തൃശൂർ: രാജ്യത്തെ 12 പൊതുമേഖല ബാങ്ക് ഡയറക്ടർ ബോർഡുകളിൽ ജീവനക്കാർക്കും ഓഫിസർമാർക്കും പ്രാതിനിധ്യം ഇല്ലാതായിട്ട് 10 വർഷം. ആകെ 186 ഡയറക്ടർമാരിൽ 60 സ്ഥാനവും ഒഴിഞ്ഞുകിടക്കുമ്പോൾ അതിൽ 24 എണ്ണം ജീവനക്കാരുടെയും ഓഫിസർമാരുടെയും പ്രതിനിധികളാണ്. ഇതുമൂലം ബാങ്ക് ബോർഡുകളിൽ ഈ വിഭാഗങ്ങളുടെ വിഷയം ഉന്നയിക്കാനുള്ള അവസരമാണ് നഷ്ടമാകുന്നത്.
1955ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1970-‘80ലെ ബാങ്കിങ് കമ്പനീസ് (അക്വിസിഷൻ ആൻഡ് ട്രാൻസ്ഫർ അണ്ടർടേക്കിങ്സ്) ആക്ട് എന്നിവ പ്രകാരമാണ് വിവിധ വിഭാഗങ്ങളുടെ ഡയറക്ടർമാരെ ബോർഡുകളിൽ ഉൾപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്നത്. ഓഫിസർമാർക്കും ജീവനക്കാർക്കും പുറമെ നിക്ഷേപകൻ, ഓഹരി ഉടമ, കർഷകൻ, ചെറുകിട വ്യവസായി, ബാങ്കിങ് വിദഗ്ധൻ, ചാർട്ടേഡ് അക്കൗണ്ടന്റ്, സാമ്പത്തിക വിദഗ്ധൻ, നിയമവിദഗ്ധൻ, സഹകരണ മേഖലയുടെ പ്രതിനിധി തുടങ്ങിയ മേഖലകളിൽനിന്നുള്ളവരെയും ബോർഡിൽ ഉൾപ്പെടുത്തണം. ഒരു പതിറ്റാണ്ടായി ഇത് പാലിക്കാത്തതിനാൽ പല വിഭാഗങ്ങളുടെയും ബാങ്കിങ് താൽപര്യങ്ങൾ ബോർഡിലും അതുവഴി ബാങ്കിന്റെ സമീപനത്തിലും പ്രതിഫലിക്കുന്നില്ല. ഓഹരി ഉടമകളുടെ പ്രാതിനിധ്യം പലപ്പോഴും നികത്തുന്നത് സാധാരണ ഓഹരി ഉടമക്ക് പകരം ബാങ്കുകളിൽനിന്നും ഇൻഷുറൻസ് കമ്പനികളിൽനിന്നും ഉന്നത പദവികളിൽനിന്ന് വിരമിച്ചവരെ നിയമിച്ചാണ്.
എല്ലാ ബാങ്ക് ബോർഡിലും ജീവനക്കാരുടെയും ഓഫിസർമാരുടെയും ഓരോ പ്രതിനിധി വേണമെന്ന വ്യവസ്ഥ അട്ടിമറിക്കുന്നതാണ് ഇതിൽ ഏറ്റവും ഗുരുതരമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് നൽകിയ കത്തിൽ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. ഈ സമീപനം ആശാസ്യമല്ലെന്നും കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.