തൊടുപുഴ: സബ്സിഡി തുക ഏഴ് മാസമായി കുടിശ്ശികയായതോടെ സംസ്ഥാനത്തെ ജനകീയ ഹോട്ടലുകളുടെ നിലനിൽപ് പ്രതിസന്ധിയിൽ. വിലക്കയറ്റം കൂടിയായപ്പോൾ മുന്നോട്ടുപോകാനാകാതെ പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. പ്രതിസന്ധി രൂക്ഷമായിട്ടും കുടിശ്ശിക അനുവദിക്കുന്നത് സംബന്ധിച്ച് സർക്കാർ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായിട്ടില്ല.
‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി 2020-21 സാമ്പത്തിക വർഷമാണ് കുടുംബശ്രീകൾ വഴി സംസ്ഥാനത്ത് ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. 14 ജില്ലകളിലായി 1116 ഹോട്ടലാണ് പ്രവർത്തിക്കുന്നത്. കൂടുതൽ ഹോട്ടലുകൾ മലപ്പുറം ജില്ലയിലും (140 എണ്ണം) കുറവ് കാസർകോട്ടുമാണ് (46). ഇരുന്ന് കഴിക്കുന്ന ഊണിന് 20 രൂപയും പാർസലിന് 25 രൂപയും ഈടാക്കാനാണ് ഹോട്ടലുകൾക്കുള്ള നിർദേശം.
ഒരു ഊണിന് സർക്കാർ പത്ത് രൂപ സബ്സിഡി നൽകും. ഇതാണ് മാസങ്ങളായി നിലച്ചിരിക്കുന്നത്. ചില ഹോട്ടുലകൾക്ക് സബ്സിഡി നിലച്ചിട്ട് ഒരുവർഷമായി. എറണാകുളം ജില്ലയിലെ ഹോട്ടലുകൾക്ക് 2022 മാർച്ചിലാണ് ഒടുവിൽ സബ്സിഡി ലഭിച്ചത്.
തിരുവനന്തപുരത്ത് 2022 മേയിക്ക് ശേഷവും കണ്ണൂരിൽ ജൂണിന് ശേഷവും തൃശൂർ പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിൽ ജൂലൈക്ക് ശേഷവും കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ആഗസ്റ്റിന് ശേഷവും പത്തനംതിട്ടയിൽ സെപ്റ്റംബറിന് ശേഷവും സബ്സിഡി ലഭിച്ചിട്ടില്ല. കുടിശ്ശിക തീർക്കുന്ന വിഷയം പരിശോധിച്ചുവരുന്നു എന്നതാണ് ഇപ്പോഴും തദ്ദേശ വകുപ്പിന്റെ മറുപടി.സബ്സിഡി കിട്ടാതായതിന് പുറമെ അരിയടക്കം പലവ്യഞ്ജനങ്ങളുടെയും പച്ചക്കറികളുടെയും പാചകവാതകത്തിന്റെയും വില വർധിച്ചതും ജനകീയ ഹോട്ടലുകൾക്ക് കനത്ത തിരിച്ചടിയായി. ലോക്ഡൗൺ കാലത്തടക്കം പ്രതിസന്ധിഘട്ടങ്ങളിൽ ജനകീയ ഹോട്ടലുകൾ പൊതുജനങ്ങൾക്ക് ഏറെ ആശ്വാസമായിരുന്നു. സബ്സിഡി എല്ലാ മാസവും കൃത്യമായി അക്കൗണ്ടിൽ എത്തുമെന്നായിരുന്നു വാഗ്ദാനം.
പ്രവർത്തനം തുടങ്ങിയ ആദ്യമാസങ്ങളിൽ മുടങ്ങാതെ ലഭിച്ചിരുന്നതിനാൽ പല ജനകീയ ഹോട്ടലുകളുടെയും പ്രവർത്തനം മാതൃകാപരമായിരുന്നു. എന്നാൽ, സബ്സിഡി നിലച്ചതോടെ ദിവസവും നിരവധി സാധാരണക്കാർ ആശ്രയിക്കുന്ന ഹോട്ടലുകൾ തുടരാൻ കഴിയാത്ത അവസ്ഥയിലാണ് നടത്തിപ്പുകാർ. പലരും കടം വാങ്ങിയാണ് ഹോട്ടലുകളുടെ ദൈനംദിന പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.