തിരുവനന്തപുരം: തെന്നിന്ത്യയിലെ കുട്ടികളുടെയും സ്ത്രീകളുടെ മികച്ച ആരോഗ്യ കേന്ദ്രമായ തിരുവനന്തപുരം ശ്രീ അവിട്ടം തിരുന്നാൽ (എസ്.എ.ടി) ആശുപത്രിയിൽ പ്രസവാനന്തര ധനസഹായമായ 42.56 ലക്ഷം രൂപ വിതരണം ചെയ്തിട്ടെല്ലന്ന് ഓഡിറ്റ് റിപ്പോർട്ട്. കേന്ദ്ര സർക്കാർ അനുവദിച്ച ജനനി സുരക്ഷാ യോജന (ജെ.എസ്.വൈ) പദ്ധതിയുടെ തുകയാണ് ചെലവഴിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തിയത്.
ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന് (എൻ.ആർ.എച്ച്.എം) കീഴിലുള്ള സുരക്ഷിത മാതൃത്വ ഇടപെടലാണ് ഈ പദ്ധതി. പാവപ്പെട്ട ഗർഭിണികൾക്കിടയിൽ മാതൃ, നവജാതശിശു മരണനിരക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 100 ശതമാനം കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്. ഡെലിവറി, പ്രസവാനന്തര പരിചരണം എന്നിവക്കാണ് ധനസഹായം നൽകുന്നത്. സർക്കാരും പാവപ്പെട്ട ഗർഭിണികളും തമ്മിലുള്ള ഫലപ്രദമായ കണ്ണിയായിട്ടാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്.
എസ്.എ.ടിയിൽ ഓഡിറ്റിന് ഹാജരാക്കിയ രേഖകൾ പരിശോധിച്ചതിൽ 2022 ഏപ്രിൽ ഒന്ന് മുതൽ 2023 ജനുവരി 31വരെയുള്ള കാലയളവിലെ 6849 ജെ.എസ്.വൈ കേസുകളിൽ പേയ്‌മെന്റ് തീർപ്പാക്കിയിട്ടില്ല. പദ്ധതിയിൽ 5,38,300 തുക 769 ഗുണഭോക്താക്കൾക്ക് 2023 മാർച്ചിൽ വിതരണം ചെയ്തു. ബാക്കിയുള്ള 6080 ക്ലെയിമുകൾ ഇപ്പോഴും തീർപ്പുകൽപ്പിക്കപ്പെട്ടിട്ടില്ല. അമ്മമാർക്കുള്ള ധനസഹായം പ്രധാനമായും പ്രസവാനന്തര ചെലവ് നിറവേറ്റുന്നതിനാണ്. അതിനാൽ 6080 ഗുണഭോക്താക്കൾക്ക് 42,56,000 രൂപ വിതരണം ചെയ്യാത്തത് അധികൃതരുടെ ഗുരുതര വീഴ്ചയാണെന്ന് പരിശോധനയിൽ കണ്ടെത്തി.
എസ്.എ.ടി ആശുപത്രി സാധാരണക്കാരുടെ അഭയം കേന്ദ്രമാണ്. വളരെ കുറഞ്ഞ ചെലവിൽ സ്ത്രീകൾക്കും കുട്ടികൾക്കും ആരോഗ്യ പരിചരണം ലഭിക്കുന്നു. സാധാരണക്കാരിൽ സാധാരണക്കാരായ ആളുകളാണ് ജനറൽ വാർഡുകളിൽ എത്തുന്നത്. അവർക്ക് അനുവദിച്ച 42 ലക്ഷം രൂപ പ്രസവ പരിചരണത്തിനുള്ളതായിരുന്നു. സാധാരണക്കാരായ സ്ത്രീകൾക്ക് ലഭിക്കേണ്ട ഈ തുക വിതരണം ചെയ്യുന്നതിൽ വീഴ്ചവരുത്തി എന്നാണ് പരിശോധനയിൽ എ.ജി കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.