്നു.
ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രി ബന്ധപ്പെട്ട അധികൃതരോട് വിശദാംശങ്ങൾ തേടിയിരുന്നു. എന്നാൽ, പിന്നീട് പ്രതികരണമൊന്നുമുണ്ടായില്ല. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കിയിരുന്നു.
ആരോഗ്യ വകുപ്പിലെ ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് കനേഡിയൻ ഏജൻസിയുടെ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്ത ടാബുകൾ നൽകിയായിരുന്നു സർവേക്ക് അയച്ചത്. ടാബിലൂടെ ശേഖരിക്കുന്ന പൊതുജനങ്ങളുടെ ആരോഗ്യവിവരം വിദേശ ഏജൻസിക്ക് നൽകുകയായിരുന്നു. വിവരം സംസ്ഥാന ഡേറ്റ സെൻററിൽ മാത്രമാണ് സൂക്ഷിക്കുന്നതെന്ന് ആരോഗ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു വിവര കൈമാറ്റം.
കേരള ഹെൽത്ത് ഒബ്സർവേറ്ററി ബേസ്ലൈൻ സ്റ്റഡി എന്ന പേരിൽ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് തുടങ്ങുകയും എൽ.ഡി.എഫ് കാലത്ത് കിരൺ എന്ന പേരിൽ പുനരാരംഭിക്കുകയും ചെയ്ത സർവേയിൽ ക്രമീകരണങ്ങൾ ഒന്നുതന്നെയായിരുന്നു. മലയാളികൾക്കിടയിലെ ഹൃദയാഘാതം, പ്രമേഹം എന്നീ രോഗങ്ങളെ കുറിച്ചും ജീവിതശൈലി, ചികിത്സാരീതി എന്നിവ സംബന്ധിച്ചും കിരൺ സർവേയിൽ ശേഖരിച്ച വിവരങ്ങൾ കനേഡിയൻ കമ്പനിയിലെത്തി എന്നതിന് അടിവരയിടുന്നതാണ് അനുബന്ധമായി നടന്ന മരുന്ന് പരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.