തൃശൂർ: വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ വിശ്വസ്ത പങ്കാളിയെന്ന നിലയിൽ യു.ഡി.എഫ്-എൽ.ഡി.എഫ് സർക്കാറുകൾ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിയുടെ ഐ.ടി വിഭാഗത്തിന് മോട്ടോർ വാഹന വകുപ്പ് നൽകിയത് ആസ്തി വിവരങ്ങൾ. നിർമിതബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) സഹായത്തിൽ മോട്ടോർ വാഹന വകുപ്പിൽ ഐ.ടി സാങ്കേതികവിദ്യ എത്തിക്കുകയെന്ന പരീക്ഷണ പദ്ധതിക്കായാണ് ഉൗരാളുങ്കൽ സൊസൈറ്റിയുടെ ഐ.ടി വിഭാഗമായ യു.എൽ.ടി.എസിന് വാഹനങ്ങളും കമ്പ്യൂട്ടറുകളുമുൾപ്പെടെയുള്ള വിവരം കൈമാറിയത്.
2020 ജനുവരി 10നായിരുന്നു യു.എൽ.ടി.എസ് ഇതുസംബന്ധിച്ച കത്ത് മോട്ടോർ വാഹന വകുപ്പിന് കൈമാറിയത്. ട്രാൻസ്പോർട്ട് കമീഷണർ ഏപ്രിൽ 27ന് അംഗീകാരം നൽകുകയും ജില്ല ഓഫിസുകൾ വിവരങ്ങൾ യു.എൽ.ടി.എസിന് കൈമാറുകയും ചെയ്തു. അറ്റകുറ്റപ്പണി ചെലവ്, സേവന ചെലവ് എന്നിവ കൂടി ഉൾപ്പെടുന്ന അസറ്റ് രജിസ്റ്റർ നൽകുന്ന പ്രവൃത്തി ജൂലൈയിൽ പൂർത്തിയായി.
കെൽട്രോണും സി-ഡിറ്റും നിർവഹിച്ചിരുന്ന ഐ.ടി സേവനങ്ങൾ ക്രമേണ നഷ്ടമാകുമെന്ന അവസ്ഥയിലെത്തുകയും പല പദ്ധതികളും താൽക്കാലിക വ്യവസ്ഥയിൽ യു.എൽ.ടി.എസിന് ലഭിക്കുകയും ചെയ്തു. അതേസമയം, മോട്ടോർ വാഹന വകുപ്പ് ഭേദഗതി നിയമത്തിെൻറ പശ്ചാത്തലത്തിൽ ഡ്രൈവിങ് പരീക്ഷകൾ നടത്തി ലൈസൻസ് നൽകുന്ന നടപടി സ്വകാര്യ ഗ്രൂപ്പുകളെ ഏൽപിക്കാനുള്ള നടപടികൾ തുടങ്ങി. വിഡിയോ കാമറ നിരീക്ഷണത്തിൽ കമ്പ്യൂട്ടർവത്കൃത ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകൾ കാസർകോട്, തളിപ്പറമ്പ്, എറണാകുളം ജില്ലകളിൽ നടപ്പാക്കിയതിന് സാങ്കേതിക സഹായം നൽകിയത് യു.എൽ.ടി.എസായിരുന്നു.
മാത്രമല്ല, മൂന്ന് മോട്ടോർ വാഹന വകുപ്പ് ഓഫിസുകളിൽ ലൈസൻസ് അച്ചടിച്ചുകൊടുക്കുന്നതുൾപ്പെടെ നടപടികൾ രണ്ടുമാസം ഊരാളുങ്കൽ ഏറ്റെടുത്തത് വിവിധ സംഘടനകളുടെ എതിർപ്പിനിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.