തീവ്രവാദ സംഘടനയായ ആർ.എസ്.എസ് നിയന്ത്രിക്കുന്ന സർക്കാർ ഒരു മുസ്ലിം സംഘടനയെ നിരോധിക്കുന്നത് വിരോധാഭാസം -എം.എ.ബേബി

ദില്ലി: പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ നടത്തിയ റെയ്ഡും അതിൻറെ നേതാക്കളുടെ അറസ്റ്റും ഉപയോഗിച്ച് ഇന്ത്യയിൽ വലിയൊരു മുസ്ലിം പേടി (ഇസ്ലാമോഫോബിയ) ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാറെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നതിലൂടെ ഇന്ത്യയിൽ ന്യൂനപക്ഷ വർഗീയതയെയോ അതിലെ അക്രമകാരികളെയോ ഇല്ലാതാക്കാനാവില്ല. ഭൂരിപക്ഷമതതീവ്രവാദ സംഘടനയായ ആർ.എസ്.എസിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഒരു മുസ്ലിം സംഘടനയെ നിരോധിക്കുന്നത് വിരോധാഭാസമാണെന്നു മാത്രമല്ല അവരുടെ വർഗീയരാഷ്ട്രീയലക്ഷ്യം സാധിക്കാനുള്ള നടപടിയുമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു..

പി.എഫ്.ഐയെയും അവരുടെ രാഷ്ട്രീയത്തെയും നഖശിഖാന്തം എതിർക്കുമ്പോഴും പി.എഫ്.ഐയെ ഉപയോഗിച്ച് ആർഎസ്എസ് നടത്തുന്ന അപകടകരമായ രാഷ്ട്രീയനീക്കത്തെ കാണാതിരിന്നുകൂട.പോപ്പുലർ ഫ്രണ്ട് തീവ്രവാദ വീക്ഷണങ്ങൾ പുലർത്തുകയും എതിരാളികൾക്കെതിരെ അക്രമാസക്തമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന സംഘടനയാണ്. ഈ തീവ്രവാദ വീക്ഷണങ്ങളെ സി.പി.എം ശക്തമായി എതിർക്കുകയും പോപ്പുലർ ഫ്രണ്ടിന്റെ അക്രമപ്രവർത്തനങ്ങളെ എന്നും അപലപിക്കുകയും ചെയ്തിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിൻറെ ആക്രമണങ്ങൾക്ക് ഏറ്റവുമധികം ഇരയായിട്ടുള്ളതും സി.പി.എം ആണ്. കേരളത്തിന് പുറത്ത് പോലും കാമ്പസ് ഫ്രണ്ട് പോലെയുള്ള പോപ്പുലർ ഫ്രണ്ട് സംഘടനകൾക്ക് മുഖ്യശത്രു എസ്.എഫ്.ഐ ആയിരുന്നു.

ന്യൂനപക്ഷങ്ങൾക്കിടയിൽ കമ്യൂണിസ്റ്റ് വിരുദ്ധപ്രത്യയശാസ്ത്രത്തിന് സ്വാധീനം ഉണ്ടാക്കാൻ അവർ ആവുന്നതെല്ലാം ചെയ്തു. എന്നിരുന്നാലും, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിന് (യുഎപിഎ) കീഴിലുള്ള നിയമവിരുദ്ധ സംഘടനയായി പി.എഫ്.ഐയെ വിജ്ഞാപനം ചെയ്യുന്നത് ഈ പ്രശ്നം പരിഹരിക്കാനുള്ള മാർഗമല്ല. ആർ.എസ്.എസ്, മാവോയിസ്റ്റ് തുടങ്ങിയ സംഘടനകളുടെ നിരോധനം ഫലപ്രദമല്ലെന്ന് മുൻകാല അനുഭവങ്ങൾ തെളിയിക്കുന്നു. നിയമവിരുദ്ധമോ അക്രമാസക്തമോ ആയ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴെല്ലാം പി.എഫ്.ഐക്കെതിരെ നിലവിലുള്ള നിയമങ്ങൾ പ്രകാരം കർശനമായ ഭരണപരമായ നടപടിയുണ്ടാകണം. അതിന്റെ വിഭാഗീയവും ഭിന്നിപ്പിക്കുന്നതുമായ പ്രത്യയശാസ്ത്രം തുറന്നുകാട്ടുകയും ജനങ്ങൾക്കിടയിൽ രാഷ്ട്രീയമായി പോരാടുകയും വേണമെന്നും ബേബി പറഞ്ഞു.

പി.എഫ്.ഐയെ ഉള്ളതിലും വലിയ ഒരു ഭീകരസ്വത്വമാക്കി പെരുപ്പിച്ച് കാണിച്ച് ഇന്ത്യയിലെ ഭൂരിപക്ഷസമുദായം അപകടത്തിലാണ് എന്ന് വരുത്തിത്തീർക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു എന്നു വേണം കരുതാൻ. മതതീവ്രവാദികളോട് ഒരു ഒത്തുതീർപ്പുമില്ല, അതേസമയം പിഎഫ്ഐ എന്ന ഉമ്മാക്കി കാണിച്ച് ഇന്ത്യയിലെ ഫാഷിസത്തിന് ആളെ കൂട്ടാൻ നടത്താനുള്ള ശ്രമത്തെ തുറന്നു കാണിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവരുതെന്നും അദ്ദേഹം കുറിച്ചു.

Tags:    
News Summary - It is ironic that a government controlled by the terrorist organization RSS bans a Muslim organization - MA Baby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.