കിട്ടാനുള്ളത് 57,000 കോടിയല്ല, 3100 കോടി മാത്രം; കണക്ക്​ നിരത്തി വാദം, പൊളിച്ച്​ പ്രതിപക്ഷം

 തിരുവനന്തപുരം: കേന്ദ്രത്തിൽനിന്ന് കിട്ടാനുണ്ടെന്ന് സർക്കാർ ആവർത്തിക്കുന്ന 57,000 കോടിയെന്നത് കണക്ക് നിരത്തി തെറ്റാണെന്ന് സ്ഥാപിച്ച് പ്രതിപക്ഷം. ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്രധനമന്ത്രിക്കയച്ച കത്തിലെ വിവരങ്ങൾ സഹിതമാണ് സർക്കാർ കണക്കുകൾ പ്രതിപക്ഷം അടിയന്തര പ്രമേയവേളയിൽ ചോദ്യം ചെയ്തത്. 57,000 കോടിയാണ് കിട്ടാനുള്ളതെന്ന് ധനമന്ത്രി പറയുന്നുണ്ടെങ്കിലും അദ്ദേഹം കേന്ദ്ര ധനമന്ത്രിക്ക് അയച്ച കത്തില്‍ 32,000 കോടിയെന്നാണ് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. റവന്യൂ ഡെഫിസിറ്റ് ഗ്രാന്റും ജി.എസ്.ടി നഷ്ടപരിഹാരവും കടമെടുപ്പ് പരിധിയും കഴിഞ്ഞാല്‍ 3600 കോടി മാത്രമാണ് കിട്ടാനുള്ളത്. ജി.എസ്.ടി കോമ്പന്‍സേഷന്‍ അഞ്ചു വര്‍ഷത്തേക്ക് മാത്രമേ നല്‍കൂവെന്ന് ജി.എസ്.ടി ആക്ടിലുണ്ട്. ഇതില്‍നിന്ന് പെന്‍ഷന്റെ പണമായി 500 കോടി ലഭിച്ചു. ഫലത്തിൽ കേന്ദ്രം തടഞ്ഞുവെച്ചത് 3100 കോടി രൂപയാണെന്നാണ് സംസ്ഥാന ധനമന്ത്രി അയച്ച കത്തില്‍ പറയുന്നത്. മുന്‍ ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റില്‍ പറയുന്നത് 5132 കോടിയാണ്.

ഒരു സംസ്ഥാനത്തിന് റവന്യൂ ന്യൂട്രൽ റേറ്റ് 14 ശതമാനത്തിന് താഴെയാണെങ്കിലാണ് നഷ്ടപരിഹാരത്തിന് അർഹത. അങ്ങനെ അഞ്ചു വര്‍ഷവും കിട്ടി. 2021-22, 2022-23 സാമ്പത്തിക വര്‍ഷങ്ങളില്‍ 20 ശതമാനം ജി.എസ്.ടി വളര്‍ച്ചയുണ്ടായെന്നാണ് മുഖ്യമന്ത്രി തനിക്ക് നല്‍കിയ കത്തില്‍ പറയുന്നത്. 20 ശതമാനം വളര്‍ച്ചനിരക്കെന്നത് വാദത്തിന് സമ്മതിച്ചാല്‍ ജി.എസ്.ടി നഷ്ടപരിഹാരത്തിന് കേരളം പുറത്താകും. നടപ്പ് വര്‍ഷം ഡിസംബര്‍ 31 വരെ 12 ശതമാനം വളര്‍ച്ചയെന്നാണ് ജി.എസ്.ടി റിപ്പോര്‍ട്ടില്‍ പറയുന്നത്.

കേരളത്തെക്കുറിച്ച് പഠിക്കാന്‍ 22 ശതമാനം വളര്‍ച്ചയുളള ഹരിയാനയില്‍നിന്ന് ആളുകള്‍ വരുന്നുണ്ടെന്നാണ് ധനമന്ത്രി പറയുന്നത്.

റോജി എം. ജോണാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. പ്രമേയം നിയമസഭ തള്ളി. കഴിഞ്ഞ അടിയന്തര പ്രമേയ ചർച്ചക്കുള്ള മറുപടിയിൽ പറഞ്ഞ കാര്യങ്ങളാണ് ഇക്കുറിയും ആവർത്തിച്ചതെന്നും നിലപാട് മാറ്റാൻ പോലും സർക്കാർ തയാറാകുന്നില്ലെന്നും ആരോപിച്ച് ചർച്ചക്കൊടുവിൽ പ്രതിപക്ഷം സഭ വിട്ടു.

സ്വർണവിൽപനയിൽ 20 ശതമാനത്തിനുപോലും നികുതിയില്ല

ഇന്ത്യയിലേക്കെത്തുന്ന 800 ടൺ സ്വർണത്തിൽ 150 ടൺ സ്വർണവും കേരളത്തിലാണ് വിൽക്കുന്നത്. ആകെ വിൽക്കുന്നതി‍െൻറ 20 ശതമാനംപോലും നികുതി പരിധിയിൽ വരാതെ വെട്ടിക്കുകയാണ്. ഗ്രാമിന് 500 രൂപ ഉണ്ടായിരുന്ന കാലത്തെ നികുതിയാണ് ഇപ്പോഴും സംസ്ഥാനത്തിന് ലഭിക്കുന്നത്. 2017ൽ 629 കോടിയാണ് സ്വർണത്തിൽനിന്നുള്ള നികുതി വരുമാനം.ഇപ്പോഴിത് 569 കോടിയാണ്. 2017 ൽ ഗ്രാമിന് 2250 രൂപയായിരുന്നു വില. എന്നാൽ, ഇപ്പോൾ 5000ത്തിന് മുകളിലും.

Tags:    
News Summary - It is not 57,000 crores, but only 3100 crores; Argument by calculation, opposition by demolishing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.