ധർമടം ഗ്രാമപഞ്ചായത്ത് പല പദ്ധതികളുടെയും ഫണ്ട് വിനിയോഗിച്ചിട്ടില്ലെന്ന് എ.ജിയുടെ റിപ്പോർട്ട്

കോഴിക്കോട്: കണ്ണൂരിലെ ധർമടം ഗ്രാമപഞ്ചായത്ത് പല പദ്ധതികളുടെയും ഫണ്ട് വിനിയോഗിച്ചിട്ടില്ലെന്ന് എ.ജിയുടെ (അക്കൗണ്ടന്റ് ജനറലിന്റെ) റിപ്പോർട്ട്. 2020-21ലേക്ക് അനുവദിച്ച പട്ടികജാതി പ്രത്യേക ഘടക പദ്ധതി (എസ്.സി.പി), പട്ടികവർഗ ഉപപദ്ധതി (ടി.എസ്.പി) എന്നിവക്ക്  അനുവദിച്ച തുകയും ചെലവഴിച്ചില്ല.

ഗ്രാമപഞ്ചായത്തിന് ഖര മാലിന്യ സംസ്കരണത്തിന് 2018-19ൽ അനുവദിച്ച 15 ലക്ഷം രൂപയുടെ എസ്.ബി.എം ഫണ്ട് വിനിയോഗിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. 2021 മാർച്ച് 31ന് ഫണ്ട് സറണ്ടർ ചെയ്തു.

ധനകാര്യ കമീഷന്റെ മാർഗനിദേശങ്ങളും സർക്കാർ ഉത്തരവുകളും ലംഘിച്ചാണ് കേന്ദ്ര ധനകാര്യ കമീഷന്റെ ഗ്രാന്റ് 7.7 ലക്ഷം ചെലവഴിച്ചത്. കേന്ദ്ര ഫണ്ടിൽനിന്ന് 5.51 ലക്ഷം രൂപക്ക് രണ്ട് പദ്ധതികൾ തയാറാക്കുകയും ചെയ്തു. ഇതെല്ലാം പഞ്ചായത്തിന്റെ ക്രമരഹിത പ്രവർത്തനങ്ങളാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

പദ്ധതികൾ ഫണ്ടുകൾ ലഭിച്ചിട്ടും 2019-20 കാലയളവിൽ ചെലവുകളൊന്നും നടത്തിയില്ല. ഗ്രാമപഞ്ചായത്തിന് 2018-19 കാലയളവിൽ പി.ബി.എം.ജി ഫണ്ട് പൂർണമായി വിനിയോഗിക്കാനായില്ല. 3.53 ലക്ഷം രൂപ തുടർന്നുള്ള വർഷങ്ങളിലേക്ക് മാറ്റി. ഇതിന്റെ വിനിയോഗം ഗ്രാമ പഞ്ചായത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 2020-21 കാലയളവിൽ അനുവദിച്ച പി.ബി.ഐ.ജി ഫണ്ട് പൂർണമായും വിനിയോഗിച്ചില്ല. ഒമ്പത് ലക്ഷം രൂപ ഇപ്പോഴും ഉപയോഗിക്കാതെ കിടക്കുന്നു.

ഗ്രാമപഞ്ചായത്ത് എസ്.ബി.എം ഫണ്ടുകൾക്കായി പ്രത്യേകം ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടില്ല. സ്വച്ഛ് ഭാരത് മിഷന്റെ കീഴിൽ ഏറ്റെടുത്ത എല്ലാ പ്രവർത്തനങ്ങളും രേഖപ്പെടുത്തുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടില്ല. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ എടുക്കുന്നവർക്ക് നൽകേണ്ട വേതന നിരക്ക് നിർവചിച്ചിരുന്നു. എന്നാൽ, ഗ്രാമപഞ്ചായത്ത് കൂലിയിനത്തിൽ 7.71 ലക്ഷം രൂപ അധികമായി ചെലവഴിച്ചുവെന്ന് പരിശോധനയിൽ കണ്ടെത്തി.

നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാമിന്റെ (എൻ.എ.എസ്) ഒരു ഘടകമായി നടപ്പിലാക്കിയ ഒരു വാർധക്യ പെൻഷൻ പദ്ധതിയാണ് ഇന്ദിരാഗാന്ധി നാഷണൽ ഓൾഡ് ഏജ് സ്കീം. ഈ പദ്ധതി നടപ്പാക്കിയത് സംബന്ധിച്ച് പരിശോധിച്ചപ്പോൾ ഗുണഭോക്താക്കൾ മരിച്ചതിന് ശേഷവും വാർധക്യപെൻഷൻ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തതായി കണ്ടെത്തി. സർക്കാർ ഉത്തരവിലെ മാർഗ നിർദേശങ്ങൾ പാലിക്കാതെ പട്ടികജാതി യുവാവിന് വിദേശത്ത് തൊഴിൽ ലഭിക്കുന്നതിന് ധനസഹായം നൽകി.

ധനസഹായം ലഭിച്ചയാളുടെ റേഷൻ കാർഡ് പ്രകാരം അയാൾ നേരത്തെ പ്രവാസിയാണ്. സർക്കാർ ഉത്തരവിലെ നിബന്ധനകൾ പാലിക്കാതെയാണ് പ്രവാസിയായ ആളിന് ഒരു ലക്ഷം രൂപ അനുവദിച്ചത്. ഗുണഭോക്താവ് പദ്ധതിയിലെ ധനസഹായത്തിന് അർഹനാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാത്തപക്ഷം തുക ഉദ്യോഗസ്ഥന്റെ ബാധ്യതയായി കണക്കാക്കാമെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - It is reported that Dharmadam gram panchayat has not utilized the funds of many projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.