അത് മനുഷ്യ ജീവന്‍റേതല്ല; മുണ്ടക്കൈയിൽ സിഗ്നൽ കിട്ടിയ സ്ഥലത്തെ പരിശോധന നിർത്തി; ഒന്നും കണ്ടെത്താനായില്ല

മേപ്പാടി: ഉദ്വേഗത്തിന്‍റെ മണിക്കൂറുകൾക്കൊടുവിൽ ആ പ്രതീക്ഷയും അസ്തമിച്ചു, മരണഭൂമിയായ മുണ്ടക്കൈയിൽ ജീവന്‍റെ തുടിപ്പ് തേടിയുള്ള പരിശോധന വിഫലം. റഡാറിൽ ജീവന്‍റെ സാന്നിധ്യമുള്ള സിഗ്നലുകൽ ലഭിച്ചതോടെയാണ് പരിശോധന നടത്തിയത്. ആദ്യം രണ്ടു തവണ റഡാർ പരിശോധന നടത്തി മണ്ണു മാറ്റിയെങ്കിലും ഒന്നും കണ്ടെത്താനാകാതെ വന്നതോടെ രക്ഷാദൗത്യം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചിരുന്നു.

പിന്നാലെ മൂന്നാമതും റഡാർ പരിശോധന നടത്തി. സിഗ്നലിൽ വീണ്ടും ജീവന്‍റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് കൂടുതൽ മണ്ണു മാന്തി ഉൾപ്പെടെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തുന്നത്. ജീവന്‍റെ തുടിപ്പ് തേടി രാത്രിയിലും അത്യപൂർവ രക്ഷാദൗത്യമാണ് പ്രദേശത്ത് നടന്നത്. റഡാർ പരിശോധനയിൽ മണ്ണിനടിയിൽനിന്ന് ലഭിച്ച രണ്ടു സിഗ്നലുകളും ശക്തമായതിനാലാണ് പരിശോധന തുടരാൻ തീരുമാനിച്ചത്. മൂന്നു മീറ്റർ താഴ്ചയിൽനിന്നാണ് ശ്വാസമിടിപ്പിന്‍റെ സിഗ്നലുകൾ ലഭിച്ചത്. മനുഷ്യനോ, ജീവികളോ ആകാമെന്ന നിഗമനത്തിലായിരുന്നു ദൗത്യസംഘം. ദുർഘടമായ സാഹചര്യത്തിൽ അതീവ ശ്രദ്ധയോടെയായിരുന്നു പരിശോധന. വീടിന്‍റെ അടുക്കള ഭാഗത്താണ് പരിശോധന നടത്തിയത്. വീട്ടിലെ മൂന്നുപേരെ കാണാതായിട്ടുണ്ട്. തിരച്ചിലിനായി ഫ്ലഡ് ലൈറ്റുകളെല്ലാം സ്ഥലത്തെത്തിച്ചിരുന്നു.

പ്രദേശത്തിന്‍റെ നിയന്ത്രണം പൂർണമായി സൈന്യം ഏറ്റെടുത്തു. ഒടുവിൽ റഡാർ സംഘം അതൊരു മനുഷ്യശ്വാസത്തിന്‍റെ സിഗ്നലല്ലെന്നും ജീവികളുടേതാകാമെന്നും ഉറപ്പിക്കുകയായിരുന്നു. തിരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല. നേരത്തെ, സിഗ്നൽ ലഭിച്ച സ്ഥലത്ത് മണ്ണും കല്ലും നീക്കി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. രണ്ടാമതും റഡാർ പരിശോധന നടത്തിയപ്പോഴും ജീവന്റെ തുടിപ്പ് കണ്ടെത്തി. മുണ്ടക്കൈ അങ്ങാടിയിൽ അത്യാധുനിക തെർമൽ ഇമേജ് റഡാർ (ഹ്യൂമൻ റെസ്‌ക്യൂ റഡാർ) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയിൽ രണ്ടു തവണ സിഗ്നൽ ലഭിച്ചത്. തുടർന്ന് കലുങ്കിനുള്ളിലിറങ്ങി മണ്ണും കല്ലും മാറ്റി രക്ഷാപ്രവർത്തകർ പരിശോധന നടത്തുകയായിരുന്നു.

വീടും കടയും ചേർന്ന കെട്ടിടം നിന്നിരുന്ന സ്ഥലത്താണ് സിഗ്നൽ കാണിച്ചത്. ഇതനുസരിച്ച് കട നിന്നിരുന്ന സ്ഥലത്തെ മണ്ണും കോൺക്രീറ്റ് ഭാഗങ്ങളും മാറ്റിയാണ് പരിശോധന നടത്തിയത്. 50 മീറ്റർ ചുറ്റളവിലാണ് സിഗ്നൽ ലഭിച്ചത്. ശ്വസനവും ജീവനുമുള്ള വസ്തുക്കളുടെ ബ്ലൂ സിഗ്നലാണ് ലഭിച്ചത്. റഷ്യൻ നിർമിത റഡാർ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. ഈ വീട്ടിൽനിന്ന് മൂന്നുപേരെ കാണാതായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കും മൺകൂമ്പാരത്തിനുമടിയിൽ നിശ്ചിത താഴ്ചയിലും പരപ്പിലും ജീവന്റെ ഒരു കണികയെങ്കിലുമുള്ള മനുഷ്യരോ മൃഗങ്ങളോ ഉണ്ടെങ്കിൽ റഡാറിൽ സിഗ്നൽ കാണിക്കും.

സിഗ്നൽ ലഭിച്ചതോടെ ഹിറ്റാച്ചി ഉപയോഗിച്ച് ഏറെ ശ്രദ്ധയോടെയാണ് മണ്ണ് നീക്കിയത്. 40 ഇഞ്ച് കോൺക്രീറ്റ് പാളിക്കടിയിൽ വരെ ആളുണ്ടെങ്കിൽ സിഗ്നൽ കാണിക്കും. പ്രദേശത്ത് ഫയർ ആൻഡ് റെസ്‌ക്യൂ സേനയും സൈനികരും മറ്റ് സന്നദ്ധ സംഘടനാ പ്രവർത്തകരുമുണ്ട്. വെള്ളിയാഴ്ച രാവിലെ പടവെട്ടിക്കുന്നിൽ സൈന്യം നടത്തിയ രക്ഷാപ്രവർത്തനത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് നാലുപേരെ ജീവനോടെ കണ്ടെത്തിയിരുന്നു.

ദുരന്തത്തിന്റെ നെഞ്ചുലക്കുന്ന കാഴ്ചകൾക്കിടയിലാണ് പ്രതീക്ഷ പകരുന്ന പുതിയ വാർത്തയെത്തിയത്. രണ്ടു സ്‍ത്രീകളെയും രണ്ടു പുരുഷന്മാരെയുമാണ് രക്ഷപ്പെടുത്തിയത്. ജോണി, ജോമോൾ, എബ്രഹാം മാത്യു, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയതെന്ന് തിരിച്ചറിഞ്ഞു. ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് നാലുപേരെ ജീവനോടെ സൈന്യം കണ്ടെത്തിയത്. തുടർന്ന് ഇവരെ വ്യോമമാർഗം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.

നാലുദിവസമായി ഒരു വീട്ടിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവർ. രക്ഷപ്പെടുത്തിയ പെൺകുട്ടിയുടെ കാലിന് പരിക്കുണ്ട്. ജീവനോടെ രക്ഷപ്പെടുത്താൻ ആരും ബാക്കിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സൈന്യം അറിയിച്ചിരുന്നത്. അതിനിടെയാണ് നാലുപേരെ ജീവനോടെ കണ്ടെത്തിയത്. ജീവന്റെ തുടിപ്പ് തേടി സൈന്യം ഓരോയിടത്തും തിരച്ചിൽതുടരുകയാണ്.

Tags:    
News Summary - It is not the signal of human breathing; The rescue operation stopped at Mundakai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.