െകാച്ചി: െഎ.എസ്.ആർ.ഒ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണനെ വ്യാജ കേസിൽ കുടുക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ മുൻ ഡി.ജി.പി സെൻകുമാറിനെതിരെ അന്വേഷണം നടക്കുകയാണെന്ന് സർക്കാർ ഹൈകോടതിയിൽ. ഇൗ സാഹചര്യത്തിൽ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ അംഗമായി സെൻകുമാറിനെ നിയമിക്കാനാവില്ലെന്നും സർക്കാർ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു. തന്നെ കെ.എ.ടി അംഗമാക്കാൻ ശിപാർശയുണ്ടായിട്ടും തടയാൻ സർക്കാർ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി സെൻകുമാർ നൽകിയ ഹരജിയിലാണ് സർക്കാറിെൻറ വിശദീകരണം.
നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണൻ തിരുവനന്തപുരം സബ് കോടതിയിൽ നൽകിയ പരാതിയിൽ ഏഴാം എതിർ കക്ഷിയാണ് സെൻകുമാറെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ചാരക്കേസിെൻറ അന്വേഷണ ചുമതല സെൻകുമാറിന് ഉണ്ടായിരുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ച് കേസിൽ തുടരന്വേഷണത്തിന് അനുമതി വാങ്ങിയത് സെൻകുമാറാണ്. സെൻകുമാർ മാധ്യമങ്ങൾക്ക് ഈ വാർത്ത നൽകിയതിലൂടെ കനത്ത മാനനഷ്ടമുണ്ടായെന്നാണ് നമ്പി നാരായണെൻറ പരാതിയിലുള്ളത്. ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി. പരാതിയിൽ അന്വേഷണം പൂർത്തിയാകാതെ കെ.എ.ടി അംഗമായി നിയമിക്കാനാവില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
കെ.എ.ടി അംഗമായി നിയമിക്കാൻ താനുൾപ്പെട്ട പട്ടിക 2016 ഒക്ടോബറിൽ ചീഫ് ജസ്റ്റിസ് അടങ്ങുന്ന സെലക്ഷൻ സമിതി അന്തിമമാക്കിയിരുന്നതായി സെൻകുമാറിെൻറ ഹരജിയിൽ പറയുന്നു. ഇൗ പട്ടികയിലുണ്ടായിരുന്ന വി. സോമസുന്ദരത്തിന് ഈ വർഷം ജനുവരി 31ന് നിയമനം ലഭിച്ചു. എന്നാൽ, സർക്കാർ തന്നോട് വിവേചനം കാട്ടുകയാണ്. നിരന്തരം കേസുകൾ നൽകി കെ.എ.ടി അംഗമാകുന്നത് ബോധപൂർവം തടയാൻ ശ്രമിക്കുകയാണ്. ഇതിലൂടെ വൻ സാമ്പത്തികനഷ്ടമാണ് തനിക്കുണ്ടാകുന്നത്. അതിനാൽ, നഷ്ടപരിഹാരം നൽകാൻ സർക്കാറിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ടാണ് സെൻകുമാർ ഹരജി നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.